•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

തിരുവിതാംകൂറിന്റെ ഝാന്‍സിറാണി

ക്കാമ്മ ചെറിയാനെ തിരുവിതാംകൂറിന്റെ ഝാന്‍സിറാണിയെന്നു പ്രകീര്‍ത്തിച്ചത് സാക്ഷാല്‍ മഹാത്മാഗാന്ധിയാണ്. 1938 ല്‍ 28 വയസു മാത്രമുണ്ടായിരുന്ന അക്കാമ്മ ഒരു ലക്ഷം സ്റ്റേറ്റ് കോണ്‍ഗ്രസ് വോളന്റിയര്‍മാരുമായി രാജകൊട്ടാരം വളഞ്ഞ് മഹാരാജാവിനെ ഉപരോധിച്ച് പട്ടം താണുപിള്ളയുള്‍പ്പെടെ ദിവാന്‍ അന്യായത്തടങ്കലില്‍വച്ചിരുന്ന സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാക്കന്മാരെയെല്ലാം മോചിപ്പിക്കുന്നതിനു രാജാവിനെക്കൊണ്ട് കല്പന ഇറക്കിച്ചു. ഈ വാര്‍ത്ത അറിഞ്ഞപ്പോഴാണ് ഗാന്ധിജി അക്കാമ്മയെ ''ഹിയര്‍ അനദര്‍ ഝാന്‍സി റാണി ഫ്രം ട്രാവന്‍കൂര്‍'' എന്നു പ്രശംസിച്ചത്.
കാഞ്ഞിരപ്പള്ളിയിലെ വളരെ പ്രശസ്തമായ കരിപ്പാപ്പറമ്പില്‍ കുടുംബത്തില്‍ അക്കാലത്തെ ഒരു കര്‍ഷകപ്രഭുവായിരുന്ന ചെറിയാന്റെ മകളായി 1909 ഫെബ്രുവരി 15 നായിരുന്നു അക്കാമ്മയുടെ ജനനം. ബി.എ.എല്‍.ടി. പാസായി. ആദ്യനിയമനം കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേള്‍സ് സ്‌കൂളില്‍ ഹെഡ്മിസ്ട്രസ് ആയിട്ടായിരുന്നു. മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ രാജിവച്ച് സ്വാതന്ത്ര്യസമരത്തിന്റെ തീച്ചുളയിലേക്കിറങ്ങി.
ദേശാഭിമാനിയും ദേശീയവാദിയുമായിരുന്നു പിതാവ് ചെറിയാന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിന്റെ മക്കളും സ്വാതന്ത്ര്യസമരത്തിലേക്കു വരുന്നത്. 
രാജകൊട്ടാരത്തിനുമുമ്പില്‍ അവരെ തടയാന്‍ സര്‍ക്കാര്‍ കുതിരപ്പട്ടാളത്തെവരെ ഇറക്കിയിട്ടും അക്കാമ്മ അസാധാരണധൈര്യത്തോടെയാണ് ജനങ്ങളെ നയിച്ചത്. ഒരു തുറന്ന ജീപ്പില്‍ ഖാദിവസ്ത്രങ്ങളും ഗാന്ധിത്തൊപ്പിയും ധരിച്ച് ജനലക്ഷങ്ങളെ ആവേശഭരിതരാക്കി ക്കൊണ്ട് രാജകൊട്ടാരത്തിലേക്കു നീങ്ങിയ ജാഥയെ അന്നത്തെ ഇംഗ്ലീഷുകാരനായ പോലീസ് കമ്മീഷണര്‍ തടഞ്ഞു. ''അണ്‍ലെസ് യു ഡിസ്‌പേഴ്‌സ് യുവര്‍ പീപ്പിള്‍ നൗ, ഐ വില്‍ ബി ഫോഴ്‌സ്ഡ് ടു ഫയര്‍ അറ്റ് ദെം'' എന്നു ധാര്‍ഷ്ട്യത്തോടെ ആജ്ഞാപിച്ചപ്പോള്‍, അക്കാമ്മ കമ്മീഷണറോട് വെടി പൊട്ടുന്നതുപോലെ, ''മിസ്റ്റര്‍ കമ്മീഷണര്‍, യു വോണ്ട് ബി ഏബിള്‍ ടു ടച്ച് എനി വണ്‍ ഓഫ് മൈ പീപ്പിള്‍ ഹിയര്‍ അണ്‍ലെസ് യു ഫയര്‍ അറ്റ് മീ ഫസ്റ്റ്'' എന്നു ഗര്‍ജ്ജിച്ചു.  കുതിരപ്പട്ടാളത്തെ നിലത്തു കിടക്കുന്നവര്‍ക്കു നേരേ ഓടിച്ചാല്‍ ഒട്ടേറെ രക്തസാക്ഷികളുണ്ടാകുമെന്നു തീര്‍ച്ചയായതോടെ കമ്മീഷണര്‍ രാജാവിനെക്കണ്ട് സ്ഥിതിയുടെ ഗൗരവം ധരിപ്പിച്ചു. തന്റെ പ്രജകള്‍ക്കു ജീവഹാനി വരുന്നതിനെക്കാള്‍ നല്ലത് അവരുടെ നേതാക്കളെ ജയില്‍മോചിതരാക്കുന്നതാണെന്ന് മഹാരാജാവു കല്പിച്ചതോടെ അക്കാമ്മ ചെറിയാന്‍ തിരുവിതാംകൂറിന്റെ ആധുനികരാഷ്ട്രീയചരിത്രത്തിലെ ഒരു ഇതിഹാസനായികയായി മാറി.
