''ഇതുവരെ എന്നോടു മറുത്തൊന്നും പറഞ്ഞിട്ടില്ലാത്ത കൊച്ചാ, ഇപ്പം ദേ മൂക്കത്താ ശുണ്ഠി.'' കൗമാരക്കാരിയായ മകള്‍ ശ്വേതയെക്കുറിച്ചായിരുന്നു അമ്മ അനുപമയുടെ പരാതി.
ഇതുകേട്ട അനുപമയുടെ സുഹൃത്ത് രാജിക്കും സമാനമായ അഭിപ്രായമാണ് പങ്കുവയ്ക്കാനുണ്ടായിരുന്നത്.
എന്തുകൊണ്ടാണ് കൗമാരക്കാരില്‍ ഈ മാറ്റം?
കൗമാരം എന്നത് മാറ്റങ്ങളുടെ കാലമാണ്. ശാരീരികവും വൈകാരികവും മാനസികവും സാമൂഹികവുമായ മാറ്റങ്ങള്‍ ഈ പ്രായത്തിന്റെ പ്രത്യേകതയാണ്.
വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്കു പ്രവേശിക്കുകയാണ് കൗമാരത്തില്‍. വളര്‍ച്ചാഹോര്‍മോണുകളും സെക്ഷ്വല്‍ ഹോര്‍മോണുകളും കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്ന കാലം. പെണ്‍കുട്ടികളില്‍ മെന്‍സ്ട്രല്‍ സൈക്കിളിനു തുടക്കമിടുന്നതും ഈ പ്രായത്തിലാണ്. ഈ സമയത്തും ഹോര്‍മോണ്‍ മാറ്റങ്ങളുണ്ടാകുന്നു. വികാരങ്ങള്‍ മാറി മാറി വരുന്നു. വികാരങ്ങള്‍ അതിന്റെ അത്യുന്നതനിലയിലാവുന്ന കാലഘട്ടംകൂടിയാണു കൗമാരം.
പെട്ടെന്നുള്ള ദേഷ്യവും എടുത്തുചാട്ടവുമെല്ലാം അതിന്റെ പ്രത്യേകതയാണ്. പെണ്‍കുട്ടികളില്‍ ദേഷ്യത്തിനൊപ്പംതന്നെ വിഷാദാവസ്ഥയിലേക്കും ഇടയ്ക്കു കടന്നുപോകാറുണ്ട്.
പ്രത്യേകിച്ച്, പീരിയഡ്‌സിന്റെ സമയത്താണ് ഈ മൂഡുമാറ്റം. കാരണമില്ലാതെ വിഷാദാവസ്ഥ ഈ സമയത്ത് ചിലരില്‍ പിടിമുറുക്കും. ചിലരില്‍ അമിതദേഷ്യമായി രൂപപ്പെടും. ഇതിനെല്ലാം കാരണം, ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളുടെ വ്യതിയാനമാണ്.
എങ്ങനെ നേരിടണം?
തൊട്ടതിനും പിടിച്ചതിനുമെല്ലാം ദേഷ്യപ്പെടുകയും ചാടിക്കടിക്കാന്‍ വരുകയും ചെയ്യുന്ന കൗമാരക്കാരെ, അതേരീതിയില്‍ മാതാപിതാക്കള്‍ ദേഷ്യപ്പെട്ടുകൊണ്ടു നേരിട്ടാല്‍ അവിടെ പ്രശ്‌നം രൂക്ഷമാകും. ഇവിടെ മക്കളുടെ ഈ കാലഘട്ടത്തിലെ മാറ്റങ്ങള്‍ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞ് അവരെ വേണ്ടവിധം മനസ്സിലാക്കി ശാന്തമായി പെരുമാറാനും കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താനും ശ്രമിക്കണം.
ദേഷ്യം എന്തുകൊണ്ട്?
ഹോര്‍മോണുകളുടെ വ്യതിയാനംമൂലം ദേഷ്യം വരാം. മറ്റൊന്ന് ഉള്ളിലെ അസംതൃപ്തി ദേഷ്യരൂപത്തില്‍ പുറത്തുവരും. ഏതെങ്കിലും മേഖലകളില്‍ അസംതൃപ്തി അനുഭവിക്കുന്നവര്‍ അതു ദേഷ്യരൂപത്തില്‍ പുറത്തുവിടാറുണ്ട്.
എങ്ങനെ ദേഷ്യം നിയന്ത്രിക്കാം?
വിവിധ പ്രായോഗികമാര്‍ഗങ്ങള്‍ ഇക്കാര്യത്തില്‍ അവലംബിക്കാം.
1. ആംഗര്‍ ഡയറി
എപ്പോഴൊക്കെയാണ് ദേഷ്യം വരുന്നത്, ആരൊക്കെ മൂലമാണ്, അവര്‍ എന്തുപറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് ദേഷ്യം എന്ന് ഒരു ഡയറിയില്‍ കുറിക്കുക.
അപ്പോള്‍ ചില വ്യക്തികളും അവരുടെ വാക്കുകളും പ്രവൃത്തികളും ആവര്‍ത്തിച്ചുവരുന്നതായി കാണാം.
അവര്‍ എന്തുകൊണ്ട് അങ്ങനെ സംസാരിക്കുന്നു, പ്രവര്‍ത്തിക്കുന്നുവെന്ന് എഴുതുക.
ചിലപ്പോള്‍ അവര്‍ വളര്‍ന്ന സാഹചര്യം മൂലമാകാം, ജീവിതപങ്കാളിയില്‍ നിന്നുള്ള പ്രശ്‌നംമൂലമാകാം, അപകര്‍ഷതാബോധംമൂലമാകാം. അതു തിരിച്ചറിയുക. അങ്ങനെ ആ വ്യക്തിയുടെ വാക്കിന്റെ, പെരുമാറ്റത്തിന്റെ കാരണം കണ്ടെത്തി അവരെ മനസ്സിലാക്കാന്‍ സാധിക്കുമ്പോള്‍ അവരോടുള്ള മനോഭാവം മാറുന്നതായും ദേഷ്യം കുറയുന്നതായും അനുഭവപ്പെടും.
മെഡിറ്റേഷന്‍, പ്രാര്‍ഥന, യോഗ എന്നിവയൊക്കെ ദേഷ്യം നിയന്ത്രിക്കാന്‍ സഹായകമാണ്.
ദേഷ്യം വരുമ്പോള്‍ ഒന്നുമുതല്‍ പത്തു വരെയും തിരിച്ചും എണ്ണുന്നത് ദേഷ്യംമൂലമുള്ള എടുത്തുചാട്ടം നിയന്ത്രിക്കാന്‍ സഹായിക്കും. വികാരങ്ങള്‍ക്ക് അടിപ്പെടാതെ വികാരങ്ങളെ ശരിയായ രീതിയില്‍ പ്രകടിപ്പിക്കാനും നിയന്ത്രിക്കാനും ശീലിക്കാം. ഇതു ശരിയായ വൈകാരികപക്വത രൂപപ്പെടാന്‍ സഹായിക്കും.