•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

ലാളിത്യം സുവിശേഷമാക്കിയ ഇടയശ്രേഷ്ഠന്‍

ഒക്‌ടോബര്‍ 31 ന് കാലം ചെയ്ത യാക്കോബായ സുറിയാനിസഭയുടെ ശ്രേഷ്ഠകാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായെ ഓര്‍ക്കുമ്പോള്‍

  രണ്ടു പതിറ്റാണ്ടിലേറെക്കാലം  യാക്കോബായ സുറിയാനിസഭയുടെ തലവനും ശ്രേഷ്ഠകാതോലിക്കയുമായിരുന്ന ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായെക്കുറിച്ചു ചിന്തിക്കുമ്പോള്‍ മനസ്സില്‍ നിറയുന്നത് അദ്ദേഹത്തിന്റെ ലാളിത്യമാര്‍ന്ന ജീവിതമാണ്.
   ദൈവവിജ്ഞാനീയത്തിന്റെ ആഴങ്ങളെക്കുറിച്ചുള്ള അവഗാഹമൊന്നും ശ്രേഷ്ഠ തോമസ് പ്രഥമന്‍ ബാവാ ഒരിക്കലും അവകാശപ്പെട്ടിരുന്നില്ല. തന്റെ സഭയ്ക്കുവേണ്ടി ''വലിയ ഇടയന്‍'' കണ്ടെത്തിയ 'പാവം ഇടയച്ചെറുക്ക'നാണു താനെന്ന് ഏറ്റുപറയാനുള്ള വിനയവും ധൈര്യവും അദ്ദേഹത്തിന് എന്നുമുണ്ടായിരുന്നു. ബാവാതിരുമേനിയുടെ വലുപ്പം ഈ വിനയത്തിലായിരുന്നു. സര്‍വശക്തന്റെ കൈയിലെ ഒരു ഉപകരണംമാത്രമാണു താനെന്നുള്ള ബോധ്യം അദ്ദേഹത്തെ മുന്നോട്ടുനയിച്ചു.
    തപസ്സും ഉപവാസവും ധ്യാനവും പ്രാര്‍ഥനയുമായിരുന്നു ബാവായുടെ ജീവിതമുദ്ര. ഉപവാസദിവസങ്ങളായിരുന്നു ബാവയുടെ കലണ്ടറിലധികവും. അതിരാവിലെ ഉണര്‍ന്ന്, അര്‍ധരാത്രി കഴിഞ്ഞാലും തീരാത്തതായിരുന്നു തിരുമേനിയുടെ ദിവസങ്ങള്‍. ഏതു പാതിരായ്ക്കു വിളിച്ചാലും ബാവാതന്നെ ഫോണെടുക്കുന്നതും അതുകൊണ്ടായിരുന്നല്ലോ. എത്ര വൈകി വിളിക്കുന്നവരോടും ബാവായ്ക്കു പരിഭവമില്ലായിരുന്നു. ബാവായ്‌ക്കെല്ലാവരോടും വാത്സല്യംമാത്രം. അതില്‍ സഭാഭേദമോ സമുദായഭേദമോ മതഭേദമോ ഒന്നും അതിര്‍വേലി കെട്ടിയില്ല. രാഷ്ട്രീയനേതാക്കളോടും ബാവായ്ക്കു വേര്‍തിരിവില്ലായിരുന്നു. പ്രത്യയശാസ്ത്രഭേദങ്ങളൊന്നും തിരുമേനിയുടെ സ്‌നേഹവലയത്തില്‍ വേലിക്കെട്ടുകള്‍ തീര്‍ത്തില്ല. അതിഥിപൂജയില്‍ അഗ്രഗണ്യനായിരുന്നു തിരുമേനി. ബാവായ്ക്ക് എല്ലാവരും മക്കളായിരുന്നു. എല്ലാവരെയും എപ്പോഴായാലും അനുഗ്രഹത്തിന്റെ അകമ്പടിയോടെ അദ്ദേഹം യാത്രയാക്കി.