പിന്നീടും പലതവണ അക്കാമ്മ ചെറിയാന്‍ സര്‍ക്കാരുമായി ഏറ്റുമുട്ടുകയും ചില അവസരങ്ങളില്‍ തടവിലാക്കപ്പെടുകയുമുണ്ടായി. അതൊന്നും അവരെ ഒട്ടും ഭയപ്പെടുത്തിയുമില്ല. 
1952 ലെ പൊതുതിരഞ്ഞെടുപ്പുവന്നപ്പോള്‍ തനിക്കു വീണ്ടും നിയമസഭയിലേക്കു മത്സരിക്കാന്‍ താത്പര്യമില്ലെന്നും പാലാ ഉള്‍പ്പെട്ട മീനച്ചില്‍ ലോക്‌സഭാമണ്ഡലത്തില്‍ മത്സരിച്ചാല്‍ കൊള്ളാമെന്നുണ്ടെന്നും  അക്കാമ്മ പാര്‍ട്ടിനേതൃത്വത്തെ ധരിപ്പിച്ചെങ്കിലും എന്തുകൊണ്ടോ പി.ടി. ചാക്കോയ്ക്കാണ് ടിക്കറ്റ് നല്‍കിയത്. തിരുവനന്തപുരം മണ്ഡലത്തില്‍ ടിക്കറ്റിന് അപേക്ഷിച്ച മിസ് ആനി മസ്‌ക്രീനും പാര്‍ട്ടി ടിക്കറ്റ് നിഷേധിക്കുകയായിരുന്നു. പട്ടത്തിന്റെ ആശീര്‍വാദത്തോടെ മിസ് മസ്‌ക്രീന്‍ അവിടെ സ്വതന്ത്രയായി മത്സരിച്ചു ജയിച്ചു. അക്കാമ്മ എം.എല്‍.എ. ടിക്കറ്റ് സ്വീകരിച്ചതുമില്ല. പക്ഷേ, അവരെ പ്രകോപിപ്പിച്ചത് 1953 ല്‍ കാരണമൊന്നും പറയാതെ പി.ടി. ചാക്കോ എം.പി. സ്ഥാനം രാജിവച്ച ഒഴിവിലും പാര്‍ട്ടിടിക്കറ്റിനപേക്ഷിച്ചപ്പോള്‍ തനിക്കു വീണ്ടും അതു നിഷേധിച്ചതാണ്. അത്തവണ ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളിയെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്. അക്കാമ്മയുടെ ആത്മാഭിമാനത്തിന് വല്ലാതെ മുറിവേല്പിച്ച ഒരു നടപടിയായിരുന്നു അത്.
വൈകിയാണെങ്കിലും ഇതിനിടെ അക്കാമ്മയുടെ വിവാഹവും നടന്നിരുന്നു. സ്വാതന്ത്ര്യസമരനേതാവും എം.എല്‍.എ. യുമായിരുന്ന വി.വി. വര്‍ക്കിയാണ് അക്കാമ്മയെ വിവാഹം ചെയ്തത്. അതോടെ അവര്‍ അക്കാമ്മ വര്‍ക്കിയായി. മീനച്ചില്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ അവര്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ആദ്യം തയ്യാറായിരുന്നില്ലെങ്കിലും പിന്നീട് സഹോദരി റോസമ്മ പുന്നൂസും സഹോദരീഭര്‍ത്താവ് പി.ടി. പുന്നൂസും ഉള്‍പ്പെടെയുള്ള ഒട്ടേറെ നേതാക്കളുടെ പ്രേരണയും സമ്മര്‍ദ്ദവും വന്നതോടെ അക്കാമ്മ വഴങ്ങുകയായിരുന്നു. എന്നാല്‍, നാമനിര്‍ദ്ദേശപത്രിക നല്‍കി ഒരാഴ്ചയ്ക്കകം  ആരോഗ്യപരമായ കാരണങ്ങള്‍കൊണ്ട് അക്കാമ്മയെ ആദ്യപ്രസവത്തിനു വെല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുകൊണ്ട് തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ അവര്‍ക്കു പങ്കെടുക്കാന്‍ കഴിഞ്ഞതുമില്ല. എന്നിട്ടും അവര്‍ തീ പാറുന്ന മത്സരം തന്നെ കാഴ്ചവച്ചു എന്നതാണ് ഓര്‍മ്മിക്കേണ്ടത്.
