ലോകചാംപ്യന്‍ഷിപ്പ് കഴിഞ്ഞാല്‍ ചെസ്‌ലോകം ഏറ്റവും പ്രാധാന്യം കല്പിക്കുന്നത് ചെസ് ഒളിംപ്യാഡിനാണ്. ബുഡാപെസ്റ്റില്‍ നടന്ന നാല്പത്തഞ്ചാം ചെസ് ഒളിംപ്യാഡില്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി സ്വര്‍ണം നേടിയിരിക്കുകയാണ്; അതാകട്ടെ, ഇരട്ടസ്വര്‍ണം. ഓപ്പണ്‍വിഭാഗത്തിലും വനിതാവിഭാഗത്തിലും ഇന്ത്യന്‍ടീമുകള്‍ സ്വര്‍ണം നേടി. 2014 ല്‍ ഓപ്പണ്‍വിഭാഗത്തില്‍ കിട്ടിയ വെങ്കലവും 2022 ല്‍ ചെന്നൈയില്‍ ഓപ്പണ്‍, വനിതാവിഭാഗങ്ങളില്‍ ലഭിച്ച വെങ്കലവുമാണ് ഇതിനുമുമ്പ് ചെസ് ഒളിംപ്യാഡിലെ ഇന്ത്യയുടെ മികച്ച പ്രകടനം.
വിശ്വനാഥന്‍ ആനന്ദ് 2000 ത്തില്‍ ഫിഡെ ലോകചാംപ്യനായി. തുടര്‍ന്ന്, 2007 ലും 2008 ലും 2010 ലും 12 ലുമായി, ആകെ അഞ്ചുതവണ ആനന്ദ് വിശ്വനാഥനായി. റഷ്യയും അമേരിക്കയുമൊക്കെ കുത്തകയാക്കിയിരുന്ന ചെസ് ലോകത്ത് ഇന്ത്യന്‍താരങ്ങള്‍ വന്‍കുതിപ്പാണു നടത്തുന്നത്. ഒരുപറ്റം യുവതാരങ്ങള്‍ ചതുരംഗക്കളത്തിലെ കരുനീക്കങ്ങളിലൂടെ ഇന്ത്യയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചിരിക്കുന്നു. ഇനി ലോകചാംപ്യന്‍ഷിപ്പില്‍, നിലവിലെ ചാംപ്യന്‍, ചൈനയുടെ ഡിങ് ലിറനെ എതിരിടുന്നത് നമ്മുടെ ഡി. ഗുകേഷും. കാന്‍ഡിഡേറ്റ്‌സ് ചെസ് ജയിച്ച ഏറ്റവും പ്രായംകുറഞ്ഞ താരമാണ് പതിനേഴുകാരന്‍ ഗുകേഷ്. കാന്‍ഡിഡേറ്റ്‌സ് ചെസിലാകട്ടെ അഞ്ച് ഇന്ത്യന്‍താരങ്ങളാണു മത്സരിച്ചത്. ഒരു രാജ്യത്തെ പ്രതിനിധാനം ചെയ്ത് ഇത്രയുംപേര്‍ ലോകചാംപ്യന്റെ ചാലഞ്ചര്‍ ആകാന്‍ മത്സരിച്ചത് ആദ്യം.
ബുഡാപെസ്റ്റിലെ ചെസ് ഒളിംപ്യാഡിലാകട്ടെ, ഡി. ഗുകേഷ്, അര്‍ജുന്‍ എറിഗൈസി, ദിവ്യ ദേശ്മുഖ്, വന്ദിക അഗര്‍വാള്‍ എന്നിവര്‍ അതതു ബോര്‍ഡുകളില്‍ ഒന്നാം സ്ഥാനത്തെത്തി വ്യക്തിഗതസ്വര്‍ണം കരസ്ഥമാക്കി. ഓപ്പണ്‍ വിഭാഗത്തില്‍ ഡി. ഗുകേഷ്, ആര്‍. പ്രഗ്നാനന്ദന്‍, അര്‍ജുന്‍ എറിൈഗസി, വിദിത് ഗുജറാത്തി, പി. ഹരികൃഷ്ണ എന്നിവരാണു മത്സരിച്ചത്. വനിതാവിഭാഗത്തില്‍ ഡി. ഹരിക, ദിവ്യ ദേശ്മുഖ്, വന്ദിക അഗര്‍വാള്‍, ആര്‍. വൈശാലി, ടാനിയ സച്ച്‌ദേവ് എന്നിവരും മത്സരിച്ചു.
ഓപ്പണ്‍ വിഭാഗത്തില്‍ 186 രാജ്യങ്ങളും വനിതാവിഭാഗത്തില്‍ 167 രാജ്യങ്ങളുമാണു പങ്കെടുത്തത്. ഓപ്പണ്‍വിഭാഗത്തില്‍ 11 ഗെയിമുകളില്‍ പത്തിലും ഇന്ത്യ ജയിച്ചു. ഉസ്ബക്കിസ്ഥാനുമായിമാത്രം സമനില. 22 ല്‍ 21 പോയിന്റ് നേടിയാണ് സ്വര്‍ണം കരസ്ഥമാക്കിയത്. അവസാനമത്സരത്തില്‍ സ്‌ലോവേനിയായെ പരാജയപ്പെടുത്തി (3.5-0.5) യു.എസ്. ആണ് രണ്ടാംസ്ഥാനത്ത്.
