പണ്ടുകാലത്തു കടലില്‍, പ്രധാനമായും വടക്കേ അമേരിക്കയുടെ ചുറ്റുപാടുമുള്ള കടലുകളില്‍ സംഭവിച്ചത്. ഇന്നത്തെ ഭീകരന്മാരായ  സ്രാവുകള്‍ക്ക് അതിഭീകരന്മാരായ എതിരാളികള്‍ ഉണ്ടായിരുന്നു. 45 അടി നീളമുള്ള  ശരീരവും കൂര്‍ത്ത പല്ലുകളുമൊക്കെയുള്ള അതിഭീകരസത്വങ്ങള്. ടൈലോസര്‍. മുഖം മുഴുവന്‍ വിടര്‍ത്തി വലുതാക്കാവുന്ന വലിയ വായുള്ള ടൈലോസര്‍ ഇരയെ അകത്താക്കി വായടച്ചാല്‍ കത്രികപ്പൂട്ടുപോലെയാകും. രക്ഷപ്പെടുക അസാധ്യം.
ടൈലോസറിന്റെ ഇഷ്ടവിഭവം സ്രാവിറച്ചിതന്നെ. സ്രാവിറച്ചിക്കായി അവനെന്തു സാഹസവും ചെയ്യും. സ്രാവുകളെ കൂട്ടത്തോടെ ആക്രമിക്കുകയാണു രീതി. എന്നാല്‍, സ്രാവും മോശക്കാരനല്ല. എളുപ്പത്തില്‍ അടിയറവു പറയില്ല. കൊടിയ പോരാട്ടത്തിനൊടുവില്‍ ടൈലോസറുകള്ക്കായിരുന്നു പലപ്പോഴും വിജയം. ഇവയുടെ ഫോസിലുകളില്‍ ധാരാളമായി സ്രാവുകളുടെ എല്ലുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ചില ടൈലോസറുകളുടെ നട്ടെല്ലിന്റെ ഫോസിലില്‍ സ്രാവിന്റെ പല്ലുകളുമുണ്ടായിരുന്നു. പോരാട്ടങ്ങളില്‍ പലപ്പോഴും സ്രാവുകളും മോശക്കാരായിരുന്നില്ല എന്നര്‍ഥം. ഇന്നത്തെ യൂറോപ്പിന്റെ പരിസരത്തുള്ള കടലുകളില്‍ ഏതാണ്ട് എട്ടരക്കോടി വര്‍ഷംമുമ്പാണ് ടൈലോസറുകള് ജീവിച്ചിരുന്നത്.
ചരിത്രാതീതകാലത്തു കടലില്‍ ജീവിച്ചിരുന്ന വമ്പന്കടല്ജീവികള്ക്കെന്തുപറ്റി? അവ ഇപ്പോഴും കടലിന്റെ അനന്തമായ ഇരുണ്ട ഉള്ളറകളില്‍ ജീവിച്ചിരിപ്പുണ്ടോ? ഏതാണ്ട് ആറരക്കോടി വര്‍ഷംമുമ്പ് കടലിലുണ്ടായ വന്‍ അഗ്നിപര്‍വതസ്ഫോടനം കടല്‍ജീവികളെ ഒന്നടങ്കം കൊന്നൊടുക്കിയെന്നാണു നിഗമനം. മാത്രമല്ല, കാലാവസ്ഥയിലുണ്ടായ വന്‍വ്യതിയാനങ്ങളും  ഇവയുടെ വംശനാശത്തിനു കാരണമായിരിക്കാം. ഇതുകൂടാതെ എന്നോ ഉണ്ടായ മറ്റു പ്രകൃതിദുരന്തങ്ങളും ഇവയുടെയൊക്കെ അന്തകരായിരിക്കണം. അതിഭയങ്കരങ്ങളായ ഒരുപാട് ഉല്‍ക്കകള്‍ കടലില്‍ പതിച്ചുണ്ടായ കനത്ത ആഘാതത്തില്‍ ഇമ്മാതിരി കടല്വമ്പന്മാര് ചത്തുമലച്ചുപോയിട്ടുണ്ടാവാമെന്നാണ് മറ്റൊരു സിദ്ധാന്തം.
പുരാതനകാലത്തെ ഈ തരത്തിലുള്ള സത്വങ്ങളുടെ പിന്‍ഗാമികള്‍ ഇന്നു കടലില്‍ ജീവിച്ചിരിക്കുന്നുണ്ടോ? ഉണ്ടാകാമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. എന്നാല്‍, ഇതുവരെ അതൊന്നും തെളിയിക്കാന്‍ ശാസ്ത്രത്തിനായിട്ടില്ല. ഇന്നു നാം കാണുന്ന സ്രാവുകളുടെ പൂര്വികര്തന്നെ കടലിലെ വമ്പന്സത്വങ്ങളായിരുന്നു. ടൈലോസറുകള് കുറ്റിയറ്റുപോയപ്പോള്‍ എങ്ങനെയോ അവറ്റയുടെ എതിരാളികളായിരുന്ന സ്രാവുകള്‍ കടലില്‍ പിടിച്ചുനിന്നു. ഒരുപക്ഷേ, മറ്റെല്ലാ കടല്ഭീമന്മാരും കടലിന്റെ ഇരുണ്ട ഗര്‍ത്തങ്ങളില്‍ ചത്തുമലച്ചപ്പോള്‍ സ്രാവുകളും കടലാമയുമൊക്കെ എങ്ങനെയോ രക്ഷപ്പെട്ടു. അസ്തമിച്ചുപോയ ചില കടല്‍ജീവികളുടെ അപൂര്വകാഴ്ചകളില് ചിലത് കാലം ബാക്കിവച്ചതെന്നു കരുതണം.
							
 മാത്യൂസ് ആർപ്പൂക്കര
                    
									
									
									
									
									
									
									
									
									
									
                    