മീനച്ചില്‍പോലെ കോണ്‍ഗ്രസിന്റെ ഒരു ശക്തികേന്ദ്രത്തില്‍ അവര്‍ കോണ്‍ഗ്രസിനെതിരേ വലിയ വെല്ലുവിളി ഉയര്‍ത്തിയെന്നതാണ് യാഥാര്‍ത്ഥ്യം. സഭയും പ്രബല നായര്‍-ക്രിസ്ത്യന്‍ സമുദായങ്ങളും മനോരമയും ദീപികയും ദേശബന്ധുവും ഉള്‍പ്പെടെയുള്ള പത്രങ്ങളും പാലാ സെന്‍ട്രല്‍ ബാങ്കും കൊട്ടുകാപ്പള്ളിക്കു പിന്നില്‍ നിലകൊണ്ടു. കാഞ്ഞിരപ്പള്ളിയിലെതന്നെ ചില പ്രമുഖ കുടുംബങ്ങളും എന്തുകൊണ്ടോ അന്ന് അക്കാമ്മയ്ക്ക് എതിര്‍നിലപാടിലായിരുന്നു. അതുകൊണ്ട് അവരും കൊട്ടുകാപ്പള്ളിയെ പിന്തുണച്ചു. സമ്പന്നകുടുംബങ്ങള്‍ തമ്മില്‍ വരാവുന്ന ശീതസമരങ്ങളും അന്ന് ഒരുപക്ഷേ, അതിനു കാരണമായിരിക്കണം. സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അക്കാമ്മ ചെറിയാന്റെ നേതൃപദവിക്കു തടയിടുന്നതിനുവേണ്ടി ഇവരെല്ലാംചേര്‍ന്ന് പി.ടി. ചാക്കോയെ മുമ്പില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന തോന്നലും അക്കാമ്മയ്ക്ക് അന്നേ ഉണ്ടായിരുന്നിരിക്കണം.
1952 ല്‍ പി.ടി. ചാക്കോയെക്കൊണ്ട് മീനച്ചില്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ടിക്കറ്റിന് അപേക്ഷിച്ചതിനു പിന്നിലും ചിലര്‍ക്ക് തന്നോടുള്ള വ്യക്തിപരമായ വൈരമാണ് കാരണമെന്ന് അവര്‍ സംശയിച്ചിരുന്നു. പക്ഷേ, ഉപതിരഞ്ഞെടുപ്പിലെ ടിക്കറ്റ് നിഷേധത്തിന് എ.ജെ.  ജോണും ടി.എം. വര്‍ഗ്ഗീസും കൂടി കൂട്ടുനിന്നുവെന്നത് അക്കാമ്മയെ ആഴത്തില്‍ മുറിപ്പെടുത്തി. അക്കാമ്മയ്ക്കു ടിക്കറ്റു തന്നാല്‍ എവിടുന്നു പണമുണ്ടാകുമെന്ന ടി.എം. വര്‍ഗീസിന്റെ ചോദ്യം അക്കാമ്മയെ വല്ലാതെ പ്രകോപിപ്പിക്കുകയും ചെയ്തു. ആന ചിഹ്നത്തിലായിരുന്നു അക്കാമ്മ  മത്സരിച്ചത്. നുകംവച്ച കാളകള്‍ കൊട്ടുകാപ്പള്ളിക്കും. ജയം കൊട്ടുകാപ്പള്ളിക്കായി. അക്കാമ്മ സജീവരാഷ്ട്രീയത്തില്‍നിന്നു പിന്മാറുകയും ചെയ്തു.
