ലോകത്തുള്ള 92 ശതമാനം ആള്‍ക്കാരും അശുദ്ധവായു ശ്വസിക്കുന്നവരാണെന്നാണ് പുതിയ പഠനഫലം. ഈ ദാരുണമായ പ്രതിഭാസം ആഗോളമായി അഞ്ചുലക്ഷംകോടി ഡോളറിന്റെ ധനബാധ്യതയാണ് ലോകരാഷ്ട്രങ്ങള്‍ക്കുണ്ടാക്കുന്നത്. ഭീതിദമായി വര്‍ധിച്ചുവരുന്ന ഓസോണ്‍മലിനീകരണത്തിന്റെ പ്രത്യാഘാതമായി 2030 ആകുന്നതോടെ കാര്‍ഷികവിളകളുടെ ഉത്പാദനം 26 ശതമാനമായി കുറയും. വായുമലിനീകരണംമൂലം ആഗോളമായി പ്രതിവര്‍ഷം ഏഴു ദശലക്ഷം ആള്‍ക്കാരാണ് മരണപ്പെടുന്നത്. ഇതില്‍ നാലു ദശലക്ഷം പേരും ഏഷ്യ-പസഫിക് പ്രദേശങ്ങളിലുള്ളവരാണെന്നതാണു പ്രത്യേകത.
ഭൂമുഖത്ത് ഏറ്റവും കൂടുതല്‍ വായുമലിനീകരണമുള്ള പത്തു നഗരങ്ങളില്‍ ഏഴും ഇന്ത്യയിലാണെന്ന പഠനറിപ്പോര്‍ട്ട് നമ്മെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. വരുംകാലങ്ങളില്‍ ജീവശ്വാസത്തിനായി ഇന്ത്യക്കാര്‍ എത്രമാത്രം ബുദ്ധിമുട്ടണമെന്ന മുന്നറിയിപ്പ്! ലോകനഗരങ്ങളിലെ അന്തരീക്ഷവായുവിന്റെ ഗുണനിലവാരം ശാസ്ത്രീയമായി വിലയിരുത്തി ഐക്യു എയര്‍വിഷ്വലും ഗ്രീന്‍പീസും ചേര്‍ന്നു തയ്യാറാക്കിയ പ്രസ്താവനയിലാണ് ഇന്ത്യന്‍ നഗരങ്ങളെക്കുറിച്ച് ഏറെ ഭയപ്പാടുളവാക്കുന്ന ഈ വെളിപ്പെടുത്തല്‍. വായുനിലവാരസൂചിക (എക്യുഐ), ശ്വാസകോശത്തെ ബാധിക്കുന്ന പര്‍ട്ടിക്കുലേറ്റ് മാറ്ററിന്റെ അളവ് എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വായുമലിനീകരണനിലവാരം സ്ഥിരീകരിക്കുന്നത്.
വര്‍ധിച്ചുവരുന്ന വായുമലിനീകരണം ഏറ്റവും കൂടുതലുള്ള ലോകത്തെ ഇരുപതുനഗരങ്ങളില്‍ പതിനഞ്ചും നമ്മുടെ രാജ്യത്താണെന്ന വസ്തുത ഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും അറിയില്ല. തലസ്ഥാനനഗരിയായ ഡല്‍ഹിയുടെ പ്രാന്തപ്രദേശത്തുള്ള ഗുരുഗ്രാമാണു വായുമലിനീകരണത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാമത് ഗാസിയാബാദ്. വായുമലിനീകരണം ഏറ്റവും വഷളായിട്ടുള്ള രാജ്യങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ബംഗ്ലാദേശും പാക്കിസ്ഥാനും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്നു. ഒരുകാലത്ത് വായുമലിനീകരണം ഏറെ ഗുരുതരമായിരുന്ന ചൈന സ്ഥിതി വളരെ മെച്ചപ്പെടുത്തി ഇപ്പോള്‍ പന്ത്രണ്ടാം സ്ഥാനത്താണ്. ഭൂമുഖത്ത് ഏറ്റവും മെച്ചപ്പെട്ട ശുദ്ധവായു ലഭിക്കുന്ന രാജ്യം ഐസ്‌ലാന്റാണ്. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡമനുസരിച്ച് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ 99 ശതമാനം നഗരങ്ങളും അത്യന്തം മലിനീകൃതമാണ്. എഴുപത്തിമൂന്നു രാജ്യങ്ങളിലെ മൂവായിരത്തോളം ഭൗമസങ്കേതങ്ങളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തോതുകള്‍ സ്ഥിരപ്പെടുത്തിയത്.