   സഭാപിതാക്കന്മാരില്‍ ഇത്രയേറെ യാത്ര ചെയ്തവരുണ്ടോയെന്നു സംശയമാണ്. പ്രായമോ അനാരോഗ്യമോ ബാവാ തിരുമേനിയുടെ യാത്രകള്‍ക്ക് അതിര്‍വേലി കെട്ടിയില്ല. 
    പ്രാര്‍ഥനയുടെ മനുഷ്യനായിരുന്നു തോമസ് പ്രഥമന്‍ തിരുമേനി. അദ്ദേഹത്തിന്റെ പ്രാര്‍ഥനകള്‍ക്കും വിശുദ്ധകുര്‍ബാനകള്‍ക്കും വിശ്വാസികളുടെ ഹൃദയത്തെ സ്പര്‍ശിക്കാനുള്ള ഒരു പ്രത്യേക ചൈതന്യമുണ്ടായിരുന്നു. ഭക്തരെ കരയിക്കുന്ന ഭക്തിയും സ്വരവും.
    എന്റെ സ്വന്തം അനുഭവസാക്ഷ്യം പറഞ്ഞാല്‍ ബാവായ്ക്കു പ്രവചനവരവും ഉണ്ടായിരുന്നു. പ്രാര്‍ഥനയില്‍ തിരുമേനി പലപ്പോഴും കാര്യങ്ങള്‍ മുന്‍കൂട്ടിക്കണ്ടിരുന്നു. കോട്ടയത്തു ഞാന്‍ വൈസ്ചാന്‍സലറായിരുന്ന കാലം. എന്റെ മൂത്ത മകള്‍ സീനയുടെ ആദ്യപ്രസവം. കുട്ടിക്കു നാഡീസംബന്ധമായ തകരാറു കണ്ടു. തൃശൂരിലെ ഹാര്‍ട്ട് ഹോസ്പിറ്റലിലാണ് അഡ്മിറ്റു ചെയ്തത്. ഡോ. കോവൂരിന്റെ ചികിത്സ. കൊച്ചുമകള്‍ ആന്‍മേരി ഒന്നിലധികം ഓപ്പറേഷനുകള്‍ക്കു വിധേയയായി. ബാവ വിവരമറിഞ്ഞു. ഇടയ്‌ക്കൊക്കെ വിളിച്ചന്വേഷിക്കും. കാണുമ്പോള്‍ ചോദിക്കുന്നതും ആന്‍മേരിയുടെ കാര്യംതന്നെ. പ്രത്യേകം പ്രാര്‍ഥിക്കുന്നുണ്ടെന്നു ഞങ്ങളെ ധൈര്യപ്പെടുത്തും. അങ്ങനെയിരിക്കേ ഒരു ദിവസം പാതിരാകഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍. കോതമംഗലത്തുനിന്ന് ബാവയുടെ സെക്രട്ടറിയച്ചനാണ്. ബാവാതിരുമേനി ഡമാസ്‌കസില്‍നിന്നു വിളിച്ചുവത്രേ. കൊച്ചുമകളുടെ പേര് ആന്‍മേരി എന്നുതന്നെയല്ലേ എന്ന് ഉറപ്പിക്കാനാണ്. പിറ്റേന്നു ബാവാ അവിടുത്തെ ഒരു തീര്‍ഥാടനപ്പള്ളിയിലാണ് വി. കുര്‍ബാന ചൊല്ലുന്നത്. ആന്‍മേരിക്കുവേണ്ടി പ്രത്യേക മധ്യസ്ഥപ്രാര്‍ഥനയ്ക്കാണ് ഒന്നുകൂടി ഉറപ്പിച്ചത്. എനിക്കു കണ്ണുനിറഞ്ഞു. ഇങ്ങനെയും തിരുമേനിമാരുണ്ടല്ലോ!
