•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

വാഴ്ത്തപ്പെട്ട പീറ്റര്‍ തൊ റോട്ട് : പാപ്പുവ ന്യൂഗിനിയുടെ അല്മായ രക്തസാക്ഷി

ഷ്യാനിയഭൂഖണ്ഡത്തിലെ ബൃഹത്തായ പാപ്പുവ ന്യൂഗിനി  ദ്വീപസമൂഹങ്ങളില്‍ ക്രിസ്തുവിന്റെ സ്‌നേഹദൂതു പകര്‍ന്നു കടന്നുപോയ വിശ്വാസപ്രഘോഷകനാണു  വാഴ്ത്തപ്പെട്ട പീറ്റര്‍ തൊ റോട്ട്. ആദിവാസിസമൂഹത്തില്‍ പിറന്ന് ക്രിസ്തീയവിവാഹജീവിതത്തിന്റെ പവിത്രത സംരക്ഷിക്കുന്നതിനായി 33-ാം വയസ്സില്‍ ജീവിതം ഹോമിക്കേണ്ടിവന്ന ഈ അല്മായരക്തസാക്ഷി വിശുദ്ധപദവിയിലേക്കുള്ള വഴികളില്‍ ഏറെ ചേര്‍ന്നുനില്‍ക്കുകയാണ്. 2024 സെപ്റ്റംബര്‍ 8, 9 തീയതികളിലായി ആഗോളകത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സീസ് മാര്‍പാപ്പ പാപ്പുവ ന്യൂഗിനിയിലേക്കെത്തിയപ്പോള്‍ വാഴ്ത്തപ്പെട്ട പീറ്റര്‍ തൊ റോട്ട് എന്ന തദ്ദേശീയനായ അല്മായരക്തസാക്ഷിയെയും ലോകം ആദരവോടെ ശ്രദ്ധിച്ചു.
    സ്‌നേഹിക്കാന്‍മാത്രമറിയുന്ന ഒരു പാവം ജനതയാണ് തന്റെ അജഗണമെന്ന് പാപ്പുവ ന്യൂഗിനിയിലെ അയിത്തപ്പെ രൂപതയുടെ ശ്രേഷ്ഠ ഇടയന്‍ മലയാളിയായ ബിഷപ് ഡോ. സിബി മാത്യു പീടികയില്‍  പറയുന്നു. ഇന്നിവിടെ കത്തോലിക്കാസഭയുടെ നാല് അതിരൂപതകളിലായി 19 രൂപതകളുണ്ട്. ഒരു കോടി ആറു ലക്ഷം വരുന്ന     ജനസംഖ്യയുടെ 27 ശതമാനം ആളുകള്‍ കത്തോലിക്കാവിശ്വാസികളാണ്.
    ഇന്നത്തെ പാപ്പുവ ന്യൂഗിനിയിലെ റകുണൈ ഗ്രാമത്തില്‍ ആഞ്ചലോ തൊപൂയയുടെയും മരിയയുടെയും മകനായി 1912 ലാണ് പീറ്റര്‍ തൊ റോട്ടിന്റെ  ജനനം. ക്രിസ്ത്യന്‍വിശ്വാസത്തിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ട മാതാപിതാക്കള്‍ പ്രദേശത്തെ ആദ്യത്തെ കത്തോലിക്കരില്‍പ്പെടുന്നു. ഗ്രാമത്തലവനായിരുന്ന ആഞ്ചലോ തൊ പൂയയും ഭാര്യയും തങ്ങളുടെ ക്രിസ്തീയവിശ്വാസത്തില്‍ ഏറെ അഭിമാനിച്ചിരുന്നു.
