•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

കുടുംബത്തിലെ മുതിര്‍ന്നവരും ജീവിതം ഹോമിച്ചവരും

    കൗണ്‍സലിങ്ങിനു വന്ന മാതാപിതാക്കളോടും മക്കളോടുമായി ഞാന്‍ ചോദിച്ചു: ''നിങ്ങളൊരുമിച്ചു സിനിമ കാണാനും വല്ലപ്പോഴുമെങ്കിലും പുറത്തുനിന്നു ഭക്ഷണം കഴിക്കാനുമൊക്കെ പോകാറുണ്ടോ?'' മറുപടി മക്കളുടെ അമ്മയാണു പറഞ്ഞത്: ''ഇല്ല സാര്‍, ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ടു 18 വര്‍ഷമായി. ഒരിക്കല്‍പ്പോലും  പോയിട്ടില്ല.'' എനിക്കു കൗതുകമായി. എന്റെ മുഖത്തെ ഭാവം കണ്ടിട്ടാവാം അമ്മ തുടര്‍ന്നു: ''ഞങ്ങളുടെ വീട്ടില്‍ ഇദ്ദേഹത്തിന്റെ (ഭര്‍ത്താവിന്റെ) മാതാപിതാക്കളുണ്ട്. ഞങ്ങള്‍ പുറത്തുപോയാല്‍ അമ്മയ്ക്കു ബോധക്ഷയം ഉണ്ടാകും. അമ്മയ്ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യവും ചെയ്യാന്‍ അപ്പന്‍ സമ്മതിക്കില്ല. അതുകൊണ്ട്, ഞങ്ങളൊരുമിച്ചു പുറത്തുപോകേണ്ടാ എന്നാണ് അപ്പന്‍ ഞങ്ങളുടെ കല്യാണം കഴിഞ്ഞയുടന്‍ പറഞ്ഞത്.'' ഇത്രയും കേട്ടപ്പോള്‍ ഞാന്‍ വീണ്ടും ചോദിച്ചു: ''അവര്‍ (ഭര്‍ത്താവിന്റെ അപ്പനും അമ്മയും) പുറത്തുപോകാറുണ്ടോ?'' 
    ''ഓ, ഉണ്ട് സാര്‍. അവര്‍ക്ക് അതു വളരെ ഇഷ്ടമുള്ള കാര്യമാണ്.''
    മേല്‍സൂചിപ്പിച്ച കൗണ്‍സലിങ് അനുഭവത്തില്‍ ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ ചെയ്തികളെ വിവരിച്ചപ്പോള്‍ ജീവിതം ആര്‍ക്കോവേണ്ടി ഹോമിച്ചതിന്റെ നിസ്സഹായത വ്യക്തമായിരുന്നു.
 എന്തുകൊണ്ട് ചില മുതിര്‍ന്നവര്‍ മരുമക്കള്‍ക്കും മക്കള്‍ക്കും സ്വാതന്ത്ര്യം നിഷേധിക്കുന്നു?
   വളര്‍ന്ന പശ്ചാത്തലത്തിലെ ചില സാംസ്‌കാരികരീതികള്‍, അസൂയ, സുരക്ഷിതത്വബോധമില്ലായ്മ, അധികാരം നിലനിര്‍ത്തല്‍, പകവീട്ടല്‍, മാനസികരോഗം, അമിത ഉത്കണ്ഠ, മരുമക്കളെ അംഗീകരിക്കാനുള്ള മാനസികവലുപ്പമില്ലായ്മ, മറ്റുള്ളവരുടെ ഏഷണികളില്‍ അകപ്പെടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ മുതിര്‍ന്നവരെ തങ്ങളുടെ മരുമക്കള്‍ക്കും മക്കള്‍ക്കുമെതിരേ തിരിക്കാം. ഇത്തരം മുതിര്‍ന്നവരെ ശരിയായ രീതിയില്‍ പഠിച്ചുകഴിഞ്ഞാല്‍ ഇവര്‍ 'മാനസികരോഗികള്‍'തന്നെയാണ്. ഇവര്‍ തങ്ങളുടെ സാംസ്‌കാരികപശ്ചാത്തലത്തെയും അനുബന്ധകാര്യങ്ങളെയും കൂട്ടുപിടിച്ച്, അവയെ വളച്ചൊടിച്ച് ഉപദ്രവം അഴിച്ചുവിടുന്നു. അതില്‍ സംതൃപ്തി നേടുന്നു. ഇത്തരക്കാരുടെ ചെയ്തികള്‍ക്കു കൂട്ടുപിടിക്കുന്ന ഒരുപറ്റം മനുഷ്യര്‍ ഇവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. 
