ആരാണു വയോജനങ്ങള്‍ എന്നു ചോദിച്ചാല്‍ പല ഉത്തരങ്ങള്‍ കിട്ടും. വയസ്സു കൂടിയവര്‍ വയോജനങ്ങളെന്നു പറഞ്ഞാല്‍ ഇപ്പോഴത്തെക്കാലത്ത് ചെറുപ്പക്കാരെക്കാള്‍ സന്തോഷത്തോടെയും ഉത്സാഹത്തോടെയും ജീവിക്കുന്നവര്‍ വയോജനങ്ങളല്ലേയെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. പണ്ടൊക്കെ അറുപതുവയസ്സു കഴിഞ്ഞാല്‍ കിളവനും കിളവിയുമാകുമായിരുന്നു. ഇന്നാകട്ടെ ഹെയര്‍ഡൈകൂടി കണ്ടുപിടിച്ചതോടെ ഉള്ള പ്രായം തോന്നിക്കുകയില്ല. തന്മൂലം സീനിയര്‍ പൗരന്മാര്‍ക്ക് ബസിലും മറ്റും സീറ്റുപോലും ലഭിക്കുന്നില്ല.
കൊവിഡ്കാലമായതോടുകൂടി പ്രായമായ പലര്‍ക്കും ക്ഷീണമായി. രോഗിയെന്നു പറയാതിരിക്കാന്‍ വയ്യ. ഒന്നാമത്തെ കാര്യം, 60 വയസ്സു കഴിഞ്ഞവര്‍ േെമ്യ മെളല, വീട്ടില്‍ത്തന്നെ ഇരിക്കണം. രോഗം പകരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്. രണ്ടാമത്തെ വസ്തുത, മക്കളും കൊച്ചുമക്കളുമൊക്കെ വീട്ടില്‍ത്തന്നെയിരുന്ന് ജോലി ചെയ്യുന്നതുകൊണ്ട് പ്രായമായവരോടുള്ള അമിതമായ ശ്രദ്ധ. എല്ലാം, നന്മയ്ക്കാണെങ്കിലും എന്തോ, കെട്ടപ്പെട്ട അവസ്ഥയിലാണ് മിക്കവരും.
ആരാധനാലയങ്ങള്‍ മനുഷ്യര്‍ക്ക് മനസ്സിനു സന്തോഷം നല്‍കിയിരുന്നു. പ്രാര്‍ത്ഥിക്കുന്നതിലുപരി ആരാധനാലയങ്ങളില്‍ തങ്ങളെപ്പോലുള്ളവരെ കാണാനും സംസാരിക്കാനുമൊക്കെ സാധിച്ചിരുന്നു. ഇപ്പോള്‍ ഇവിടെയും താക്കീതുകള്‍. സീനിയര്‍ പൗരന്മാരുടെ മീറ്റിംഗുകള്‍ പലയിടത്തും നടത്താറുണ്ടായിരുന്നു. അതൊരു രസകരമായ അനുഭവം തന്നെയാണ്. കുറച്ചുനേരത്തെ ചര്‍ച്ചകളും കാപ്പികുടിയുമൊക്കെയാകുമ്പോള്‍ ഒരു പുത്തന്‍ ഉത്സാഹം തോന്നിയിരുന്നു.
മക്കളുടെ, ബന്ധുക്കളുടെ, സ്‌നേഹിതരുടെ വീടുകളില്‍ പോകാനും അവരുടെകൂടെ താമസിക്കാനും സാധിക്കാത്ത അവസ്ഥ. ഈയിടെ ഒരു സ്ത്രീയുടെ ശവസംസ്‌കാരത്തില്‍ പങ്കെടുത്തു. എണ്‍പത്തിനാലുവയസ്സായിട്ടും വീട്ടിലെ ജോലിയും അത്യാവശ്യം പറമ്പിലെ പണിയും ചെയ്തിരുന്നു അമ്മച്ചി. ഒരു മകള്‍ വിദേശത്തു ജോലിയിലായിരുന്നു. അവിടെവച്ച് കൊവിഡ് ബാധിച്ചു മരിച്ചെന്ന സത്യം അമ്മച്ചി അറിഞ്ഞപ്പോള്‍മുതല്‍ വിഷാദമായി. എപ്പോഴും മകളെപ്പറ്റി പറഞ്ഞും കരഞ്ഞും അമ്മച്ചിയും മരിച്ചു. കേരളത്തിലെ പല വീടുകളില്‍നിന്നും രണ്ടും മൂന്നും മക്കള്‍ വിദേശത്തു ജോലിക്കാരാണ്. അവര്‍ക്ക് ഇങ്ങോട്ടു വരാനോ പോകാനോ, പണ്ടത്തെപ്പോലെ സൗകര്യമില്ല.
