ഒരു ബഹുസ്വരസമൂഹത്തില്‍ വിവിധ സമുദായങ്ങള്‍ക്കെന്നപോലെ ക്രൈസ്തവസമുദായത്തിനും അര്‍ഹിക്കുന്ന അംഗീകാരങ്ങളും അവകാശങ്ങളും ലഭിക്കേണ്ടതുണ്ട്. ഭരണഘടനയിലൂടെയും നിയമനിര്‍മ്മാണങ്ങളിലൂടെയും സ്ഥാപിക്കപ്പെട്ടിരിക്കുന്ന മതന്യൂനപക്ഷസമുദായങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ആരുടെയും ഔദാര്യമല്ല. അതിനാല്‍ത്തന്നെ അര്‍ഹതപ്പെട്ടവ നേടിയെടുക്കാന്‍ സഭാംഗങ്ങള്‍ എന്ന നിലയിലും സമുദായാംഗങ്ങള്‍ എന്ന നിലയിലും ക്രൈസ്തവജനത ഒത്തൊരുമിച്ചു പ്രയത്‌നിക്കണം.
ഭാരതത്തിന്റെ ഭരണഘടന മത-ഭാഷാന്യൂനപക്ഷങ്ങള്‍ക്കു പ്രത്യേകമായ സുരക്ഷ വിഭാവനം ചെയ്തിട്ടുണ്ട്. ന്യൂനപക്ഷവിഭാഗങ്ങള്‍ക്കു ഭൂരിപക്ഷവിഭാഗങ്ങളുടേതിനു തുല്യമായ വളര്‍ച്ച ഉറപ്പുവരുത്തുന്നതിനുവേണ്ടിയുള്ള ക്ഷേമപദ്ധതികള്‍ മാറിമാറി വന്ന ഭരണകൂടങ്ങള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇത്തരം ക്ഷേമപദ്ധതികള്‍ നടപ്പില്‍വരുത്തുന്നതിനാവശ്യമായ സംവിധാനങ്ങളും നിലവിലുണ്ട്. ഭാരതത്തില്‍ ക്രൈസ്തവസമൂഹം ന്യൂനപക്ഷ വിഭാഗമായിട്ടാണു പരിഗണിക്കപ്പെടുന്നത്. അതേസമയം, ന്യൂനപക്ഷങ്ങളെക്കുറിച്ചും അവര്‍ക്കായി ഒരുക്കിയിട്ടുള്ള വിവിധങ്ങളായ ക്ഷേമപദ്ധതികളെക്കുറിച്ചും ഈ പദ്ധതികളില്‍നിന്ന് ക്രൈസ്തവര്‍ എങ്ങനെ തഴയപ്പെടുന്നുവെന്നതിനെക്കുറിച്ചും പരിശോധിക്കേണ്ടതാണ്.
1. ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷസംരക്ഷണം
ഭാരതംപോലുള്ള വലിയ ഒരു രാജ്യത്ത് ചെറുതും വലുതുമായ ധാരാളം സമൂഹങ്ങള്‍ മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും സംസ്‌കാരത്തിന്റെയും ആചാരങ്ങളുടെയും തലങ്ങളില്‍ തങ്ങളുടേതായ സ്വത്വം നിലനിറുത്തി മുന്നോട്ടുപോകുന്നുണ്ട്. അപ്രകാരമുള്ള സമൂഹങ്ങളുടെ സ്വത്വത്തിനു വിഘാതം ഭവിക്കാതെ സംരക്ഷിച്ചുകൊണ്ടുപോകേണ്ടത് ഭരണകൂടങ്ങളുടെ കടമയാണ്. അതിനുവേണ്ടിയാണ് പ്രത്യേകമായ അവകാശങ്ങള്‍ സംരക്ഷണം ആവശ്യമുള്ള ചെറിയ സമൂഹങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്കുന്നത്. സമത്വവും വിവേചനരാഹിത്യവും പൗരസ്വാതന്ത്ര്യവും ഭാരതഭരണഘടന ഉറപ്പുനല്കുന്നുണ്ട്. വിവേചനരഹിതമായ സമത്വം ഭാഷാപരവും മതപരവുമായ കാരണങ്ങളാല്‍ ന്യൂനപക്ഷങ്ങളായവര്‍ക്കു പ്രദാനം ചെയ്യുന്നതിനുവേണ്ടിയാണ് ഭരണഘടനയില്‍ ഇപ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ളത്. ആര്‍ട്ടിക്കിള്‍ 14 (സമത്വത്തിനുള്ള അവകാശം), ആര്‍ട്ടിക്കിള്‍ 25 (മതസ്വാതന്ത്ര്യത്തിനുള്ള അവകാശം), ആര്‍ട്ടിക്കിള്‍ 29 (ന്യൂനപക്ഷതാത്പര്യങ്ങളുടെ സംരക്ഷണം), ആര്‍ട്ടിക്കിള്‍ 30 (വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും ഭരണം നടത്തുന്നതിനുമുള്ള അവകാശം) എന്നിവ പ്രത്യേകം സ്മരണീയമാണ്.