ഉപദ്രവകാരികളായ മുതിര്‍ന്നവരെ എങ്ങനെ നേരിടാം?
     ഇത്തരം ഉപദ്രവകാരികളായ മുതിര്‍ന്നവരെ നേരിടുക അത്ര എളുപ്പമല്ല. കാരണം, യാഥാസ്ഥിതികചിന്താഗതി വച്ചുപുലര്‍ത്തുന്ന പലരും ഇവരുടെ അനുഭാവികളായി മാറാം. ''നിങ്ങള്‍ക്കു വീട്ടിലെ ടിവിയില്‍ സിനിമ കണ്ടാല്‍ പോരേ, എന്തിനാ അപ്പനെയും അമ്മയെയും ഇട്ടിട്ടു പുറത്തുപോയി സിനിമ കാണുന്നത്?'' എന്ന ചോദ്യം ഉള്‍പ്പെടെ പല കാര്യങ്ങളിലും മേല്‍സൂചിപ്പിച്ച ദമ്പതിമാര്‍ക്ക് കൂച്ചുവിലങ്ങിടാറുള്ള മൂത്ത അമ്മാവനെപ്പോലുള്ളവര്‍ ഉപദ്രവകാരികളായ മുതിര്‍ന്നവര്‍ക്കു കൂട്ടുപിടിക്കുന്നവരുടെ ഗണത്തില്‍പ്പെടും. ഇത്തരത്തിലുള്ള വേലിക്കെട്ടുകളില്‍നിന്നു പുറത്തുകടക്കാന്‍ ഉപദ്രവകാരികളായ മുതിര്‍ന്നവരെമാത്രമല്ല; മറിച്ച്, ചില ബന്ധുമിത്രാദികളെയും സുഹൃത്തുക്കളെയും നേരിടേണ്ടതായി വരാം. ഇതിനായി ഭാര്യയും ഭര്‍ത്താവും ഒരുമിച്ചുനില്‍ക്കണം. സാധാരണകുടുംബങ്ങളില്‍, 'അവര്‍ പ്രായമുള്ളവരല്ലേ, അവരെ നന്നാക്കാന്‍ നോക്കേണ്ടാ' എന്ന ഉപദേശമായിരിക്കും ലഭിക്കുക. അതുമൊരു കുരുക്കാണ് (ഈ പറയുന്നതിന്റെ  അര്‍ഥം മക്കളും മരുമക്കളുംകൂടി വീട്ടില്‍ക്കയറാതെ കറങ്ങിനടക്കുക, മുതിര്‍ന്നവരെ ഉപദ്രവിക്കുക എന്നൊന്നുമല്ല. മര്‍ക്കടമുഷ്ടിക്കാരായ മുതിര്‍ന്നവരെ എങ്ങനെ സാമാന്യബുദ്ധിയുള്ളവരാക്കി മാറ്റാം എന്നതാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം). മക്കളും മരുമക്കളും ഒരുമിച്ചുനില്‍ക്കുകയെന്നാല്‍, ഉപദ്രവകാരികളായ മുതിര്‍ന്നവരാല്‍ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നില്ല എന്നു പരസ്പരം ഉറപ്പുവരുത്തുക എന്നാണ്. ഇതു സ്ത്രീകള്‍മാത്രമനുഭവിക്കുന്ന ഒരു പ്രശ്‌നമല്ല. ദത്തുനില്‍ക്കുന്ന ആണുങ്ങളും ഇത്തരം പ്രശ്‌നങ്ങളുമായി കൗണ്‍സലിങ്ങിനു വന്നിട്ടുണ്ട്.
ഗാര്‍ഹികപീഡനവും സ്വാതന്ത്ര്യം നിഷേധിച്ചുള്ള 
ഉപദ്രവവും തമ്മിലുള്ള വ്യത്യാസമെന്ത്?