സമയം കളയാന്‍ എന്തു വഴിയെന്നു ചിന്തിക്കുന്ന വയോജനങ്ങളുണ്ടായിരിക്കും. അസുഖംമൂലം കാര്യമായ ജോലിയൊന്നും ചെയ്യാന്‍ സാധിക്കുകയുമില്ല. കണ്ണിനു കാഴ്ചക്കുറവ്, ചെവി കേള്‍ക്കുകയില്ല. ശരീരത്തിനു വേദന, അല്പം ഷുഗര്‍, പ്രഷര്‍ ഇവയെല്ലാം അലട്ടിക്കൊണ്ടിക്കുന്നു. ആകെയുള്ള നേരമ്പോക്ക് ടി.വി.യും. മൊബൈല്‍ഫോണുമാണ്. ഇപ്പോഴത്തെ ടി.വി.യും ഫോണുമൊന്നും പലര്‍ക്കും ഇഷ്ടമില്ല. മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഇതൊന്നുമില്ലാതെ വയ്യ. രാവിലെമുതല്‍ ഇതിന്റെ ശബ്ദവും ബഹളവും കേട്ട് വിഷമിക്കുന്നവരും കാണും.
സ്ത്രീകളാണെങ്കിലും പുരുഷന്മാരാണെങ്കിലും പ്രായമായവരില്‍ പകല്‍ കുറച്ചുസമയം പ്രാര്‍ത്ഥിക്കുന്ന പതിവുള്ളവരുണ്ട്. കൂടിയാല്‍ ഒന്നോ രണ്ടോ മണിക്കൂര്‍. അതു കഴിഞ്ഞാല്‍ വീണ്ടും സെറ്റിയില്‍ ഇരിപ്പും കട്ടിലില്‍ കിടപ്പും. കൊവിഡ്കാലം കഴിഞ്ഞ് പുറത്തേക്കിറങ്ങാന്‍ ഇനി എത്രനാള്‍ കാത്തിരിക്കണമോ ആവോ?
ഈ കാലഘട്ടത്തെയും വളരെ നന്നായി ആഘോഷിക്കുന്ന വയോജനങ്ങളെ അഭിനന്ദിക്കാതെ വയ്യ. എഴുപത്തിയഞ്ചുവയസ്സു കഴിഞ്ഞ അധ്യാപകദമ്പതികളുടെ പച്ചക്കറിത്തോട്ടം കണ്ടു. പെന്‍ഷനായിട്ടും പെന്‍ഷന്‍ കമ്മിറ്റിയും അല്പം പൊതുക്കാര്യവുമായി നടന്നിരുന്ന ആ അധ്യാപകന്‍ ഇന്നൊരു നല്ല കൃഷിക്കാരനാണ്. ടീച്ചറിനാകട്ടെ എപ്പോഴും നടുവേദനയും അസ്വസ്ഥതയുമായിരുന്നു. ഇപ്പോള്‍ യാതൊരസുഖവുമില്ല. കാരണം, രാവിലെയും വൈകുന്നേരവുമെല്ലാം പച്ചക്കറിത്തോട്ടത്തില്‍ പണിയുണ്ട്. ജോലിയില്ലാതെ വീട്ടിലെ പണികളെല്ലാം ചെയ്തു ജീവിച്ചിരുന്നവര്‍ക്കാകട്ടെ ഇപ്പോള്‍ റെസ്റ്റിന്റെ കാലമാണ്. കാരണം, മക്കളെല്ലാവരും അടുക്കളയിലുണ്ട്.