     കൊച്ചുമകള്‍ക്കു രോഗം ഭേദമായിത്തുടങ്ങിയെന്നു ഡോക്ടര്‍ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ ആശുപത്രി വിടാമെന്നും. അപ്പോഴാണ് സാധാരണ ഇന്‍ലന്‍ഡില്‍ മഷികൊണ്ട് 'പേഴ്‌സണല്‍' എന്നു മാര്‍ക്കു ചെയ്ത ഒരു കത്ത് എന്റെ പേര്‍ക്കു യൂണിവേഴ്‌സിറ്റിയിലേക്കു വരുന്നത്. ബാവായുടെ കത്താണ്. സ്വന്തം കൈപ്പടയില്‍ മൂന്നോ നാലോ വാചകങ്ങള്‍മാത്രം. പിന്നീടാണ് ആ കത്ത് ഒരു അദ്ഭുതാനുഭവമായി മാറിയത്. 
ആന്‍മേരിക്കുവേണ്ടി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവെന്നു തുടക്കം. രണ്ടു മൂന്നു ദിവസമായി വെളിച്ചമൊന്നും കാണുന്നില്ലെന്ന ദുഃഖം. എന്തിനും മനസ്സ് തയ്യാറായിരുന്നുകൊള്ളണമെന്ന സൂചന. വിഷമിക്കരുതെന്ന ധൈര്യപ്പടുത്തല്‍. ആരോടും ഒന്നും ഇപ്പോള്‍ പറയേണ്ടാ എന്ന ഉപദേശം. ബാവയുടെ ഒപ്പും. ഞാന്‍ സ്തബ്ധനായി.
    ഉടനെ ആശുപത്രിയില്‍ വിളിച്ചു. കുഞ്ഞിനു കുഴപ്പമൊന്നുമില്ലെന്നും രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഡിസ്ചാര്‍ജു ചെയ്യാമെന്നും ഡോക്ടറുടെ ഉറപ്പ്. പക്ഷേ, അന്നു വൈകിട്ടുമുതല്‍ സ്ഥിതി മാറി. പെട്ടെന്നവള്‍ ഗുരുതരാവസ്ഥയിലായി. രാത്രി വെളുക്കുംമുമ്പ് ആന്‍മേരി ദൈവസന്നിധിയിലേക്കു യാത്രയായി. ഞാനുടനെ ബാവായെ വിളിച്ചു. കുന്നംകുളത്താണ് ബാവാ. പള്ളിക്കൂദാശയിലാണ്. വരേണ്ടാ എന്നു ഞാന്‍ പറഞ്ഞു; വിവരമറിയിച്ചെന്നേയുള്ളൂവെന്നും. എന്നിട്ടും രാത്രി വളരെ വൈകിയിട്ടും ബാവ പാലാവഴി വന്നു. ഞങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു. ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു, പ്രാര്‍ഥിച്ചു. ബാവായുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. പൂര്‍ണസുഖമാകുന്നുവെന്നു ഡോക്ടര്‍ പറഞ്ഞ ഞങ്ങളുടെ കൊച്ചുമകളുടെ മരണം ബാവാ എങ്ങനെ മുന്‍കൂട്ടിക്കണ്ടു? ഇന്നും എനിക്കറിയില്ല.
     സഭകള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായ സമയം. എ.കെ. ആന്റണിയാണു മുഖ്യമന്ത്രി. ഞാനന്ന് എം.ജിയില്‍ വൈസ്ചാന്‍സലര്‍. ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായി സര്‍ക്കാര്‍ മധ്യസ്ഥസമിതിയുണ്ടാക്കിയിരുന്നു. ഒരു ദിവസം ആന്റണി വിളിച്ചു: ''കൊള്ളാമല്ലോ. രണ്ടു ബാവാമാര്‍ക്കും - പുത്തന്‍കുരിശിലെയും ദേവലോകത്തെയും - സ്വീകാര്യന്‍ സിറിയക്കാണ്. മധ്യസ്ഥസമിതിയില്‍ നിങ്ങള്‍കൂടി ഉണ്ടാവും.'' ജസ്റ്റീസ് ഷംസുദ്ദീനും സുഗതകുമാരിറ്റീച്ചറുമായിരുന്നു മറ്റംഗങ്ങള്‍. ജീവിതത്തില്‍ ലഭിച്ച വലിയ അംഗീകാരങ്ങളിലൊന്ന്. അനുഗ്രഹവും ഭാഗ്യവുമെന്നു പറയാം. മധ്യസ്ഥസമിതിയിലെ ഏക ക്രിസ്ത്യന്‍ മെമ്പര്‍ ഞാനായിരുന്നു. ബാവാമാര്‍ക്കും ആന്റണിക്കും നന്ദി. പിന്നീട് ഭരണം മാറി ഇടതുപക്ഷസര്‍ക്കാര്‍ വന്നപ്പോഴും കൃഷ്ണയ്യര്‍ കമ്മിറ്റിയെ അതേപടി നിലനിര്‍ത്തി. തുടരാന്‍ ഞങ്ങളോടു പറഞ്ഞത് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരിയാണ്. രണ്ടു ബാവാമാര്‍ക്കും യുഡിഎഫ്-എല്‍ഡിഎഫ് ഗവണ്‍മെന്റുകള്‍ക്കും ഞങ്ങള്‍ ഒരുപോലെ സ്വീകാര്യരായല്ലോ!