    കാത്തലിക് മിഷനറി സ്‌കൂളുകളില്‍നിന്നു വിദ്യാഭ്യാസം നേടിയ പീറ്റര്‍ പതിനെട്ടാം വയസ്സില്‍ കാറ്റെക്കിസ്റ്റ് സ്‌കൂളില്‍ ചേര്‍ന്നു. പഠനം കഴിഞ്ഞ്  ഇരുപത്തൊന്നാം വയസ്സില്‍ റകുണൈയില്‍ തിരിച്ചെത്തിയ പീറ്റര്‍ കുട്ടികളെ കാറ്റക്കിസം പഠിപ്പിച്ചു,  രോഗികളെ സന്ദര്‍ശിച്ചു, മുതിര്‍ന്നവരെ വിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്തി. ഇരുപത്തിരണ്ടാം വയസ്സില്‍ പൗള ലാ വര്‍പ്പിതുമായി പീറ്ററിന്റെ വിവാഹം നടന്നു. മൂന്നു മക്കളാണ് ഈ ദമ്പതികള്‍ക്ക്. പീറ്ററിന്റെ  ദാമ്പത്യം സന്തോഷകരവും മാതൃകാപരവുമായിരുന്നു. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ദമ്പതികള്‍ ഒരുമിച്ചു പ്രാര്‍ഥിച്ചു. ബൈബിളും കൈയിലേന്തി നാടെങ്ങും വചനം പങ്കുവയ്ക്കാന്‍ ഇഷ്ടപ്പെട്ട പീറ്റര്‍ പ്രദേശവാസികള്‍ക്കും പ്രിയങ്കരനായിരുന്നു.
ജപ്പാന്റെ അധിനിവേശകാലം - വിശ്വാസവഴികളില്‍ പ്രതിസന്ധി
    എന്നാല്‍, രണ്ടാം ലോകമഹായുദ്ധകാലത്ത് കാര്യങ്ങള്‍ മാറിമറിഞ്ഞു.1942 ല്‍ ജപ്പാന്‍ പാപ്പുവ ന്യൂ ഗിനിയെ ആക്രമിച്ച് പ്രദേശത്തെ പുരോഹിതരെയെല്ലാം ജയിലിലടച്ചു. മിഷനറിമാര്‍ക്കു തങ്ങളുടെ വിശ്വാസിസമൂഹത്തിനൊപ്പം ഗ്രാമങ്ങളില്‍ താമസിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായതോടെ പ്രദേശത്തെ ആളുകള്‍ കൂദാശകള്‍ ലഭിക്കാതെ മരിക്കുന്നതു പതിവായി. ജപ്പാന്‍സൈന്യം റകുണൈയുടെ ചുമതലയുള്ള ഫാ. ലോഫറിനെ ജയില്‍ക്യാമ്പിലേക്ക് അയച്ചപ്പോള്‍ ഫാ. ലോഫര്‍ റകുണൈയുടെ ആത്മീയപരിചരണം പീറ്റര്‍ തൊ റോട്ടിനെ ഏല്പിച്ചു. ഇടവകയുടെ ഉത്തരവാദിത്വങ്ങള്‍  ഏറ്റെടുത്ത പീറ്റര്‍ വൈദികന്റെ അഭാവത്തില്‍ മതബോധനം നടത്തുകയും വിവാഹങ്ങള്‍ക്കു സാക്ഷ്യം വഹിക്കുകയും രോഗികളെ സന്ദര്‍ശിക്കുകയും മരണാസന്നരെ ഒരുക്കുകയും ശവസംസ്‌കാ രച്ചടങ്ങുകള്‍ നടത്തുകയും ചെയ്തു. ചെറിയ പ്രാര്‍ഥനാഗ്രൂപ്പുകള്‍ രൂപീകരിച്ച് തൊ റോട്ട് ആളുകളെ ദൈവത്തിങ്കലേക്കു ചേര്‍ത്തുനിര്‍ത്തി. രജിസ്റ്ററില്‍ ഇടവകപ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തി.