വനിതാവിഭാഗത്തില്‍ അവസാനറൗണ്ടില്‍ ഇന്ത്യ അസര്‍ബെയ്ജാനെ തോല്പിച്ചു (3.5-0.5). ഇന്ത്യയ്ക്ക് 19 പോയിന്റു ലഭിച്ചു. പതിനെട്ടു പോയിന്റുമായി കസാക്കിസ്ഥാന്‍ രണ്ടാം സ്ഥാനത്തു വന്നു. ഇന്ത്യന്‍ വനിതാടീം പോളണ്ടിനോടു പരാജയപ്പെടുകയും യുഎസിനോടു സമനില വഴങ്ങുകയും ചെയ്‌തെങ്കിലും പത്താംറൗണ്ടില്‍ ചൈനയെ കീഴടക്കി മടങ്ങിവന്നു.
ഇന്ത്യയുടെ പുരുഷടീമില്‍ ഹരികൃഷ്ണയ്ക്ക് 38 വയസ്സുണ്ട്. ഗുജറാത്തിക്ക് 29 വയസ്സും. മറ്റു മൂന്നുപേരും തീര്‍ത്തും ചെറുപ്പമാണ്. വനിതകളില്‍ താനിയയ്ക്ക് 38 വയസ്സും ഹരികയ്ക്ക് 33 വയസ്സുമുണ്ട്. ശേഷിച്ച മൂന്നുപേരും ഇളംപ്രായക്കാര്‍. വിശ്വനാഥന്‍ ആനന്ദ് തുടക്കമിട്ട കുതിപ്പ് അടുത്ത രണ്ടു തലമുറ ഏറ്റെടുത്തുകഴിഞ്ഞു. 1988 ലാണ് വിശ്വനാഥന്‍ ആനന്ദിലൂടെ ഇന്ത്യയുടെ പ്രഥമ ഗ്രാന്‍ഡ് മാസ്റ്റര്‍ പിറന്നത്. ഇപ്പോള്‍ ഇന്ത്യയില്‍നിന്ന് 85 ഗ്രാന്‍ഡ്മാസ്റ്റര്‍മാരുണ്ട്. മൂന്നു വനിതകളും ഗ്രാന്‍ഡ്മാസ്റ്റര്‍മാരായുണ്ട്. 1961 ല്‍ മാനുവല്‍ ആരോണ്‍ ഇന്ത്യയില്‍ നിന്നുള്ള പ്രഥമ ഇന്റര്‍നാഷണല്‍ മാസ്റ്ററായി. ഇപ്പോള്‍ 124 ഇന്റര്‍നാഷണല്‍ മാസ്റ്റര്‍മാരുണ്ടു നമുക്ക്.
1956 ലാണ് ഇന്ത്യ ആദ്യമായി ചെസ് ഒളിംപ്യാഡില്‍ പങ്കെടുക്കുന്നത്. അതായത്, ഒളിംപ്യാഡിന്റെ പന്ത്രണ്ടാം പതിപ്പില്‍. അവിടെനിന്ന് ഇത്രത്തോളമെത്തി. ഉജ്ജ്വലനേട്ടമെന്നു പറയാം. ലോക ഒന്നാംനമ്പര്‍ മാഗ്‌നസ് കാള്‍സനെ ഇന്ത്യയുടെ പത്തൊമ്പതുകാരന്‍ പ്രഗ്നാനന്ദ പരാജയപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഗുകേഷ് ലോകചാംപ്യന്‍പട്ടത്തിനു മത്സരിക്കാന്‍ യോഗ്യത നേടിയത് മറ്റൊരദ്ഭുതം.
ഇത്തവണ ബുഡാപെസ്റ്റില്‍ നടന്ന ചെസ് ഒളിംപ്യാഡില്‍ ഇന്ത്യന്‍ ടീമില്‍ മലയാളിസാന്നിധ്യമില്ലായിരുന്നെങ്കിലും ചെസില്‍ കേരളത്തിലും വലിയൊരു താരനിര വളര്‍ന്നുവരുന്നുണ്ട്. മൂന്നു ഗ്രാന്‍ഡ്മാസ്റ്റര്‍മാരെ കേരളം സംഭാവന ചെയ്തുകഴിഞ്ഞു. ജി.എന്‍. ഗോപാല്‍ തുടക്കമിട്ട കുതിപ്പ് എസ്.എല്‍. നാരായണനും നിഖാല്‍ സരിനുമൊക്കെ ഏറ്റെടുത്തു. വനിതാവിഭാഗത്തിലും കേരളം ചെസില്‍ പ്രതീക്ഷ ഉയര്‍ത്തുന്നു. ചെസ് ഒളിംപ്യാഡിലെ സുവര്‍ണനേട്ടം കേരളത്തിനും പ്രചോദനമാകട്ടെ.