•  3 Jul 2025
  •  ദീപം 58
  •  നാളം 17
ലേഖനം

കാര്‍ഗില്‍ പാഠമാവാതെ പാക്കിസ്ഥാന്‍

കാര്‍ഗില്‍ വിജയദിനമായ ജൂലൈ 26 ന് ലഡാക്കിലെ ദ്രാസില്‍ കാര്‍ഗില്‍ യുദ്ധസ്മാരകത്തിനുമുമ്പില്‍ ഭീകരതയ്‌ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വരമുയര്‍ന്നതിനു തൊട്ടുപിറ്റേന്ന് ഭീകരര്‍ക്കൊപ്പം പാക്കിസ്ഥാന്‍ സൈനികരും ചേര്‍ന്ന് ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തി. അതിര്‍ത്തിയിലെ കുപ്‌വാരമേഖലയിലെ ഇന്ത്യന്‍ ആര്‍മി ബങ്കറിനു നേര്‍ക്കാണ് പാക്കിസ്ഥാന്‍ സേനാംഗങ്ങള്‍ അടങ്ങുന്ന ഭീകരസംഘം ആക്രമണം നടത്തിയത്. പാക്കിസ്ഥാന്‍ എന്നും ഭീകരതയ്‌ക്കൊപ്പമെന്നു തെളിയിച്ച ആക്രമണത്തില്‍ നമ്മുടെ രാജ്യത്തിനു നഷ്ടമായത് ഒരു സൈനികന്റെ ജീവന്‍! ഒരു മേജര്‍ അടക്കം നാലു സൈനികര്‍ പരിക്കേറ്റു ചികിത്സയില്‍. അന്താരാഷ്ട്രവേദിയില്‍ പതിവുപോലെ തങ്ങള്‍ക്കു പങ്കില്ല എന്നു വാദിക്കാനാവാത്തവിധം ഇന്ത്യന്‍ പ്രത്യാക്രമണത്തില്‍ പാക്കിസ്ഥാനു നഷ്ടമായത് അവരുടെ ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ സൈനികനെ. 2021 ല്‍ ബിഎസ്എഫും, ബിഎടി യും  തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനുശേഷം ആദ്യമായാണ് പാക്കിസ്ഥാന്‍സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയില്‍ നേരിട്ട് ആക്രമണത്തിനു മുതിര്‍ന്നത് എന്നതു ശ്രദ്ധേയം. കുറച്ചുനാളുകള്‍ക്കുശേഷം എന്താവാം പാക്കിസ്ഥാനെ ഇതിനു പ്രേരിപ്പിച്ചത്?  ഇന്ത്യ നടത്തിയ ഉറി, ബലാകോട്ട് സര്‍ജിക്കല്‍ സ്‌ട്രൈക്കുകളും അതില്‍ നഷ്ടപ്പെട്ട നിരവധി സൈനികജീവനുകളും ഒരു ഓര്‍മപ്പെടുത്തലായി കണ്‍മുന്നില്‍ നില്‍ക്കുമ്പോഴും, ഏറ്റവും ദുര്‍ഘടമേറിയ കാര്‍ഗിലില്‍നിന്നു തുരത്തിയോടിക്കപ്പെട്ട അനുഭവമുള്ളപ്പോഴും എന്താവാം കാരണം? 

    അതിര്‍ത്തിയില്‍ ഇന്ത്യന്‍ ക്യാമ്പുകള്‍ക്കുനേരേ വെടിയുതിര്‍ക്കുകയും അങ്ങനെ ഇന്ത്യന്‍ സൈനികരുടെ ശ്രദ്ധ തിരിച്ച് ഭീകരര്‍ക്ക് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ അവസരമൊരുക്കുകയും ചെയ്യുക എന്നതായിരുന്നു മുന്‍കാലങ്ങളില്‍ പാക്ക്‌സൈന്യത്തിന്റെ രീതി. അതിശൈത്യത്തിന്റെ മുന്നോടിയായിട്ടുള്ള കാലഘട്ടത്തിലാണ് അവര്‍ ഇതു ചെയ്തിരുന്നത്. ബലാക്കോട്ട് ആക്രമണത്തിനു മറുപടിയായുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കിനെത്തുടര്‍ന്നാണ് അവര്‍ ഈ രീതി അവസാനിപ്പിച്ചത്. പക്ഷേ, ഇത്തവണ ഇരുരാജ്യങ്ങളിലെയും സൈനികര്‍തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്കു മാറിമറിയുന്നു എന്നതാണ് ഇവിടെ പ്രാധാന്യമര്‍ഹിക്കുന്നത്.