ബഹുഭാര്യത്വവിവാദം- സൈന്യം കടുത്ത നിലപാടിലേക്ക്
   1943 അവസാനത്തോടെ ക്രൈസ്തവവിശ്വാസത്തോടുള്ള ജപ്പാന്റെ എതിര്‍പ്പ് അതിന്റെ പാരമ്യത്തിലെത്തി. 1944 മാര്‍ച്ചില്‍ പീറ്ററിനെ മതപരമായ കര്‍മങ്ങളില്‍ ഏര്‍പ്പെടുന്നതില്‍നിന്നു വിലക്കി. റകുണൈ ജനതയെ തങ്ങള്‍ക്കനുകൂലമായി നിലനിര്‍ത്തുന്നതിന് ജപ്പാന്‍ റകുണൈ  ഗ്രാമത്തലവന്മാരുടെ പ്രത്യേക യോഗം വിളിച്ചു. ജപ്പാനോട് കൂറു പ്രകടിപ്പിക്കുന്ന ഗ്രാമത്തലവന്മാര്‍ക്കുള്ള ആനുകൂല്യമെന്ന നിലയില്‍, മുന്‍ സര്‍ക്കാരുകളും ക്രിസ്ത്യന്‍സഭകളും നിരോധിച്ച തൊളായ് (ബഹുഭാര്യത്വം) പാപ്പുവ ന്യൂഗിനിയില്‍ നിയമവിധേയമാക്കാന്‍ അനുവദിച്ചു. എന്നാല്‍, ബഹുഭാര്യത്വത്തെ പീറ്റര്‍ തൊ റോട്ട് എതിര്‍ത്തത് ജപ്പാന്‍കാരെ ചൊടിപ്പിച്ചു. പീറ്ററിന്റെ പ്രവര്‍ത്തനങ്ങളും ശുശ്രൂഷയും ജാപ്പനീസ്‌പൊലീസും സൈന്യവും ശ്രദ്ധിച്ചു. പലതവണ, പൊലീസ് അദ്ദേഹത്തെ വിളിച്ചുവരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
    എന്നാല്‍, പീറ്റര്‍ സുഹൃത്തുക്കളോടു പറഞ്ഞു: ''പ്രാര്‍ഥനയില്‍നിന്നു നമ്മെ അകറ്റാനാണ് അവര്‍ ലക്ഷ്യമിടുന്നത്, എന്നാല്‍, ഞാന്‍ നിങ്ങളുടെ മതബോധകനാണ്, ജീവന്‍ നഷ്ടമായാലും ഞാന്‍ എന്റെ ദൗത്യം തുടരും.'' രഹസ്യമായി, രാത്രിയുടെ മറവിലും, പ്രത്യേകമായി തയ്യാറാക്കിയ ഗുഹകളിലും, തൊ റോട്ട് പ്രാര്‍ഥനകള്‍ നയിച്ചു, ചെറിയ ഗ്രൂപ്പുകള്‍ക്ക്  മതപരമായ നിര്‍ദേശങ്ങള്‍ നല്‍കി, നവജാതശിശുക്കളെ സ്‌നാനപ്പെടുത്തി. ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു യാത്ര ചെയ്ത് തന്റെ സമൂഹത്തെ പ്രചോദിപ്പിച്ചു.  
പീറ്ററിന്റെ പീഡനങ്ങളും രക്തസാക്ഷിത്വവും
    ബഹുഭാര്യത്വം നിയമവിധേയമാക്കുന്നതിലെ എതിര്‍പ്പിനെത്തുടര്‍ന്ന് പീറ്ററിനെ ഒരു മാസത്തെ തടവിനു ശിക്ഷിച്ചു. അദ്ദേഹം പ്രാര്‍ഥനാശുശ്രൂഷകള്‍ നടത്തിയിരുന്ന ഗുഹകളില്‍ ജപ്പാന്‍സൈന്യം തിരച്ചില്‍ നടത്തി, അദ്ദേഹത്തിന്റെ വീടു പരിശോധിച്ചു പുസ്തകങ്ങള്‍ കണ്ടുകെട്ടി. വിശ്വാസത്തിനുവേണ്ടിയും തന്റെ പ്രിയപ്പെട്ട ജനങ്ങള്‍ക്കുവേണ്ടിയും മരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം തന്നെ കാണാനെത്തിയ ജനങ്ങളോടു പറഞ്ഞു. കഷ്ടപ്പാടുകളുടെയും മരണത്തിന്റെയും ഭയം പീറ്ററിനെ പിന്തിരിപ്പിച്ചില്ല.