2. ന്യൂനപക്ഷക്ഷേമപദ്ധതികള്‍
ഭരണഘടന നല്കിയിരിക്കുന്ന സംരക്ഷണങ്ങളെ സര്‍ക്കാര്‍തലത്തില്‍ പ്രയോഗവത്കരിക്കുന്ന സംവിധാനമാണ് ന്യൂനപക്ഷക്ഷേമവിഭാഗം. 2006 ജനുവരി 29 നാണ് ന്യൂനപക്ഷക്ഷേമവകുപ്പ് നിലവില്‍വന്നത്. വിദ്യാഭ്യാസ ശക്തീകരണം, അടിസ്ഥാനസൗകര്യവികസനം, സാമ്പത്തിക ശക്തീകരണം, പ്രത്യേക ആവശ്യങ്ങളുടെ പൂര്‍ത്തീകരണം, ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ശക്തിപ്പെടുത്തല്‍ എന്നീ വികസനക്ഷേമപദ്ധതികള്‍വഴി ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ന്യൂനപക്ഷങ്ങളെ ഉദ്ധരിക്കുവാനാണ് സര്‍ക്കാര്‍ ഉദ്യമിക്കുന്നത്. 2005 ഫെബ്രുവരിയില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രധാനമന്ത്രിയുടെ 15 ഇന ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ഓഗസ്റ്റ് 15 ന് പ്രഖ്യാപിക്കുകയുണ്ടായി. 2006 ജൂണില്‍ അതില്‍ ഭേദഗതികള്‍ വരുത്തി. പ്രധാനമന്ത്രിയുടെ 15 ഇന ന്യൂനപക്ഷക്ഷേമപദ്ധതികളില്‍ ആദ്യ അഞ്ചു കാര്യങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസാവസരങ്ങളുടെ വര്‍ദ്ധനയെക്കുറിച്ച് പ്രതിപാദിക്കുന്നു. ആറുമുതല്‍ പത്തുവരെയുള്ള നമ്പറുകളില്‍ പ്രതിപാദിക്കുന്നത് സാമ്പത്തിക തൊഴില്‍മേഖലയിലെ തുല്യപങ്കാളിത്തത്തെക്കുറിച്ചാണ്. പതിനൊന്നും പന്ത്രണ്ടും നമ്പറുകള്‍ ന്യൂനപക്ഷങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതു സംബന്ധിച്ചും പതിമ്മൂന്നുമുതല്‍ പതിനഞ്ചുവരെയുള്ളവ സാമുദായികലഹള തടയുന്നതു സംബന്ധിച്ചും പ്രതിപാദിക്കുന്നു.