പഞ്ചാബ്, ഹരിയാന അതിര്‍ത്തികളിലെ കൃഷിയിടങ്ങളില്‍നിന്നുള്ള പുകയും മാലിന്യങ്ങളും മഞ്ഞും തിങ്ങി ഡല്‍ഹിയിലെ അന്തരീക്ഷമലിനീകരണം ഗുരുതരാവസ്ഥയിലെത്തി. പോരാത്തതിന് ഉള്‍ക്കൊള്ളാവുന്നതിലധികമായി വാഹനങ്ങളില്‍നിന്നു ബഹിര്‍ഗമിക്കുന്ന വിഷവാതകങ്ങള്‍കൂടിയാകുമ്പോള്‍ ഡല്‍ഹിജീവിതം അപകടാവസ്ഥയുടെ ലക്ഷ്മണരേഖ കടക്കുന്നു. ഇതിനെല്ലാം ഉപരിയാണ് ദീപാവലിസമയത്തും മറ്റ് ആഘോഷങ്ങളിലും പൊട്ടിച്ചുകൂട്ടുന്ന പടക്കവും. ഡല്‍ഹിയിലെ അന്തരീക്ഷവായുവിന്റെ നിലവാരം മരണദണ്ഡനത്തിനു സമമാണെന്ന് വിദഗ്ധര്‍ പ്രസ്താവിക്കുന്നു. നൂറിനു താഴെയായിരിക്കേണ്ട വായുനിലവാരസൂചിക (എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്) കഴിഞ്ഞ ശീതകാലത്ത് 400 കവിഞ്ഞിരുന്നു. 20 സിഗരറ്റ് വലിക്കുന്നതിനു തുല്യമായ മലിനവായുവാണ് ഒരു നവജാതശിശു ഓരോ സമയവും ശ്വസിക്കുന്നതെന്ന് ഡല്‍ഹിയിലെ ശിശുരോഗവിദഗ്ധര്‍ പറയുന്നു. മലിനീകൃതഡല്‍ഹി ഇന്ത്യയുടെ ഇതരസംസ്ഥാനങ്ങള്‍ക്കുള്ള താക്കീതാണ്. കേരളത്തിലെ വാഹനപ്പെരുപ്പവും പ്ലാസ്റ്റിക്കിന്റെ വിനിയോഗവും അന്തരീക്ഷമാലിന്യങ്ങളുടെ ആധിക്യവും ഓടകളില്‍ കെട്ടിക്കിടക്കുന്ന മലിനജലവും ഭാവിയിലുണ്ടാക്കാന്‍പോകുന്ന പല പുതിയ രോഗങ്ങള്‍ക്കും വിത്തുകള്‍ പാകുന്നു. ഇടുങ്ങിയ റോഡുകളിലെ ചിട്ടയില്ലാത്ത ട്രാഫിക്കും കുമിഞ്ഞുപൊങ്ങുന്ന പുകപടലവും കൊച്ചിനഗരവാസികളെ ഇപ്പോഴേ ശ്വാസം മുട്ടിച്ചുതുടങ്ങി.
ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ലോകം അഭിമുഖീകരിക്കുന്ന മഹാവിപത്തായിട്ടാണു പ്ലാസ്റ്റിക്മാലിന്യങ്ങളെ കണക്കാക്കുന്നത്. പ്ലാസ്റ്റിക്മാലിന്യങ്ങളുടെ ഗുരുതരമായ പ്രത്യാഘാതങ്ങളെപ്പറ്റി ചില യാഥാര്‍ഥ്യങ്ങള്‍ പരിശോധിക്കാം. ഓരോ മിനിട്ടിലും ലോകമാസകലം ഒരു ദശലക്ഷത്തിലധികം പ്ലാസ്റ്റിക്കുപ്പികളാണ് വില്‍ക്കപ്പെടുന്നത്. പ്രതിവര്‍ഷം അഞ്ചുലക്ഷം കോടി പ്ലാസ്റ്റിക്ബാഗുകളാണ് ഉപയോഗശൂന്യമായി പുറത്തേക്കു വലിച്ചെറിയപ്പെടുന്നത്. 1950 മുതല്‍ 1970 വരെ ഭൂമുഖത്ത് കൈയിലൊതുങ്ങാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളേ ഉത്പാദിപ്പിക്കപ്പെട്ടുള്ളൂ. എന്നാല്‍, രണ്ടു ദശകങ്ങള്‍ കഴിഞ്ഞ് 1990 ആയപ്പോള്‍ പ്ലാസ്റ്റിക് ഉത്പാദനം മൂന്നിരട്ടിയായി വര്‍ധിച്ചു. 2018 ലെ കണക്കു പരിശോധിച്ചാല്‍ 300 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പ്രതിവര്‍ഷം പുറത്തേക്കു വലിച്ചെറിയപ്പെടുന്നത്. ഭൂമുഖത്ത് ആകെയുള്ള മനുഷ്യരുടെ ഭാരമാണിതെന്നോര്‍ക്കണം. 