    രക്തസാക്ഷിത്വത്തിന്റെ ആ രാത്രിയില്‍ മറ്റു തടവുകാരെ മുഴുവനും മാറ്റിയശേഷം ഒരു സൈനികഡോക്ടറുടെ സഹായത്തോടെ ജാപ്പനീസ് മിലിട്ടറി പൊലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ പീറ്ററിന് ഒരു കുത്തിവയ്പു നല്‍കി. ശരീരത്തില്‍ മാരകമായ വിഷം കുത്തിവച്ചുള്ള ചതിക്കൊലയായിരുന്നു അത്. ആ രാത്രി പാപ്പുവ ന്യൂഗിനിക്ക് തങ്ങളുടെ ഏറ്റവും മികച്ച മതബോധകനെ, പ്രിയപ്പെട്ട ആത്മീയനേതാവിനെ നഷ്ടപ്പെട്ടു. എന്നാല്‍, കുടുംബങ്ങള്‍ക്കും വിവാഹകൂദാശയ്ക്കുമായി  ആഗോളതലത്തില്‍ സഭയ്‌ക്കൊരു സംരക്ഷകനെ കിട്ടി. രക്തസാക്ഷിത്വം വരിക്കുമ്പോള്‍ 33 വയസായിരുന്നു പീറ്ററിന്. താന്‍ ആര്‍ക്കുവേണ്ടി ജീവിച്ചുവോ ആ ദിവ്യഗുരുവിന്റെ മരണത്തിന്റെ അതേപ്രായം. പിറ്റേദിവസം മറ്റു തടവുകാര്‍ വന്നപ്പോള്‍ പീറ്റര്‍ രോഗത്താല്‍ മരിച്ചുവെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, മൃതശരീരത്തില്‍ മര്‍ദനത്തിന്റെയും കുത്തിവച്ചതിന്റെയും പാടുകള്‍ കണ്ടിരുന്നു. അദ്ദേഹം ശുശ്രൂഷിച്ച പള്ളിയുടെ സമീപത്തെ  സെമിത്തേരിയില്‍ ജനം പീറ്ററിനെ സംസ്‌കരിച്ചു. ജാപ്പനീസ് പൊലീസിന്റെ സാന്നിധ്യം വകവയ്ക്കാതെ പീറ്ററിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത വലിയ ജനക്കൂട്ടം പീറ്ററിനെ രക്തസാക്ഷിയായി അന്നുതന്നെ കണക്കാക്കിയിരുന്നു.  
    1995 ജനുവരി 17 ന് പീറ്ററിന്റെ രക്തസാക്ഷിത്വത്തിന്റെ അമ്പതാമത് വര്‍ഷത്തില്‍ പാപ്പുവ ന്യൂ ഗിനിയുടെ തലസ്ഥാനമായ പോര്‍ട്ട് മോറെസ്ബിയില്‍വച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ പീറ്ററിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച് അള്‍ത്താരവണക്കത്തിന് അനുവദിച്ചു. നഗരത്തിലെ സര്‍ ജോണ്‍ ഗൈസ് സ്റ്റേഡിയത്തിലായിരുന്നു പ്രഖ്യാപനം. പാപ്പുവ ന്യൂഗിനിയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ രണ്ടാമത്തെ സന്ദര്‍ശനവേളയും നാടിന് മറ്റൊരു പുണ്യമായി. ഇപ്പോള്‍ ഇതാ ഫ്രാന്‍സീസ് പാപ്പായുടെ സന്ദര്‍ശനവും ആ രാജ്യത്തിനും പ്രാദേശികകത്തോലിക്കാസഭയ്ക്കും അനുഗ്രഹപൂരിതമായിരിക്കുന്നു.
റബൗള്‍ അതിരൂപതയില്‍പ്പെട്ട റകുണൈയില്‍ വാഴ്ത്തപ്പെട്ട പീറ്ററിന്റെ പേരിലുള്ള ദൈവാലയം  ഇന്നു വലിയ തീര്‍ഥാടനകേന്ദ്രമാണ്. ജൂലൈ 7 നാണ് വാഴ്ത്തപ്പെട്ട പീറ്റര്‍ തൊ റോട്ടിന്റെ തിരുനാള്‍.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)