3. വിവിധ ന്യൂനപക്ഷ കമ്മീഷനുകള്‍
ന്യൂനപക്ഷവിഭാഗങ്ങളെ സഹായിക്കുന്നതിനും അവരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്നതിനുംവേണ്ടി സര്‍ക്കാര്‍ വിവിധ കമ്മീഷനുകള്‍ രൂപവത്കരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി 1992 ല്‍ കേന്ദ്രസര്‍ക്കാര്‍ നാഷണല്‍ കമ്മീഷന്‍ ഫോര്‍ മൈനോരിറ്റീസ് ആക്ട് പാസ്സാക്കി. 1992 മേയ് 17 ന് ഈ ആക്ട് നിലവില്‍വന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസപരമായ വളര്‍ച്ച, അവര്‍ക്കായുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, അവര്‍ക്കര്‍ഹമായ രാഷ്ട്രീയ പ്രാധാന്യമുറപ്പിക്കല്‍, അവരുടെ സാമൂഹിക സാമ്പത്തിക വികസനം, ആവശ്യമായ സുരക്ഷിതത്വം ഉറപ്പാക്കല്‍ എന്നിവയാണ് ഈ ആക്ടിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. ഈ ആക്ട് പ്രകാരമാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിലവില്‍വന്നത്. കേന്ദ്ര ന്യൂനപക്ഷമന്ത്രാലയത്തിനുകീഴില്‍ ദേശീയന്യൂനപക്ഷകമ്മീഷന്‍ കൂടാതെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷനും, ദേശീയ ന്യൂനപക്ഷവികസന ധനകാര്യ കമ്മീഷനും പ്രവര്‍ത്തിക്കുന്നു. സംസ്ഥാന ന്യൂനപക്ഷമന്ത്രാലയത്തിനു കീഴിലാകട്ടെ, സംസ്ഥാന ന്യൂനപക്ഷകമ്മീഷനും സംസ്ഥാന ന്യൂനപക്ഷവികസന ധനകാര്യ കമ്മീഷനും പ്രവര്‍ത്തിക്കുന്നുണ്ട്.
ന്യൂനപക്ഷവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍, ന്യൂനപക്ഷവിദ്യാഭ്യാസസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുവരുന്ന വിഷയങ്ങളില്‍ ഇടപെടുന്നതിനും ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസഅവകാശം നിഷേധിക്കപ്പെടാതിരിക്കുന്നതിനും ഭരണഘടനവഴിയും നിയമനിര്‍മ്മാണംവഴിയും ലഭിച്ചിട്ടുള്ള ന്യൂനപക്ഷ വിദ്യാഭ്യാസാവകാശം സംരക്ഷിക്കുന്നതിനും ന്യൂനപക്ഷവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷപദവിനല്കുന്നതിനുംവേണ്ടിയുള്ളതാണ്.
1994 ല്‍ രൂപവത്കരിച്ച ദേശീയ ന്യൂനപക്ഷവികസന ധനകാര്യ കോര്‍പ്പറേഷനാകട്ടെ, ന്യൂനപക്ഷങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതി ഉറപ്പുവരുത്തുന്നതിനുംവേണ്ടിയുള്ളതാണ്.
സംസ്ഥാന ന്യൂനപക്ഷവികസന ധനകാര്യ കോര്‍പ്പറേഷന്‍ 2013 ലാണ് രൂപീകരിക്കപ്പെട്ടത്. സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കീഴിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്കുന്ന ഫണ്ട് ഉപയോഗിച്ച് കുറഞ്ഞ പലിശനിരക്കില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വായ്പാസഹായം നല്കുകയാണ് ഇതിന്റെ ലക്ഷ്യം.