അധ്വാനിച്ചു കുടുംബം പുലര്‍ത്തുന്ന പ്രായമായവര്‍ നമുക്കു ചുറ്റുമുണ്ട്. എന്തു കൊവിഡാണെങ്കിലും മനുഷ്യനു വയറു വിശക്കുമല്ലോയെന്നായിരുന്നു എഴുപതു വയസ്സായ ആന്റണിച്ചേട്ടന്റെ പ്രതികരണം. എന്നും രാവിലെ പണിക്കുപോകും. നല്ലപോലെ വിയര്‍ത്താല്‍ ഒരു രോഗവും വരികയില്ലെന്നാണ് അങ്ങേരുടെ അഭിപ്രായം. ഞങ്ങള്‍ക്കു പാല്‍ എത്തിച്ചു തരുന്ന സരസമ്മയ്ക്ക് അറുപത്തിയഞ്ചു വയസ്സാണ്. അഞ്ചു പശുക്കളെ വളര്‍ത്തും. രാവിലെ മുതല്‍ അധ്വാനമാണ്. മക്കളാരും സഹകരിക്കുകയുമില്ല. എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നതെന്നു ചോദിച്ചാല്‍ ഒരുത്തരമേയുള്ളൂ: ''എനിക്ക് മക്കളുടെ മുമ്പില്‍ കൈനീട്ടാന്‍ മടിയാണ്.''
ചുരുക്കത്തില്‍, നമ്മള്‍ വയോജനങ്ങള്‍ വീടിനു പുറത്തേക്കു പോയി രോഗം വരുത്തുന്നതിനെക്കാള്‍ നല്ലത് വീട്ടിലിരുന്ന് നമുക്കു സാധിക്കുന്ന പണികള്‍ ചെയ്യുകയെന്നതാണ്. അലസത ഒഴിവാക്കണം. നല്ല ചിന്തകളെക്കാള്‍ കഴിഞ്ഞ കാലത്തെ ജീവിതത്തെപ്പറ്റിയൊക്കെയായിരിക്കും നാം ചിന്തിക്കുക. കഴിഞ്ഞകാലത്തെപ്പറ്റി ചിന്തിച്ചുപോയാല്‍ ചിലപ്പോള്‍ മനസ്സിന്റെ ഭാരം വര്‍ദ്ധിക്കാനും ഇടയുണ്ട്. നമ്മള്‍ ജോലിസ്ഥലത്ത്, അല്ലെങ്കില്‍ വീടുകളില്‍ ചെയ്ത നല്ലതും മറ്റുള്ളവര്‍ക്ക് ഉപകാരപ്രദവുമായ കാര്യങ്ങളെപ്പറ്റി മാത്രം ചിന്തിക്കുക. പഴയകാലംമാത്രമായിരുന്നു നല്ലതെന്നു ചിന്തിക്കാതെ ഇക്കാലത്തെ നേട്ടങ്ങളെയും നമ്മള്‍ കാണണം.
ശുഭാപ്തിവിശ്വാസം ഈ കാലത്തെ അതിജീവിക്കാന്‍ ശക്തി നല്കും. അദൃശ്യനായ ദൈവത്തിന്റെ കരങ്ങള്‍ എന്റെ കൂടെയുണ്ടെന്ന ശക്തമായ വിശ്വാസം ഏതു പ്രതിസന്ധിയെയും അതിജീവിക്കുവാന്‍ നമ്മെ സഹായിക്കും. വയസ്സു കൂടുന്തോറും മനുഷ്യര്‍ക്ക് വിനയവും പക്വതയും പരസ്പരബഹുമാനവും വര്‍ധിച്ചുവരും. നമ്മുടെ വീട്ടിലും ചുറ്റുപാടുമുള്ളവരോടും പക്വതയോടെയും വിനയത്തോടെയും പെരുമാറുക. അവരുടെ ലോകത്തിലേക്കു നമുക്കും ഇറങ്ങിച്ചെല്ലാം. കൊച്ചുമക്കള്‍ക്ക് സ്‌കൂളില്‍ പോകേണ്ടാത്തതുകൊണ്ട് വീടുകളില്‍ അനക്കവും ബഹളവുമായില്ലേ? ജോലിയുടെ തിരക്കുമായി നടന്ന മക്കളെ കണ്‍കുളിര്‍ക്കെ കാണാന്‍ സാധിക്കുന്നില്ലേ? ഏതു തിന്മയിലും ഒരു നന്മ ഒളിച്ചിരിക്കുന്നു. അതിനെ പ്രാപിക്കാന്‍ നമുക്കു ശ്രമിക്കാം