1950 നു ശേഷം ലോകത്ത് ആകെ 8.3 ലക്ഷം കോടി ടണ്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഇതില്‍ 60 ശതമാനവും പരിസ്ഥിതിയില്‍ മാലിന്യങ്ങളായി അടിഞ്ഞുകൂടിക്കൊണ്ടിരിക്കുന്നു. ഓരോ വര്‍ഷവും 8 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കരയില്‍നിന്നു കടലില്‍ എത്തിച്ചേരുന്നു. പ്ലാസ്റ്റിക്മാലിന്യങ്ങള്‍ കരയിലായാലും കടലിലായാലും നൂറ്റാണ്ടുകളോളം അഴിയാതെ സ്ഥിതിചെയ്യുമെന്ന് ഗവേഷണങ്ങള്‍ സ്ഥിരീകരിക്കുന്നു. ഇതിന്റെ അംശങ്ങള്‍ ജലത്തിലൂടെയും വായുവിലൂടെയും സഞ്ചരിച്ച് മാനവരാശിക്ക് അതിഗുരുതരമായ രോഗാതുരതകള്‍ ഉണ്ടാക്കുന്നു. പ്ലാസ്റ്റിക്കിന്റെ ഉത്പാദനവും വിപണനവും ഇതേ വേഗത്തില്‍ മുന്നോട്ടുപോയാല്‍ 2050 ആകുന്നതോടെ കടലില്‍ മത്സ്യസമ്പത്തിനെക്കാള്‍ കൂടുതലായി പ്ലാസ്റ്റിക്മാലിന്യങ്ങള്‍ ഉണ്ടാകുമെന്നു കണക്കുകള്‍ പ്രസ്താവിക്കുന്നു.
അന്തരീക്ഷമലിനീകരണം ഹാര്‍ട്ടറ്റാക്കിനു വഴിയൊരുക്കുന്ന പ്രതിഭാസം നാം കാണുന്നു. വര്‍ധിച്ച ഗതാഗതത്തിരക്കിലും അന്തരീക്ഷമലിനീകരണത്തിലും പെട്ടവര്‍ക്ക് ഹൃദ്രോഗസാധ്യത 7.4 ശതമാനത്തിലെത്തുമെന്ന് ഈയടുത്തുനടന്ന പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇതു മറ്റ് ഉദ്ദീപനഘടകങ്ങളുടെ മുന്‍പന്തിയില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നു. നൈട്രജന്‍ ഓക്‌സൈഡും പുകയിലപ്പുകയും പ്രാണവായു കുറഞ്ഞ മറ്റു പുകമിശ്രിതങ്ങളും വിഷലിപ്തമായ പൊടിപടലങ്ങളുമൊക്കെക്കൂടി മലിനീകൃതമായ അന്തരീക്ഷവായു സ്ഥിരമായി ശ്വസിച്ചാല്‍ ഹാര്‍ട്ടറ്റാക്കുണ്ടാകാനുള്ള സാധ്യതയേറുമെന്ന് അമേരിക്കയിലെ 90 നഗരങ്ങളിലുള്ള 50 ദശലക്ഷം ആള്‍ക്കാരില്‍ നടത്തിയ 'നാഷണല്‍ മോര്‍ട്ടാലിറ്റി ആന്‍ഡ് മോര്‍ബിഡിറ്റി എയര്‍ പൊല്യൂഷന്‍ സ്റ്റഡി' തെളിയിച്ചു. ജീവിതകാലംമുഴുവന്‍ മലിനമായ അന്തരീക്ഷത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ക്ക് ആയുര്‍ദൈര്‍ഘ്യം സാരമായി കുറയുന്നു.
മലിനീകൃതമായ അന്തരീക്ഷവായുവില്‍ കാണുന്ന ഘടകങ്ങള്‍ ഏതൊക്കെയാണ്? ഓസോണ്‍, പൊടിപടലം, കാര്‍ബണ്‍ മോണോക്‌സൈഡ്, ഈയം, നൈട്രജന്‍ ഡയോക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ്, മെര്‍ക്കുറി, ആര്‍സെനിക്, ബെന്‍സിന്‍, ഫോര്‍മാല്‍ഡിഹൈഡ്, അമ്ലകണികകള്‍, വാഹനപ്പുക തുടങ്ങിയ ആയിരക്കണക്കിനു രാസഘടകങ്ങള്‍ മലീമസമായ അന്തരീക്ഷവായുവില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. നിരവധി ഖരകണങ്ങളും ദ്രാവകണകങ്ങളും ഉള്‍പ്പെടുന്ന വാതകമിശ്രിതമാണ് വിഷലിപ്തമായ അന്തരീക്ഷവായു. അമേരിക്കന്‍ ലങ് അസോസിയേഷന്റെ പഠനപ്രകാരം മലിനീകൃതമായ അന്തരീക്ഷത്തില്‍ ജീവിക്കുമ്പോള്‍ ആസ്ത്മ, ബ്രോങ്കൈറ്റിസ്, അര്‍ബുദം, ഹൃദ്രോഗം, സ്‌ട്രോക്ക് തുടങ്ങിയ മാരകരോഗാവസ്ഥകള്‍മൂലം ആശുപത്രിയില്‍ വരുന്നവരുടെ എണ്ണം കൂടുകയാണ്.