4. പ്രധാനമന്ത്രി ജന്‍വികാസ് കാര്യക്രമം
കേന്ദ്ര ന്യൂനപക്ഷവകുപ്പിന്റെ ആഭിമുഖ്യത്തിലുണ്ടായിരുന്ന ന്യൂനപക്ഷങ്ങള്‍ക്കുള്ള മള്‍ട്ടി സെക്ടറല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം ഇപ്പോള്‍ പ്രധാനമന്ത്രി ''ജന്‍വികാസ് കാര്യക്രം'' എന്നപേരിലാണ് അറിയപ്പെടുന്നത്. ജില്ലാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ന്യൂനപക്ഷവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തി പൊതുസമൂഹത്തില്‍ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ തലങ്ങളിലും പുതിയ സംരംഭങ്ങളിലൂടെ സാമൂഹിക സാമ്പത്തിക ജീവിതസാഹചര്യങ്ങള്‍ പരിപോഷിപ്പിക്കുന്ന നൂതനപദ്ധതികളാണ് ഇപ്രകാരം നടപ്പിലാക്കുന്നത്. പദ്ധതിനടത്തിപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലെ മൂന്നാം ഖണ്ഡികയില്‍ 1992 ലെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ മൈനോരിറ്റീസ് ആക്ട് 2 (സി) പ്രകാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന വിവിധ ന്യൂനപക്ഷങ്ങളായ മുസ്ലീംകള്‍, ക്രിസ്ത്യാനികള്‍, സിക്കുകാര്‍, ബുദ്ധര്‍, പാഴ്‌സികള്‍, ജൈനര്‍ എന്നീ ആറ് മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഈ പദ്ധതിയുടെ ഗുണഫലങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഓരോ ജില്ലയുടെയും കളക്ടര്‍ ചെയര്‍മാനും ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) കണ്‍വീനറും ജില്ലയിലെ എം.പി.മാര്‍, എം.എല്‍.എ.മാര്‍, പോലീസ് മേധാവി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ കൂടാതെ ന്യൂനപക്ഷ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് മൂന്നുപേരും ഉള്‍ക്കൊള്ളുന്ന ഒരു സമിതിയാണ് ഇതിനു നേതൃത്വം കൊടുക്കുന്നത്. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം ഓരോ ജില്ലയിലെയും മതസംഖ്യാനുപാതമായിരിക്കും.
5. സംസ്ഥാന ന്യൂനപക്ഷകമ്മീഷന്‍
ന്യൂനപക്ഷക്ഷേമവിഭാഗത്തെക്കുറിച്ചും അതിനായി പ്രവര്‍ത്തിക്കുന്ന വിവിധ കമ്മീഷനുകളെക്കുറിച്ചും അവയുടെ പ്രവര്‍ത്തനസംവിധാനങ്ങളെക്കുറിച്ചും നാം കണ്ടു. എന്നാല്‍, ഇപ്രകാരമുള്ള കമ്മീഷന്റെ വിപുലമായ ആനുകൂല്യങ്ങള്‍ എപ്രകാരമാണ് ക്രൈസ്തവസമുദായത്തിനും മറ്റു ചെറിയ സമുദായങ്ങള്‍ക്കും നിഷേധിക്കപ്പെടുന്നത് എന്നതിനെക്കുറിച്ച് നമുക്കു പരിശോധിക്കാം.
2014 ലെ മൈനോരിറ്റി കമ്മീഷന്‍ ആക്ട് അനുസരിച്ച് കേരളത്തിന്റെ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കീഴിലുള്ള മൈനോരിറ്റി കമ്മീഷനില്‍ രണ്ടാമത്തെ മെമ്പറെ തിരഞ്ഞെടുക്കേണ്ടത് ചെയര്‍പേഴ്‌സന്റേതല്ലാത്ത കമ്മ്യൂണിറ്റിയില്‍നിന്നായിരിക്കണം എന്നാണ് വ്യവസ്ഥ ചെയ്തിരുന്നത്. അതായത്, ഒരു ന്യൂനപക്ഷസമുദായാംഗം ചെയര്‍മാനും ''മറ്റൊരു'' ന്യൂനപക്ഷ സമുദായത്തില്‍നിന്നുള്ള ഒരംഗവും ഒരു ന്യൂനപക്ഷത്തില്‍നിന്നുള്ള വനിതാംഗവും എന്ന രീതിയില്‍ കമ്മീഷന്‍ രൂപീകരിക്കണമെന്ന് അര്‍ത്ഥം. എന്നാല്‍, ഈ സര്‍ക്കാര്‍ 2017 ലെ 14-ാം നിയമസഭാസമ്മേളനത്തില്‍ പ്രസ്തുത വിജ്ഞാപനത്തില്‍ ഒരു ഭേദഗതി കൊണ്ടുവരികയുണ്ടായി.