     മധ്യസ്ഥചര്‍ച്ചകള്‍ വെവ്വേറെയായിരുന്നു. പ്രായവും യാത്രാബുദ്ധിമുട്ടുകളും അവഗണിച്ച് എത്ര പ്രാവശ്യമാണ് കൃഷ്ണയ്യര്‍സ്വാമി ബാവാമാരുമായി അന്ന് അനുരഞ്ജനസംഭാഷണങ്ങള്‍ നടത്തിയത്. രണ്ടു ബാവാതിരുമേനിമാരും അവരുടെ ശാരീരികക്ലേശങ്ങള്‍ വകവച്ചില്ല. എറണാകുളം എം.ജി. റോഡിലെ കൃഷ്ണയ്യരുടെ വസതിയായ സദ്ഗമയുടെ രണ്ടാംനിലയിലെ ഹാളിലേക്ക് എത്ര തവണയാണവര്‍ നടകള്‍ കയറി എത്തിയിരുന്നത്. ജസ്റ്റീസ് കൃഷ്ണയ്യരുടെ നിഷ്പക്ഷതയിലും  രണ്ടു ബാവാമാര്‍ക്കും പൂര്‍ണവിശ്വാസവുമുണ്ടായിരുന്നു.
     സഭാതര്‍ക്കപരിഹാരത്തിന് ഒരു അഞ്ചിന ഫോര്‍മുല ജസ്റ്റീസ് കൃഷ്ണയ്യര്‍ തയ്യാറാക്കിയിരുന്നു. രണ്ടു ബാവാമാരെക്കൊണ്ടും ഏതാണ്ടു സമ്മതിപ്പിച്ചതുമാണ്. പക്ഷേ, അനുരഞ്ജനമുണ്ടായാല്‍ അതിന്റെ പൊളിറ്റിക്കല്‍ ക്രെഡിറ്റ് ആന്റണിക്കു പോകുമെന്ന തിരിച്ചറിവിലാകണം ആന്റണിമന്ത്രിസഭയിലെ ചില മുതിര്‍ന്ന മന്ത്രിമാര്‍തന്നെ അവസാനനിമിഷം അത് അട്ടിമറിക്കുകയായിരുന്നുവെന്നാണ് പിന്നീട് ഞങ്ങള്‍ക്കു മനസ്സിലായത്. ആന്റണിക്കും അത് അറിയാമായിരുന്നിരിക്കണം. അനുരഞ്ജനസാധ്യത അവസാനനിമിഷം അട്ടിമറിക്കപ്പെട്ടതില്‍ ജസ്റ്റീസ് കൃഷ്ണയ്യരും വളരെ ഖിന്നനായിരുന്നു. വലിയ പദവികളില്‍ ചെറിയ മനസ്സുള്ളവര്‍ വരുന്നതിനെക്കാള്‍ വലിയ ദുരന്തം ഒരു സമൂഹത്തിനും വേറേ വരാനില്ല എന്നായിരുന്നു അതിനെക്കുറിച്ച് ജസ്റ്റീസ് കൃഷ്ണയ്യരുടെ കമന്റ്!