വലിയ സാമ്പത്തികബാധ്യതയാണ് തിരഞ്ഞെടുപ്പുവകയില്‍ അക്കാമ്മയ്ക്കുണ്ടായത്. ഉണ്ടായിരുന്ന വസ്തുകൂടി വിറ്റാണ് കടങ്ങള്‍ വീട്ടിയതും. ചിറക്കടവില്‍ ചെറിയ  ഒരു രണ്ടു മുറി വീട്ടിലായിരുന്നു പിന്നീടു താമസം. ഭര്‍ത്താവിന്റെ മരണവും അവര്‍ക്ക് ആഘാതമായി. ഏക മകന്‍ ജോര്‍ജിന്റെ വിദ്യാഭ്യാസത്തിനായി പിന്നീട് അവര്‍ തിരുവനന്തപുരത്തിനു താമസം മാറ്റുകയായിരുന്നു.
അക്കാമ്മ കാഞ്ഞിരപ്പള്ളി ചിറക്കടവില്‍ താമസിക്കുന്ന കാലത്ത് ഒരിക്കല്‍ അവരെ അവിടെ ചെന്നു കണ്ട കാര്യം എന്റെ ഓര്‍മ്മയിലുണ്ട്. 1971 ല്‍ ജ്യേഷ്ഠന്‍ ജോര്‍ജുകുട്ടിയുടെ വിവാഹത്തിന് അവരെ ക്ഷണിക്കാന്‍ അമ്മ എന്നെ പറഞ്ഞയച്ചതായിരുന്നു. മിക്കവരെയും കത്തും കാര്‍ഡും വഴിയാണ് കല്യാണം വിളിച്ചതെങ്കിലും അക്കാമ്മയെ ചെന്നു ക്ഷണിക്കണമെന്ന് അമ്മ നിര്‍ബന്ധം പറഞ്ഞു. ചിറക്കടവില്‍ ചെന്നു പലരോടു ചോദിച്ചാണ് വീടു കണ്ടുപിടിച്ചത്. എനിക്കു വീണ്ടും സംശയമായി. മതിലോ ഗെയിറ്റോ ഇല്ല. വെട്ടുകല്ലുകൊണ്ടു പണിതു പുറംഭിത്തി വെള്ളപോലും തേക്കാത്ത രണ്ടു മുറിയും വരാന്തയും അടുക്കളയുമായുള്ള ഝാന്‍സിറാണിയുടെ കൊട്ടാരം!
നാലുപാളിയുള്ള തടിയുടെ ഒരു സെക്കന്റ് ഹാന്‍ഡ് കതകാണതെന്ന് ഒറ്റ നോട്ടത്തിലറിയാം. ഞാന്‍ കതകില്‍ മുട്ടി. മെലിഞ്ഞ് മുടിയൊക്കെ മിക്കവാറും വെളുത്ത് അല്പം മുഷിഞ്ഞ ഒരു ഖദര്‍ മുണ്ടും ചട്ടയും ധരിച്ച് അക്കാമ്മ ചെറിയാന്‍. സ്‌നേഹഭാവത്തിലവര്‍ ചിരിച്ചു. ഞാന്‍ കൈകൂപ്പി നമസ്‌തേ പറഞ്ഞപ്പോള്‍ കയറിയിരിക്കാന്‍ പറഞ്ഞു. റാണിയുടെ ദര്‍ബാറില്‍ ഒരു ബെഞ്ചും രണ്ടു സ്റ്റൂളും. ഞാന്‍ ബെഞ്ചിലിരുന്നപ്പോള്‍ അതിന്റെ അങ്ങേത്തലയ്ക്കല്‍ അവരും ഇരുന്നു. ആന്റീ, ഞാന്‍ പാലായില്‍നിന്നാണ് എന്നു പറഞ്ഞപ്പോള്‍ അവര്‍ എന്നെ സൂക്ഷിച്ചുനോക്കി. നീ ആര്‍.വി.യുടെ മകനാണോ എന്നു ചോദിച്ചു. അതേ എന്നു പറഞ്ഞുകൊണ്ട് കാര്യം പറഞ്ഞു. അമ്മച്ചി ആന്റിയെ പ്രത്യേകം ക്ഷണിക്കാന്‍ എന്നെ വിട്ടതാണെന്നു പറഞ്ഞപ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞു. നിന്റെ അമ്മയെങ്കിലും എന്നെ ഓര്‍ത്തല്ലോ എന്നു പറഞ്ഞുകൊണ്ട് അമ്മയുടെ ആരോഗ്യസ്ഥിതി ആരാഞ്ഞു. താനിപ്പോള്‍ ഒരിടത്തും പോകാറില്ലെന്നും മിസ്സിസ് ആര്‍.