അതിന്‍പ്രകാരം ''മറ്റൊരു'' എന്നതിനു പകരം 'ഒരു' എന്ന് ഭേദഗതി വരുത്തി. ഈ ഭേദഗതി പ്രകാരം ചെയര്‍മാനും രണ്ടാമത്തെ അംഗവും വേണമെങ്കില്‍ വനിതാംഗവും ഒരേ സമുദായത്തില്‍നിന്നു വരുന്നതിനു വഴിതുറന്നിട്ടിരിക്കയാണ്. ഇത് അംഗീകരിക്കാനാവാത്ത പക്ഷപാതപരമായ നിലപാടാണ്.
നിലവിലുള്ള ന്യൂനപക്ഷകമ്മീഷന്‍ ഈ തിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രൂപീകൃതമായത് എന്ന ഖേദകരമായ വസ്തുത ഇവിടെ സ്മരണീയമാണ്.
ക്രിസ്ത്യാനികളുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെയും ഗൗരവമായി പഠിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, ഭാരതത്തില്‍ പൊതുവേ പിന്നാക്കാവസ്ഥയില്‍ കഴിയുന്ന ക്രൈസ്തവരുടെ ന്യായമായ ആവശ്യങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു കഴിയുന്നില്ല എന്നതു വ്യക്തമാണ്. കേരളത്തിലെ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടവരുടെ സാമ്പത്തികം, സാമൂഹികം, സാംസ്‌കാരികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളുടെ പ്രശ്‌നം പഠിക്കാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ പരിശ്രമം നടത്തിയിട്ടുള്ളതും അപ്രകാരമുള്ള പഠനം തുടര്‍ന്നുവരുന്നതുമാണെന്നു മനസ്സിലാക്കുന്നു. ക്രൈസ്തവരായ ന്യൂനപക്ഷ ദുര്‍ബലവിഭാഗങ്ങളില്‍പ്പെട്ട പിന്നാക്കക്കാരുടെയും ബി.പി.എല്‍. കാരുടെയും പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മീഷന്‍ നടത്തിയ ശ്രമങ്ങളെ ശ്ലാഘിക്കുന്നു. എന്നാല്‍, ക്രൈസ്തവപിന്നാക്കാവസ്ഥയെപ്പറ്റി അതിവിശദമായ പഠനറിപ്പോര്‍ട്ട് സര്‍ക്കാരിനു നല്‍കാന്‍ ന്യൂനപക്ഷ കമ്മീഷന് ഇതുവരെ സാധിച്ചിട്ടില്ല. അതിനാല്‍, ക്രൈസ്തവ പിന്നാക്കാവസ്ഥയെപ്പറ്റി പഠിക്കാന്‍ ഒരു പ്രത്യേക സമിതിയെ സര്‍ക്കാര്‍ എത്രയും വേഗം നിയോഗിക്കേണ്ടതാണ്. ക്രൈസ്തവരുള്‍പ്പെടെയുള്ള ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കു വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ നിലവിലുള്ള 80:20 എന്ന അനുപാതം പ്രകടമായ അനീതിയാണ്.
6. ക്രൈസ്തവര്‍ നേരിടുന്ന പ്രതിസന്ധികള്‍
കേരളത്തില്‍ കാര്‍ഷികമേഖലയിലും മത്സ്യബന്ധനമേഖലയിലും നിര്‍മ്മാണമേഖലയിലും മറ്റു തൊഴിലിടങ്ങളിലും ഉപജീവനം കണ്ടെത്തി മുന്നോട്ടുപോകുന്നവരാണ് ക്രൈസ്തവര്‍. കേരള ക്രൈസ്തവരില്‍ നല്ലൊരു വിഭാഗം ദളിത് വിഭാഗങ്ങളില്‍ പെട്ടവരുമാണ്. ഓരോ വിഭാഗത്തിലെയും ആളുകള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ വ്യത്യസ്തമാണ്. അവ ഓരോന്നിനെയുംകുറിച്ചു ഗൗരവമായ പഠനം ആവശ്യമാണ്. സ്വാതന്ത്ര്യാനന്തരഭാരതത്തിലെ ആദ്യ കാനേഷുമാരി കണക്കുപ്രകാരം കേരളത്തില്‍ 20.9 ശതമാനം ഉണ്ടായിരുന്ന ക്രൈസ്തവര്‍ 2011 ലെ കാനേഷുമാരി കണക്കുപ്രകാരം 18.4 ശതമാനമായി കുറഞ്ഞിരിക്കുന്നു.
