ഓണം പ്രതീക്ഷയുടെ മഹോത്സവമാണ്. ഐശ്വര്യത്തിലേക്കുള്ള പ്രതീക്ഷ. സമ്പദ്‌സമൃദ്ധിയിലേക്കുള്ള പ്രതീക്ഷ. ശാന്തിക്കും സമാധാനത്തിനുംവേണ്ടിയുള്ള പ്രതീക്ഷ. കള്ളവും ചതിയും കൊള്ളയുമില്ലാത്ത സുരഭിലസുന്ദരമായ ഒരു കാലാവസ്ഥയിലേക്കുള്ള മോഹനപ്രതീക്ഷ. കാരണം, പണ്ടെങ്ങോ ഈ നാട്ടില്‍ ഉണ്ടായിരുന്നതായി പറഞ്ഞുമാത്രം കേട്ടിട്ടുള്ള ഒരു സ്വപ്നഭൂമി വീണ്ടും വന്നുഭവിക്കുമെന്നുള്ള അതിമോഹം. വെറുതെ മോഹിക്കാനുള്ള മോഹമാണെന്നറിയാമെങ്കില്‍ക്കൂടി, അങ്ങനെ ചിന്തിക്കുന്നതില്‍ ഒരു ലഹരിയുണ്ട്, ഒരനുഭൂതിയുണ്ട്. അതുകൊണ്ടാണ്, എന്നും നമ്മുടെ മനസ്സില്‍ ഓണത്തെപ്പറ്റിയുള്ള സ്മരണകള്‍ സുഗന്ധപൂരിതമായി ത്രസിച്ചുനില്‍ക്കുന്നതും.
ഓണാഘോഷം കഴിഞ്ഞാല്‍ത്തന്നെ, പിറ്റേന്നുമുതല്‍ അടുത്ത ഓണത്തിനായി മലയാളി കാത്തിരിക്കുന്നു. ഇതെല്ലാം അതിശയോക്തിയല്ലേയെന്നു ചിന്തിക്കുന്നവരുണ്ടാകാം. പട്ടിണിയും ദാരിദ്ര്യവുമൊക്കെ അരങ്ങുതകര്‍ത്തുകൊണ്ടിരുന്ന കാലത്തല്ലേ ഓണത്തിന്റെ പ്രസക്തിയെന്നാകും അവരുടെ ചോദ്യം. ഒരര്‍ഥത്തില്‍, സത്യമാണ്. പണ്ടൊക്കെ ഓണമെന്നു പറഞ്ഞാല്‍ സദ്യ, പുത്തന്‍വസ്ത്രങ്ങള്‍, കളികള്‍ എന്നാണ് മനസ്സിലെ ചിത്രം. ഇന്നു മലയാളികള്‍ക്ക് അത്ര ദാരിദ്ര്യമൊന്നുമില്ല. സദ്യയിലോ പുത്തനുടുപ്പുകളിലോ അത്ര കമ്പവുമില്ല. ഇതൊക്കെ ഏതാണ്ട് സര്‍വസാധാരണമായി മാറിയിരിക്കുന്നു അഥവാ നമ്മുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെട്ടിരിക്കുന്നു.
എന്നിരുന്നാലും, ഈ മെച്ചപ്പെട്ട അവസ്ഥയിലും ഓണാവേശം മലയാളികള്‍ക്ക് അശേഷം കുറഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല, പ്രത്യേകിച്ചും മറുനാടന്‍ മലയാളികളില്‍. ലോകത്തെവിടെയുള്ള പ്രവാസിമലയാളികളും ഓണനാളില്‍ ഒത്തുകൂടാറുണ്ട്. ഓണത്തിനു വീട്ടിലെത്താന്‍ കഴിയാത്തതിന്റെ ഗൃഹാതുരനൊമ്പരത്തോടെയാണവിടെ മലയാളികള്‍ ആഹ്ലാദത്തിമിര്‍പ്പില്‍ പങ്കെടുക്കുന്നത്.
പത്തുവര്‍ഷംമുമ്പ്, അമേരിക്കയിലെ ന്യൂജേഴ്‌സിയിലുള്ള ഒരു ക്രിസ്ത്യന്‍കുടുംബത്തിലായിരുന്നു ഞങ്ങളുടെ ഓണാഘോഷം. ഉച്ചയൂണിനു ക്ഷണിച്ചതുതന്നെ 'സദ്യ റെഡി' എന്നു പറഞ്ഞുകൊണ്ടായിരുന്നു! ഊണുമേശയിലെത്തിയപ്പോള്‍ അദ്ഭുതപ്പെട്ടുപോയി. നല്ല തൂശനില നിറയെ വിഭവങ്ങള്‍! തൂശനിലയായിരുന്നു പ്രധാന അദ്ഭുതം. ഒരു മാസംമുമ്പ് ഓര്‍ഡര്‍ ചെയ്തതാണ്! ബോട്‌സ്വാനയില്‍നിന്നുള്ളതാണീ ഇല! അതിഥികളുണ്ടാകുമെന്നു കരുതിയല്ല ഇലയുടെ ഇറക്കുമതി!