വി. യോടതു പ്രത്യേകം പറയണമെന്നും പറഞ്ഞു. ഞാന്‍ യാത്ര പറഞ്ഞെഴുന്നേറ്റപ്പോള്‍ നില്‍ക്കാന്‍ പറഞ്ഞുകൊണ്ട് അവര്‍ കതകുപോലുമില്ലാത്ത ഭിത്തി അലമാരയില്‍ ഉള്ള ഒന്നുരണ്ടു ടിന്നുകള്‍ തുറന്നു നോക്കി. ഒന്നും വേണ്ട എന്നു പറഞ്ഞപ്പോള്‍, ''കുഞ്ഞേ, നിനക്ക്  ഒരു കപ്പ് കാപ്പി തരണമെന്ന് ഉണ്ടായിരുന്നു, ഒരു സ്പൂണ്‍ പഞ്ചസാര പോലുമില്ലല്ലോ'' എന്നു സങ്കടം പറഞ്ഞപ്പോള്‍ വീണ്ടും അവരുടെ കണ്ണുകള്‍ നനഞ്ഞു. പിതൃസ്വത്തായിക്കിട്ടിയ മുഴുവന്‍ റബര്‍ത്തോട്ടങ്ങളും മറ്റു പുരയിടങ്ങളും പറമ്പുകളുമെല്ലാം സ്വാതന്ത്ര്യസമരത്തിന്റെ അഗ്നിയില്‍ ഹോമിച്ച, തനിക്കു നേരേ വച്ചു നീട്ടപ്പെട്ട മന്ത്രിപദംപോലും സ്വന്തം സഹപ്രവര്‍ത്തകയ്ക്കുവേണ്ടി ഉപേക്ഷിച്ച രാഷ്ട്രീയസംശുദ്ധിയുടെ ആ ആള്‍രൂപം തന്റെ വീട്ടില്‍ വന്ന സ്വാതന്ത്ര്യസമരകാലസഹപ്രവര്‍ത്തകന്റെ മകന് ഒരു കപ്പ് കാപ്പി കൊടുക്കുവാന്‍ ഒരു കയില്‍ പഞ്ചസാരയില്ലാതെ കണ്ണുനിറഞ്ഞു നിസ്സഹായയായി നില്‍ക്കുന്ന ചിത്രം ഇന്നും എന്റെ മനസ്സില്‍ മായാതെയുണ്ട്. അഞ്ചുവര്‍ഷം മന്ത്രിയായാല്‍, മുന്നണിഭേദമില്ലാതെ, അഞ്ചു തലമുറയ്ക്കു സമ്പാദിക്കുന്ന നമ്മുടെ സമകാലികനേതാക്കള്‍ക്ക് അക്കാമ്മ ചെറിയാനെപ്പോലുള്ളവരെ ഒരു അന്യഗ്രഹജീവിയായി തോന്നിയില്ലെങ്കിലേ അതില്‍ അദ്ഭുതമുള്ളൂ!
പിന്നത്തെ വര്‍ഷം - 1972 ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ രജതജൂബിലി വര്‍ഷമായി. പാലായിലെ ജൂബിലിയാഘോഷങ്ങള്‍ക്ക് ആരുംതന്നെ കാര്യമായി മുന്നോട്ടുവരാതിരുന്നതുകൊണ്ട് ഗാന്ധി ജന്മശതാബ്ദി കമ്മിറ്റിതന്നെയാണ് അതിനു മുന്‍കൈ എടുത്തത്. പ്രസിഡന്റ് ആയിരുന്ന ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളി അപ്പോഴേക്കും അന്തരിച്ചുകഴിഞ്ഞിരുന്നു. വൈസ് പ്രസിഡന്റ് മറ്റൊരു സ്വാതന്ത്ര്യസമരസേനാനിയായിരുന്ന അഡ്വ. സി.എം. മാത്യു കുരീക്കാട്ട് ആയിരുന്നു. ജനറല്‍ സെക്രട്ടറിയായി ഞാനും. ഞങ്ങള്‍ പ്രഫ. കെ.എം. ചാണ്ടിസാറുമായി ആലോചിച്ചപ്പോള്‍ അദ്ദേഹമാണ് സ്വാതന്ത്ര്യസമരത്തിലെ വനിതകളുടെ ത്യാഗത്തെക്കുറിച്ചുള്ള അനുസ്മരണവും ആദരവും ആകാമെന്ന നിര്‍ദ്ദേശംമുന്നോട്ടുവച്ചത്. അക്കാമ്മ ചെറിയാനെ ചീഫ് ഗസ്റ്റ് ആക്കിയാലോ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ചാണ്ടിസാറും അതു സമ്മതിച്ചു. സാര്‍തന്നെ അധ്യക്ഷനാവണമെന്നു പറഞ്ഞപ്പോള്‍          

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)