ക്രൈസ്തവരായ അഭ്യസ്തവിദ്യരും അര്‍ഹരുമായ ഉദ്യോഗാര്‍ത്ഥികളില്‍ പലരും സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാനാവാത്തതുകൊണ്ട് ജോലിയന്വേഷിച്ചു വിദേശങ്ങളിലേക്കു കുടിയേറാന്‍ നിര്‍ബ്ബന്ധിതരാകുന്നു.
മുപ്പതിന അഭ്യര്‍ത്ഥനകള്‍
മേല്‍പ്പറഞ്ഞ വസ്തുതകള്‍ എല്ലാം പരിഗണിച്ച് ഏതാനും ചില ആവശ്യങ്ങള്‍ ഇവിടെ ഉന്നയിക്കട്ടെ.
1. നിലവിലുള്ള നിയമത്തിന്റെ എല്ലാ ആനുകൂല്യങ്ങള്‍ക്കും 80:20 എന്ന അനുപാതം മാറ്റി ജനസംഖ്യ അടിസ്ഥാന അനുപാതത്തിലൂടെ തുല്യനീതി നടപ്പിലാക്കുക.
2. പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷനെ ഫണ്ടുകൊണ്ടും സംവിധാനങ്ങള്‍കൊണ്ടും ശക്തിപ്പെടുത്തി പരിവര്‍ത്തിത ക്രൈസ്തവരുടെ ക്ഷേമം ഉറപ്പാക്കണം.
3. കേരളത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള എല്ലാ സാമ്പത്തികാനുകൂല്യങ്ങളും പട്ടികജാതിയില്‍നിന്ന് മതപരിവര്‍ത്തനം നടത്തിയ ദളിത് ക്രൈസ്തവര്‍ക്കും നല്കുക.
4. പ്രീ മെട്രിക്/മെട്രിക് സ്‌കോളര്‍ഷിപ്പുകളുടെ തുകയും എണ്ണവും ഇരട്ടിയാക്കുക.
5. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റൈപ്പന്റ് തുക ഇരട്ടിയാക്കുക.
6. ക്രീമിലെയര്‍ പ്രകാരം മെഡിക്കല്‍ കോളജ്, എന്‍ജിനീയറിംഗ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യഹോസ്റ്റല്‍സൗകര്യം ഏര്‍പ്പെടുത്തുക.
7. സുറിയാനി, ലത്തീന്‍ എന്നീ ഭാഷകള്‍ക്ക് പഠനകേന്ദ്രങ്ങള്‍ ആരംഭിക്കുക.
8. ട്രെയിനിംഗ് സെന്ററുകളും സബ്‌സെന്ററുകളും ക്രൈസ്തവര്‍ക്കു പ്രത്യേകമായി അനുവദിക്കുക.
9. ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട ഭൂരഹിതര്‍ക്ക് അതതു ജില്ലയില്‍ത്തന്നെ ഭൂമി നല്കുക.
10. ഭൂരഹിതരായ ദളിത് ക്രൈസ്തവര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഭൂമിയും, പാര്‍പ്പിടവും സൗജന്യനിരക്കില്‍ കിട്ടാന്‍ നടപടികള്‍ സ്വീകരിക്കുക.
11. ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട ക്രൈസ്തവര്‍ക്ക് സൗജന്യവൈദ്യുതി നല്കുക.
12. അനാഥ ക്രൈസ്തവ കുട്ടികളുടെ സംരക്ഷണത്തിനു പ്രത്യേക സ്ഥാപനങ്ങള്‍ അനുവദിക്കുക.