    ഗാര്‍ഹികപീഡനത്തില്‍ ശാരീരികോപദ്രവം സര്‍വസാധാരണമാണ്. എന്നാല്‍, സ്വാതന്ത്ര്യം നിഷേധിക്കുന്നവര്‍ സ്‌നേഹം പ്രകടിപ്പിക്കുന്നവരും ഒപ്പം നില്‍ക്കുന്നവരുമാണ്. പക്ഷേ, അവരുടെ അനുവാദമില്ലാതെ, സ്വാതന്ത്ര്യം എടുക്കാന്‍ പാടില്ല. ഇതില്‍ അവര്‍ പിടിവാശിയുള്ളവരും മറിച്ചായാല്‍ പ്രകോപിതരുമാവാം. പൊതുവെ ഇത്തരക്കാര്‍ നല്ല അഭിനേതാക്കളാണ്. മക്കളെയും മരുമക്കളെയും തങ്ങളുടെ വഴിക്കു കൊണ്ടുവരാന്‍ ഇവര്‍ അനേകം അടവുകള്‍ പയറ്റും. അതില്‍ പ്രധാനം അസുഖങ്ങള്‍ അഭിനയിക്കുക എന്നതാണ്. തലകറക്കം, നെഞ്ചുവേദന, ഒഴിച്ചില്‍, അസ്വസ്ഥത, ബോധക്ഷയം, ആധികയറുക തുടങ്ങിയവ ചില ഉദാഹരണങ്ങള്‍മാത്രം. സാധാരണരീതിയില്‍ ഇവരുടെ മക്കളും മരുമക്കളും ഇത്തരം കാര്യങ്ങളെ ഭയത്തോടെ കാണുകയും ഹോസ്പിറ്റലില്‍ ആക്കുകയും ചെയ്യും. ഈ ലേഖനത്തില്‍ തുടക്കത്തില്‍ സൂചിപ്പിച്ച ദമ്പതികള്‍ 27 പ്രാവശ്യം തങ്ങളുടെ പരിപാടികള്‍ ഇത്തരം കാര്യങ്ങളാല്‍ മാറ്റിവച്ചിട്ടുണ്ട്. ഉപദ്രവസ്വഭാവമുള്ള മുതിര്‍ന്നവര്‍, മക്കളും മരുമക്കളും അവര്‍ പദ്ധതിയിട്ടിരിക്കുന്ന കാര്യത്തിനായി പുറത്തേക്കിറങ്ങാന്‍ ഒരുങ്ങുമ്പോഴായിരിക്കും നാടകം ആരംഭിക്കുക. ഇതു സത്യമാണോ അഭിനയമാണോ എന്നു തിരിച്ചറിയാന്‍ സൂക്ഷ്മനിരീക്ഷണപാടവമുണ്ടെങ്കിലേ കഴിയൂ.
അസുഖം നടിച്ച് ഉപദ്രവിക്കുന്നവര്‍ 
മാനസികരോഗികളോ?

    ഫാക്റ്റീഷിയസ് ഡിസോര്‍ഡര്‍ (എമരശേശേീൗ െഉശീെൃറലൃ) എന്ന 'അസുഖം നടിക്കുന്ന' രോഗികളാണിവര്‍. ചെറുപ്പകാലത്തു ലഭിക്കാത്ത സ്‌നേഹം നേടുക, മറ്റുള്ളവരുടെ ശ്രദ്ധയെ ആകര്‍ഷിക്കുക, താന്‍ വിചാരിക്കുന്നപോലെ കാര്യങ്ങള്‍ നടക്കണമെന്ന വാശി, മറ്റുള്ളവരെ ദ്രോഹിക്കണമെന്ന ആഗ്രഹം, തനിക്കു ലഭിക്കാത്തത്  മറ്റൊരാള്‍ക്കു ലഭിക്കരുത് എന്ന ഉറച്ച നിലപാട് ഇവയെല്ലാം  ഈ അസുഖത്തിലേക്കു വ്യക്തികളെ നയിക്കാം.
ഉപദ്രവകാരികളായ മുതിര്‍ന്നവരില്‍ അസുഖം നടിച്ച് ഉപദ്രവിക്കുന്നവരെയും മറ്റുള്ളവരെയും എങ്ങനെ മാറ്റിയെടുക്കാം?
മേല്‍സൂചിപ്പിച്ച പ്രശ്‌നങ്ങളുള്ള മുതിര്‍ന്നവരെ അവരുടെ തെറ്റുകള്‍ ബോധ്യപ്പെടുത്തി മാറ്റിയെടുക്കുക എന്നതു സങ്കീര്‍ണമാണ്. എങ്കിലും, അവരുടെ ഉള്ളിലുള്ള പ്രശ്‌നങ്ങളെ അവര്‍തന്നെ മനസ്സിലാക്കി, അതിന്റെ കാരണങ്ങള്‍ കണ്ടെത്തി തുറന്ന മനസ്സോടെ ഒരു കൗണ്‍സലിങ്ങിനു തയ്യാറായാല്‍ മാറ്റമുണ്ടാകും. അത്തരം മാറ്റം  മേല്‍സൂചിപ്പിച്ച സംഭവകഥയിലെ മുതിര്‍ന്ന ഉപദ്രവകാരികളിലുമുണ്ടായി.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)