ലോകജനതയുടെ പകുതിയിലധികംപേര്‍ ഇപ്പോഴും വിറക്, ചാണകം, കല്‍ക്കരി തുടങ്ങിയവകൊണ്ടാണ് ഭക്ഷണം പാകംചെയ്യുന്നത്. ഇതില്‍നിന്നുള്ള പുകയെല്ലാം അന്തരീക്ഷത്തില്‍ അലിയുകയാണ്. പാചകപ്പുകയില്‍ വിഷവാതകമായ കാര്‍ബണ്‍ മോണോക്‌സൈഡ് ധാരാളമായുണ്ട്. ഇതു ശ്വസിക്കുന്നതുകൊണ്ടു മാത്രം ഭൂമുഖത്ത് പ്രതിവര്‍ഷം ഒന്നരദശലക്ഷം പേര്‍ മരണപ്പെടുന്നു. വിഷലിപ്തമായ അന്തരീക്ഷവായുവിന്റെ പ്രത്യാഘാതങ്ങള്‍ ഏറെയും അനുഭവിക്കുന്നത് നവജാതശിശുക്കളും കുട്ടികളും വയോധികരുമാണ്. 20 ശതമാനം ശ്വാസകോശാര്‍ബുദവും അന്തരീക്ഷവായുമലിനീകരണംകൊണ്ടുതന്നെ.
വായുമലിനീകരണംമൂലം ഹൃദ്രോഗമുണ്ടാകുന്നത് ഏറെ സങ്കീര്‍ണമായ പ്രക്രിയയിലൂടെയാണ്. തുടര്‍ച്ചയായി വിഷലിപ്തമായ വായു ശ്വസിച്ചാല്‍ ഹൃദയധമനികളില്‍ രക്തക്കട്ടയുണ്ടാകാനുള്ള സാധ്യയേറുന്നു. ക്രമംതെറ്റിയ ഹൃദയമിടിപ്പുണ്ടാകുന്നു. പെട്ടെന്ന് കൊറോണറി ധമനികള്‍ ചുരുങ്ങുന്നു. അമിതമായ ഓക്‌സീകരണവും ധമനീവീക്കവുമുണ്ടാകുന്നു. മേല്പറഞ്ഞ പ്രതികൂലപരിവര്‍ത്തനങ്ങളെല്ലാം ഹൃദയധമനികളിലെ 'പ്ലാക്ക്' പൊട്ടി അവിടെ രക്തക്കട്ടയുണ്ടാകുന്നതിനുള്ള ശക്തമായ ട്രിഗറുകളാകുന്നു. ഈ അവസ്ഥ സംഹാരതാണ്ഡവമാടുന്ന ഹാര്‍ട്ടറ്റാക്കിലേക്കു നയിക്കുന്നു.
നഗരവത്കരണം ഊര്‍ജസ്വലമായി മുന്നേറുന്നതോടെ സംഭവിക്കുന്ന രണ്ടു പ്രതിഭാസങ്ങളാണ് ഗതാഗതത്തിരക്കുകളും അന്തരീക്ഷമലിനീകരണവും. ലോകത്ത് ഏറ്റവും കൂടുതല്‍ വായുമലിനീകരണമുണ്ടായിരുന്ന ചൈന ആ വിപത്തില്‍നിന്നു രക്ഷപ്പെട്ടത് വാഹനങ്ങള്‍ സിംഹഭാഗവും 'ഇലക്ട്രിക്' ആക്കിയതിലൂടെയാണ്. ലോകത്തിലെ 99 ശതമാനം ഇലക്ട്രിക് ബസുകളും ചൈനയിലാണ് ഓടുന്നത്. ഇന്ത്യപോലുള്ള രാജ്യങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ അവഗണിച്ചുകൊണ്ടു ധൃതഗതിയിലുള്ള നഗരവത്കരണം അന്തരീക്ഷസന്തുലിതാവസ്ഥയെ തകിടം മറിക്കുന്നു. മലിനീകരണംമൂലമുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയ്ക്കായി ഇന്ത്യയുടെ മൊത്തം ആഭ്യന്തരവരുമാനത്തിന്റെ 8.5 ശതമാനം നഷ്ടമാകുന്നു. അതായത്, പ്രതിരോധബജറ്റിനായി ചെലവിടുന്നതിനേക്കാള്‍ കൂടുതല്‍! തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയം വൈകിയിട്ടില്ല.