13. ക്രൈസ്തവവിധവകളുടെ സംരക്ഷണത്തിന് പ്രത്യേക സംവിധാനം ഒരുക്കുക.
14. മത്സ്യബന്ധനത്തിനുള്ള വള്ളം, വല, ഔട്ട്‌ബോര്‍ഡ് എന്‍ജിനുകള്‍ എന്നിവയ്ക്ക് സബ്‌സിഡിയും ലോണും നല്കുക.
15. മത്സ്യബന്ധനത്തിനുള്ള ഡീസല്‍ സബ്‌സിഡൈസ് ചെയ്യുക.
16. പട്ടികജാതിവര്‍ഗ്ഗക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ന്യൂനപക്ഷ ക്രൈസ്തവരായ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും നല്കുക.
17. മത്സ്യത്തൊഴിലാളിമേഖലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക.
18. കടലില്‍ മരണമടയുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളുടെ സംരക്ഷണത്തിനു പ്രത്യേക പദ്ധതി നടപ്പിലാക്കുക.
19. കര്‍ഷകത്തൊഴിലാളികള്‍ക്ക് മരുന്നുതളിയന്ത്രവും ഇതരസാമഗ്രികളും സബ്‌സിഡി നിരക്കില്‍ നല്കുക.
20. കാര്‍ഷികവിലത്തകര്‍ച്ച നിയന്ത്രിക്കാന്‍ എല്ലാ വിളകള്‍ക്കും താങ്ങുവില നിശ്ചയിക്കുക.
21. പ്രകൃതിക്ഷോഭംമൂലം നഷ്ടപ്പെടുന്ന കൃഷിയിടങ്ങള്‍ക്കുപകരം ഭൂമിയും നഷ്ടപരിഹാരവും നല്കുക.
22. മണ്ണിടിച്ചില്‍, കാട്ടുമൃഗങ്ങളുടെ ആക്രമണം എന്നിവയാല്‍ മരണപ്പെടുന്ന കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും ആശ്രിതരുടെ സംരക്ഷണത്തിനു പ്രത്യേക പദ്ധതികളും നടപ്പിലാക്കുക.
23. നിര്‍മ്മാണത്തൊഴിലാളികള്‍ക്ക് കല്ലുവെട്ടുയന്ത്രവും ഇതര പണിയായുധങ്ങളും സൗജന്യനിരക്കില്‍ സംലഭ്യമാക്കുക.
24. നിര്‍മ്മാണമേഖലകളിലും ഇതര തൊഴിലിടങ്ങളിലും അര്‍ഹമായ വേതനവും മറ്റ് ആനുകൂല്യങ്ങളും ഉറപ്പുവരുത്തുക.
25. നിര്‍മ്മാണമേഖലകളിലുള്ള തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും ജോലിസമയം ക്രമീകരിക്കുകയും ചെയ്യുക.
26. നിര്‍മ്മാണമേഖലയില്‍ തൊഴില്‍പരിശീലനം നല്കുന്ന കേന്ദ്രങ്ങള്‍ ആരംഭിച്ച് സൗജന്യ പരിശീലനം നല്കുക.
27. ആംഗ്ലോ-ഇന്ത്യന്‍ സമുദായാംഗങ്ങള്‍ക്ക് കഴിഞ്ഞ എഴുപതു വര്‍ഷമായി ഭരണഘടനാനുസൃതം ലഭിച്ചുവന്നിരുന്ന അവകാശം യാതൊരു മുന്നറിയിപ്പുമില്ലാതെ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്കുക.
28. പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹം നടത്താന്‍ പ്രത്യേകം വിവാഹസഹായനിധി ആവിഷ്‌കരിക്കുക.
29. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ക്ഷേമത്തിനുള്ള പദ്ധതികളില്‍ അര്‍ഹമായ പരിഗണന നല്‍കുക.
30. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് ഇവിടെത്തന്നെ ജോലി ചെയ്യാന്‍ ആവശ്യമായ സാഹചര്യം സൃഷ്ടിക്കുക.
