സാംസങ് ഗ്രൂപ്പിനെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലം നയിച്ച് ലോകോത്തരകമ്പനിയായി ഉയര്‍ത്തിയ ചെയര്‍മാന്‍ ലീ കന്‍ ഹീ (78) വിടവാങ്ങി. 1990 കളുടെ അവസാനകാലത്ത് ശ്വാസകോശ ക്യാന്‍സറിനെ അതിജീവിച്ച ലീ കന്‍ ഹീ ഹൃദയാഘാതത്തെത്തുടര്‍ന്ന് 2014 മേയ് മുതല്‍ മരണംവരെ പുറംലോകം കാണാതെ തന്റെ തന്നെ കമ്പനി ആശുപത്രിയിലായിരുന്നു ജീവിതം.
ഉണക്കമീന്‍, ന്യൂഡില്‍സ് തുടങ്ങിയവയുടെ വ്യാപാരവും കയറ്റുമതിയുമായി ലീ കന്‍ ഹീയുടെ പിതാവ് ലീ ബ്യൂങ് ചൂല്‍ 1938ല്‍ ദക്ഷിണ കൊറിയയിലെ ദേഗു എന്ന സ്ഥലത്താണ് സാംസങ് കമ്പനി സ്ഥാപിച്ചത്. 1942 ല്‍ ജനിച്ച ലീ കന്‍ ഹീ 1987 ല്‍ പിതാവിന്റെ മരണശേഷം സാംസങ് കമ്പനിയുടെ ചെയര്‍മാനായി. പിതാവിന്റെ കാലത്തുതന്നെ കമ്പനി കണ്‍സ്ട്രക്ഷന്‍, ഇലക്ട്രോണിക്‌സ്, ടെലികമ്മ്യൂണിക്കേഷന്‍, പഞ്ചസാര, ആഡംബരഹോട്ടല്‍ തുടങ്ങി വിവിധ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിച്ചിരുന്നു. മലേഷ്യയിലെ വളരെ പ്രസിദ്ധമായ പെട്രോണാസ് ടവര്‍, യുഎഇയിലെ ബുര്‍ജ് ഖലീഫ ടവര്‍ തുടങ്ങിയവയെല്ലാം സാംസങ്ങിന്റെ നിര്‍മ്മാണവിഭാഗം പൂര്‍ത്തിയാക്കിയവയാണ്. കപ്പല്‍നിര്‍മ്മാണം, ലൈഫ് ഇന്‍ഷുറന്‍സ്, എയര്‍ക്രാഫ്റ്റ് എന്‍ജിന്‍ നിര്‍മ്മാണം തുടങ്ങിയ മേഖലയിലും സാംസങ്ങിന് ഇന്നു സാന്നിധ്യമുണ്ട്. ലീ കന്‍ ഹീ തന്റെ കാലഘട്ടത്തില്‍ ഇലക്ട്രോണിക്‌സ് മേഖലയ്ക്കാണ് കൂടുതല്‍ പ്രാധാന്യം കൊടുത്തത്. 1992 ല്‍ത്തന്നെ സാംസങ് ലോകത്തിലെ ഏറ്റവും വലിയ മെമ്മറി ചിപ്പുനിര്‍മ്മാണക്കമ്പനി ആയി മാറിയിരുന്നു. ലോകത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ടെലിവിഷനും സ്മാര്‍ട്ട്‌ഫോണും നിര്‍മ്മിക്കുന്ന കമ്പനിയായ സാംസങ് ആപ്പിളിന്റെ ഐഫോണിനുവരെ സ്‌ക്രീനും മൈക്രോ ചിപ്പും നിര്‍മ്മിച്ചുനല്‍കുന്നു. സാംസങ്ങിന്റെ ഇന്നത്തെ വിപണി മൂല്യം ഏതാണ്ട് 300 ബില്യന്‍ യുഎസ് ഡോളറാണ്. അതില്‍ ലീ കന്‍ ഹീ യുടെ കൈവശമുള്ള ഓഹരിമൂല്യം ഏതാണ്ട് 20 ബില്യന്‍ യു.എസ്. ഡോളര്‍ (ഒരു ലക്ഷത്തിനാല്പത്തേഴായിരം കോടി രൂപ) വരും.
ദക്ഷിണ കൊറിയന്‍ ജിഡിപിയുടെ ഏതാണ്ട് 20 ശതമാനവും സംഭാവന ചെയ്യുന്നത് സാംസങ് കമ്പനിയാണ്. നികുതിവെട്ടിപ്പുകേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് ലി കന്‍ ഹീ ക്ക് 2008 ല്‍ കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനം ഒഴിയേണ്ടിവന്നു. പിന്നീട് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് നല്കിയ മാപ്പുവഴി ശിക്ഷയില്‍ ഇളവു ലഭിക്കുകയും 2010-ല്‍ സ്ഥാനം വീണ്ടെടുക്കുകയുമാണുണ്ടായത്. നേട്ടങ്ങളുടെ പട്ടികയുടെ ശോഭ കെടുത്തുന്ന അഴിമതിക്കഥയുടെ കറുത്ത പൊട്ട് ഇല്ലാതിരുന്നെങ്കില്‍ എന്ന ചിന്ത നമ്മില്‍ ഉണര്‍ത്തി ലീ യാത്രയായി, ഫോണുകളൊന്നുമില്ലാത്ത മറ്റൊരു ലോകത്തേക്ക്.