കാശ്മീര്‍ ഇപ്പോഴും തങ്ങളുടെ മുന്‍ഗണനാവിഷയമാണെന്ന സൂചന ഈ ആക്രമണത്തിലൂടെ നല്‍കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുവെന്നതാണ് ഒരു കാര്യം. കൂടാതെ, ആര്‍ട്ടിക്കിള്‍ 370 റദ്ദുചെയ്തതും സെപ്റ്റംബര്‍ 30 നുമുമ്പ് കാശ്മീരില്‍ തിരഞ്ഞെടുപ്പു നടക്കുമെന്നതും പാക്കിസ്ഥാനെ വിറളിപിടിപ്പിച്ചിട്ടുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് കാശ്മീരില്‍ വികസനം വളര്‍ന്നുതുടങ്ങിയത് തങ്ങളുടെ വിഘടനവാദ പ്രവര്‍ത്തനങ്ങളിലേക്കു യുവാക്കളെ ആകര്‍ഷിക്കുന്നതിനു വിഘാതമാവുന്നുവെന്നത് അവര്‍ തിരിച്ചറിയുന്നു.
പാക്ക്-അഫ്ഗാന്‍ അതിര്‍ത്തിയിലെ ഖുറം പ്രദേശത്തടക്കം നടക്കുന്ന ഷിയാ-സുന്നി ആഭ്യന്തരകലാപത്തില്‍ മരണസംഖ്യ 45 ആയി. ആധുനികായുധങ്ങള്‍ ഉപയോഗിച്ചാണ് കലാപം അരങ്ങേറുന്നത്. അവിടെനിന്നുള്ള ശ്രദ്ധ തിരിക്കാനും പാക്കിസ്ഥാന് ആശ്രയം മുന്‍പതിവുപോലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തുകയെന്നതാണ്. 
     കാര്‍ഗില്‍ യുദ്ധത്തെത്തുടര്‍ന്ന് തകര്‍ന്നുതരിപ്പണമായ പാക് സാമ്പത്തികമേഖലയുടെ ഇപ്പോഴത്തെ അവസ്ഥ അതിദയനീയമാണ്. ജനങ്ങള്‍ക്ക് അരിയോ ഗോതമ്പോ ഉള്ളിയോ മണ്ണെണ്ണയോ വാഹനങ്ങള്‍ക്കുള്ള ഇന്ധനമോ ഒന്നും ലഭിക്കാത്ത അവസ്ഥയാണ്. പലയിടങ്ങളിലും ജനങ്ങള്‍ കടകള്‍ കൊള്ളയടിക്കുന്ന അവസ്ഥയിലേക്കു മാറിയിട്ടുണ്ട്. ഈ വേളയില്‍ പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം വിദേശസാമ്പത്തികസഹായം അത്യന്താപേക്ഷിതമാണ്. ഒരു യുദ്ധമുണ്ടായാല്‍ ലഭിച്ചേക്കാവുന്ന ഭീമമായ വിദേശസഹായധനവും അവര്‍ ഉന്നംവയ്ക്കുന്നു. 
ഒപ്പംതന്നെ, പാക്കിസ്ഥാനും അമേരിക്കയും കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ സംയുക്തസേനാഭ്യാസങ്ങളെക്കൂടി ഈ അവസരത്തില്‍ നാം നോക്കിക്കാണേണ്ടതുണ്ട്. ചൈനാബന്ധത്തില്‍ അസ്വസ്ഥരായി അകലംപാലിച്ചുനിന്നിരുന്ന അമേരിക്ക പാക്കിസ്ഥാനോടു വീണ്ടും അടുക്കുന്നതിന്റെ ലക്ഷണമായി ഇതിനെ കാണണം. കുറച്ച് അമേരിക്കന്‍സൈനികരെ തങ്ങളുടെ രാജ്യത്ത് ക്യാമ്പു ചെയ്യാനും പാക്കിസ്ഥാന്‍ അനുവദിച്ചിട്ടുണ്ട്. അമേരിക്ക നൂറുമില്യന്‍ ഡോളറിന്റെ സാമ്പത്തികസഹായം നല്‍കി എന്നതും ശ്രദ്ധേയം. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ റഷ്യാസന്ദര്‍ശനം അമേരിക്കയെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കിയത്. വിദേശമാധ്യമങ്ങള്‍ വന്‍പ്രാധാന്യം നല്‍കിയാണ് ഈ സന്ദര്‍ശനം റിപ്പോര്‍ട്ടു ചെയ്തത്. നെഹ്‌റുവിന്റെ കാലംമുതല്‍ ഇന്ത്യയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ റഷ്യയെ, യുക്രെയ്ന്‍ യുദ്ധത്തിന്റെ പേരില്‍ പാശ്ചാത്യരാജ്യങ്ങളില്‍നിന്നു നേരിടുന്ന ഉപരോധത്തിന്റെ ആക്കം കുറച്ച് രക്ഷപ്പെടുത്തിയത് ഇന്ത്യയാണ്. അമേരിക്കയുടെ താക്കീതു വകവയ്ക്കാതെ ഉറ്റസഖ്യകക്ഷിയോടുള്ള വിശ്വസ്തത എന്ന നിലയില്‍ ഇന്ത്യ റഷ്യയില്‍നിന്ന് വന്‍തോതില്‍ ഇന്ധനം ഇറക്കുമതി ചെയ്യുന്നതും അതിനു ഡോളര്‍ ഒഴിവാക്കിയതും അമേരിക്കയ്ക്കു തിരിച്ചടിയായി. ആയതുകൊണ്ടുതന്നെ, ഇന്ത്യന്‍ അതിര്‍ത്തിയില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ പാക്കിസ്ഥാന് രഹസ്യപിന്തുണ നല്‍കുന്ന അമേരിക്ക പക്ഷേ, നമ്മുടെ  അതിര്‍ത്തിയില്‍ ചൈന നടത്തുന്ന ആക്രമണങ്ങള്‍ക്കു നേരേ കണ്ണടച്ചുനില്‍ക്കുകയും ചെയ്യുന്നു.