ഒരു സമൂഹത്തിന്റെ ന്യൂനപക്ഷാവസ്ഥ ആരും പ്രത്യേകമായി ഉണ്ടാക്കിയെടുത്തതല്ല; മറിച്ച്, ചരിത്രപരമായി അപ്രകാരം സംഭവിച്ചതാണ്. ഓരോ ന്യൂനപക്ഷസമൂഹവും രാജ്യത്തിന്റെ അവിഭാജ്യഘടകമായതുകൊണ്ട് എല്ലാ ന്യൂനപക്ഷങ്ങളും ഒരുപോലെതന്നെ അംഗീകരിക്കപ്പെടണം. എല്ലാവര്‍ക്കും അവര്‍ക്കര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കണം. ഭൂരിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിച്ചുകൊണ്ടോ മറ്റു ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ മാനിക്കാതെയോ കവര്‍ന്നെടുത്തുകൊണ്ടോ ആകരുത് ഇത്. ആനുപാതികമായ ഭാഗഭാഗിത്വം ഭരണനേതൃതലത്തിലും സേവനമേഖലയിലും ലഭിക്കണം. ഭരണഘടന വിഭാവനം ചെയ്യുന്ന ഇത്തരം സേവനങ്ങള്‍ രാജ്യത്തിന്റെ പുരോഗതിക്ക് ഭൂരിപക്ഷത്തോടൊപ്പം ന്യൂനപക്ഷങ്ങളും പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യംവച്ചുള്ളതാണ്.
ഒരു ബഹുസ്വരസമൂഹത്തിന്റെ ഭാഗമായാണ് ഈ രാജ്യത്ത് ക്രൈസ്തവരും ജീവിക്കുന്നത്. വിവിധ സമുദായങ്ങളായിത്തന്നെയാണ് രാജ്യത്തിലെ എല്ലാ സമൂഹങ്ങളും അധിവസിക്കുന്നത്. ക്രൈസ്തവസമൂഹത്തിന്റെ ന്യായമായ അവകാശങ്ങളെക്കുറിച്ചുള്ള വളര്‍ന്നുവരുന്ന അവബോധം മൗലികവാദമായി ചിത്രീകരിച്ചു വിമര്‍ശിക്കുന്നതു ശരിയല്ല. ക്രൈസ്തവസമുദായാംഗങ്ങള്‍ എന്നു വിളിക്കപ്പെടുന്നത് ഒരു കുറച്ചിലായി കാണേണ്ടതില്ല. സാമുദായികസ്വത്വബോധം ക്രൈസ്തവരില്‍ രൂഢമൂലമാകാത്തതുകൊണ്ടാണ് പലപ്പോഴും സാമുദായികമായ ഒറ്റപ്പെടലുകള്‍ തിരിച്ചറിയാതെപോകുന്നത്.
ഒരു ബഹുസ്വരസമൂഹത്തില്‍ വിവിധ സമുദായങ്ങള്‍ക്കെന്നപോലെ ക്രൈസ്തവസമുദായത്തിനും അര്‍ഹിക്കുന്ന അംഗീകാരങ്ങളും അവകാശങ്ങളും ലഭിക്കേണ്ടതുണ്ട്. ഭരണഘടനയിലൂടെയും നിയമനിര്‍മ്മാണങ്ങളിലൂടെയും സ്ഥാപിക്കപ്പെട്ടിരിക്കുന്ന മതന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ആരുടെയും ഔദാര്യമല്ല. അതിനാല്‍ത്തന്നെ അര്‍ഹതപ്പെട്ടവ നേടിയെടുക്കാന്‍ സഭാംഗങ്ങള്‍ എന്ന നിലയിലും സമുദായാംഗങ്ങള്‍ എന്ന നിലയിലും ക്രൈസ്തവജനത ഒത്തൊരുമിച്ചു പ്രയത്‌നിക്കണം.
ലേഖകന്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും കൊച്ചി പി.ഒ..സി. ഡയറക്ടറുമാണ്.