ബാവാതിരുമേനിയുടെ നന്മയും മഹത്ത്വവും തിരിച്ചറിയാന്‍ സഭാതര്‍ക്കപരിഹാരശ്രമങ്ങള്‍ എനിക്കും സന്ദര്‍ഭം തന്നു. സഭയില്‍ സമാധാനത്തിനു സഹായകമാകുമെങ്കില്‍ പദവി ഉപേക്ഷിച്ചു ശിഷ്ടകാലം ഏതെങ്കിലും ദയറായില്‍ (ആശ്രമത്തില്‍) പോയി പ്രാര്‍ഥനയില്‍ ചെലവഴിച്ചുകൊള്ളാമെന്ന് ആദ്യം പറഞ്ഞത് ശ്രേഷ്ഠബാവായാണ്. കൃഷ്ണയ്യരുടെ കണ്ണുനിറഞ്ഞ സന്ദര്‍ഭം.
     തര്‍ക്കപരിഹാരത്തിന് ഓര്‍ത്തഡോക്‌സ് സഭയിലെ തന്റെ പദവിയും സ്ഥാനവുമാണു തടസ്സമെങ്കില്‍ ഏതു നിമിഷവും സ്ഥാനത്യാഗത്തിനു താനും തയ്യാറാണെന്ന പരിശുദ്ധ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ വാക്കുകള്‍ കൃഷ്ണയ്യരെ വികാരഭരിതനാക്കി. ബാവായെ ഗാഢമായി കെട്ടിപ്പുണര്‍ന്നാണ് കൃഷ്ണയ്യര്‍ അതിനോടു പ്രതികരിച്ചത്. സഹോദരീസഭകളായി നില്ക്കുന്നതാവും ഏറ്റവും പ്രായോഗികമായ പരിഹാരമെന്ന് ഇരുവിഭാഗങ്ങളെയും ബോധ്യപ്പെടുത്താനാണ് കൃഷ്ണയ്യര്‍ ശ്രമിച്ചത്. നിര്‍ഭാഗ്യമെന്നു പറയട്ടെ, സഭാതര്‍ക്കപരിഹാരത്തിനുള്ള വലിയ സാധ്യതയാണ് അന്ന് അവസാനനിമിഷത്തില്‍ വഴുതിപ്പോയത്.
     ശ്രേഷ്ഠബാവാതിരുമേനിയുടെ ഭൗതികസാന്നിധ്യം ഇനിയില്ല. അദ്ദേഹം സ്വര്‍ഗനാട്ടിലെത്തിച്ചേര്‍ന്നിരിക്കുന്നു! തനിക്കുള്ള ദൈവനിയോഗത്തെക്കുറിച്ചു തിരുമേനിക്കു പൂര്‍ണബോധ്യമുണ്ടായിരുന്നു. പ്രകൃതിയോടിണങ്ങിയ ലളിതജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. പ്രതിസന്ധികള്‍ ബാവായെ തളര്‍ത്തിയിരുന്നില്ല. നമ്മുടെ നാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ ചെറുബാലന്‍ ദൈവപരിപാലനയില്‍ ആത്മീയതയുടെ ഔന്നത്യത്തിലെത്തിയതു പടിപടിയായി ത്യാഗത്തിന്റെ പടികള്‍ കയറിയാണ്. പക്ഷേ, ഓരോ പടിയിലും ബാവാതിരുമേനിയുടെ കൈപിടിച്ചതു ദൈവംതമ്പുരാനല്ലാതെ മറ്റാരുമല്ല. തമ്പുരാനെയല്ലാതെ ബാവാ ഇന്നുവരെ ആരെയും ഒന്നിനെയും ഭയപ്പെട്ടിരുന്നുമില്ല.
     ത്യാഗത്തിന്റെ മഹാമേരുപര്‍വതം കയറിയ ബാവാ അതോടൊപ്പം ദാരിദ്ര്യത്തിന്റെ സങ്കടക്കടലും നീന്തിക്കയറിയ ആത്മീയപിതാവായിരുന്നു. വന്ദ്യപിതാവിന് എന്റെ കണ്ണീരില്‍ കുതിര്‍ന്ന സ്മരണാഞ്ജലി!

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)