 ഏഷ്യാവന്‍കരയില്‍ ഇന്ത്യയും ചൈനയും വലിയ ശക്തിയായി നില്‍ക്കുമ്പോള്‍ തങ്ങള്‍ക്കു നഷ്ടപ്പെട്ട രാഷ്ട്രീയവ്യാപാരസൈനികസ്വാധീനത്തെക്കുറിച്ച് ഉത്തമബോധ്യമുള്ള അമേരിക്കയ്ക്ക് കളിപ്പാട്ടമാക്കാവുന്ന ഏകരാജ്യം കൂലിത്തല്ലുകാരന്റെ  റോളില്‍ നിലകൊള്ളുന്ന പാക്കിസ്ഥാന്‍മാത്രമാണ്.
എന്നാല്‍, ഇപ്പോള്‍ ഇന്ത്യ പാലിക്കുന്ന മൗനത്തെ ഏറെ തന്ത്രപ്രധാനമായാണ് ലോകരാഷ്ട്രങ്ങള്‍ നോക്കിക്കാണുന്നത്. അപ്രതീക്ഷിതമായി പ്രതികരിക്കുന്ന ഒരു നയമാണ്  കുറേക്കാലമായി ഇന്ത്യ പിന്തുടരുന്നത്. നമ്മള്‍ പലതവണ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ അതിന്റെ തെളിവുകളാണ്. പാക്കിസ്ഥാനെ അപേക്ഷിച്ച് ഒരു വന്‍ശക്തി എന്ന നിലയില്‍ കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയ്ക്ക് അന്തര്‍ദേശീയസാഹചര്യങ്ങള്‍ക്കനുസരിച്ചേ പ്രതികരിക്കാന്‍ സാധിക്കൂ. ചൈനയില്‍ പ്രസിഡന്റ് ഷി ജിന്‍ പിങ് മരണപ്പെട്ടു എന്നൊക്കെയുള്ള സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പരക്കുമ്പോള്‍ ചൈനീസ് അതിര്‍ത്തിയില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ബംഗ്ലാദേശിലെ സംവരണസമരം കലാപമായതോടെ അഭയാര്‍ഥിപ്രവാഹത്തില്‍ ബംഗ്ലാ അതിര്‍ത്തിയില്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇതിനൊക്കെയപ്പുറം, വിവിധ യുദ്ധങ്ങളാല്‍ ലോകസാമ്പത്തികക്രമം പതറിനില്‍ക്കുന്ന ഈ വേളയില്‍ ഒരു തുറന്ന യുദ്ധം നമ്മുടെ രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്ക് വിഘാതമാവും. ഒരു താക്കീത് എന്ന നിലയിലുള്ള ആക്രമണത്തിനപ്പുറം ഒരിക്കലും മറക്കാത്ത ആക്രമണാനുഭവം പാക്കിസ്ഥാനു നല്‍കാനുള്ള തയ്യാറെടുപ്പിലും ചര്‍ച്ചയിലുമാണ് നമ്മുടെ രാഷ്ട്രീയസൈനികനേതൃത്വം. അതിനുള്ള അധികാരം 2024 ജൂണില്‍ ജി സെവന്‍ ഉച്ചകോടിക്ക്  ഇറ്റലിക്ക് പുറപ്പെടും മുമ്പ് പ്രധാനമന്ത്രി മോദി സൈന്യത്തിനു നല്‍കുകയും ചെയ്തിട്ടുണ്ട്. എന്തായാലും നമ്മുടെ രാജ്യത്തിന്റെ പരമാധികാരം കാത്തുസൂക്ഷിക്കേണ്ടതിന് ഒരു തിരിച്ചടി അത്യന്താപേക്ഷിതമാണുതാനും.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)