''ഓണത്തിന് ഇലയിട്ടുണ്ടില്ലെങ്കില്‍, പിന്നെന്തു സദ്യ?'' വീട്ടുടമയുടെ കമന്റ്. അതാണ് മലയാളി. അതുതന്നെയാണ് ഓണവും.
ഓണം മലയാളിയുടെ മനസ്സിന്റെ ഈണമാണ്, രാഗവും താളവും ലയവുമാണ്. അതവരുടെ ലഹരിയാണ്. മലയാളിയുടെ സ്വന്തം ആഘോഷം. സ്വന്തം അഹങ്കാരം. ലോകത്തു മറ്റൊരിടത്തും എല്ലാ ജാതി, മതരാഷ്ട്രീയകക്ഷികളും ഒന്നിച്ചാഘോഷമാക്കുന്ന മറ്റൊരുത്സവമില്ല. ഒരേ ആവേശത്തോടെയാകണമെന്നില്ല ഈ ആഘോഷം. ഓരോ വിഭാഗത്തിനും ഓണാഘോഷം വ്യത്യസ്തമായിരിക്കും. ഒരു ദിവസംമുതല്‍ 28 ദിവസം വരെ ചെറിയ രീതിയില്‍ ഓണം ആഘോഷിക്കുന്നവര്‍ ഇന്നും കേരളത്തിലില്ലാതില്ല. പക്ഷേ, തിരുവോണം എല്ലാവര്‍ക്കും പൊന്നോണംതന്നെ.
''ഇരവിപ്പെരുമാളാണ് തൃക്കാക്കര ഓണമഹോത്സവം മഹാബലിയുടെ ഓര്‍മയ്ക്കായി തുടങ്ങിവച്ചതെന്നാണ് ചരിത്രം. ഒരു മാസം നീണ്ടുനിന്നിരുന്ന ഉത്സവം, ചിങ്ങമാസത്തിലെ തിരുവോണത്തിനായിരുന്നു അവസാനിച്ചിരുന്നത്. മലയാളികളെല്ലാം സകുടുംബം ഈ ഉത്സവത്തിന് എത്തണം. വന്നെത്താന്‍ കഴിയാത്തവര്‍ വീടുകളില്‍ ഓണമാഘോഷമാക്കണം. സദ്യ, മല്ലടിക്കളി, പാട്ട്, ആട്ടം എന്നിവയെല്ലാംകൊണ്ട് ഓണം കേമമാക്കണം. മതഭേദമില്ലാതെ എല്ലാവരും ഓണം ആഘോഷിച്ചിരുന്നു.''
നാടുവാഴിയുടെ ഈ വിളംബരം കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ 'ഓണം' എന്ന കവിതയിലൂടെയാണു വ്യക്തമാക്കിയിട്ടുള്ളത്. പ്രജാക്ഷേമതത്പരനായ മഹാബലിയുടെയും വാമനന്റെയുമൊക്കെ കഥകള്‍ എല്ലാവര്‍ക്കും അറിയാവുന്നതിനാല്‍ വിവരിക്കുന്നില്ല. ഏകാധിപതിയായിരുന്നു മഹാബലിയെങ്കിലും ജനപ്രിയനായിരുന്നു. ജനങ്ങളുടെ സുഖദുഃഖങ്ങളില്‍ അവരോടൊപ്പം നിന്ന രാജാവ്. അതുകൊണ്ടാണ്, ആ ജനപ്രിയനേതാവിന്റെ സ്ഥാനചലനത്തില്‍ പ്രജകള്‍ ദുഃഖിച്ചതും ആ നേതാവിന്റെ മഹത്ത്വം ഇന്നും പാണനെപ്പോലെ പാടിനടക്കാന്‍ മലയാളികള്‍ക്ക് ആവേശം തോന്നുന്നതും.
ഒരു കാര്യം സത്യം; പൊയ്‌പ്പോയ ആ സങ്കല്പനാളുകളിലെ മാവേലിമന്നന്മാരെ ഈ ജനാധിപത്യയുഗത്തില്‍ പ്രതീക്ഷിക്കാന്‍ കഴിയുന്നതല്ല. ജനങ്ങള്‍ തിരഞ്ഞെടുത്ത് അധികാരത്തിലെത്തിക്കുന്ന രാജാധിരാജന്മാര്‍, നമ്മെ കട്ടുമുടിക്കാനും നമ്മുടെ തലകള്‍ തല്ലിപ്പൊളിക്കാനുമാണു പലപ്പോഴും ശ്രമിക്കുന്നത്. അതിനാലാണ് ജനങ്ങള്‍ മഹാബലിയുടെ അംശഗുണമുള്ള ആരെങ്കിലും നമ്മെ ഭരിക്കാന്‍ എന്നെങ്കിലും ഉണ്ടാകണേ എന്നു മനംനൊന്തു പ്രാര്‍ഥിച്ചുപോകുന്നത്. അതുകൊണ്ടുതന്നെയാണ് പട്ടിണിപ്പാവങ്ങള്‍പോലും കാണം വിറ്റും ഓണം ഉണ്ണുന്നതും. ഇന്നത്തെ ജനാധിപത്യരാജാക്കന്മാര്‍ക്കു സ്ഥാനം പോയാല്‍ ജനങ്ങള്‍ പടക്കം പൊട്ടിക്കുന്നതും അതുകൊണ്ടുതന്നെ.