തിമിംഗലവര്ഗത്തില്പ്പെട്ട ജന്തുക്കളാണു ഡോള്‍ഫിനുകള്‍. പല്ലുള്ള തിമിംഗലവിഭാഗത്തിലാണ് ഇവയുടെ സ്ഥാനം. ഡോള്‍ഫിന്റെ നീണ്ടുകൂര്‍ത്ത പല്ലുകള്‍ ഇരയെ പിടികൂടാനും ഏറെ നേരം കടിച്ചുപിടിക്കാനും സഹായിക്കുന്നു.
മനുഷ്യനുമായി വളരെവേഗം ഇണങ്ങുന്ന കടല്‍ജീവിയാണ് ഡോള്‍ഫിനുകള്‍. പരിശീലിപ്പിച്ചാല്‍ പലതരം അഭ്യാസങ്ങള്‍ ഇവ ഭംഗിയായി ചെയ്യും. വെള്ളത്തിലേക്ക് ഇട്ടുകൊടുക്കുന്ന പന്തു ചാടിപ്പിടിക്കാനും പന്തുപയോഗിച്ചു പലതരം വിദ്യകള്‍ കാണിക്കാനും ഇവയ്ക്കു കഴിയുന്നു. കടലിന്റെ ഉപരിതലത്തില്‍ നീന്തിക്കളിക്കുന്ന ഡോള്‍ഫിനുകള്‍ ചിലപ്പോള്‍ വായുവിലേക്കു ചാടിത്തിരിയുന്നതുകാണാം. ശ്വസിക്കാന്വേണ്ടിയാണീ അഭ്യാസപ്രകടനം. വളരെ വേഗത്തില്‍ നീന്താനും ഉയരത്തിലേക്കു ചാടാനും ഊളിയിട്ട് വെള്ളത്തിനടിയിലേക്കുപോകാനും തകിടംമറിയാനുമൊക്കെ ഡോള്ഫിനുകള്ക്കു സാധിക്കും. കപ്പലുകളുടെ മുന്നില്‍ നീന്തിത്തുടിച്ചും തിരകളില്‍ ചാടിക്കളിച്ചും ആഹ്ലാദം പ്രകടിപ്പിക്കുന്ന ഈ കൗശലക്കാരെ കടലിലെ മികച്ച കായികതാരങ്ങളെന്നു വിശേഷിപ്പിക്കാറുണ്ട്.
ഡോള്‍ഫിനുകള്‍ ബുദ്ധിയിലും ഇതരമികവുകളിലും മറ്റു തിമിംഗലങ്ങളെക്കാള്‍ ഏറെ മുന്‍നിരയില്‍ത്തന്നെ. അതുപോലെ വളരെ സാമൂഹികബോധമുള്ളവരുമാണ്. കൂട്ടമായി സഞ്ചരിക്കുന്ന ഡോള്‍ഫിനുകള്‍ സഹജീവികളുടെ പരിചരണത്തില്‍ പ്രത്യേകം ശ്രദ്ധാലുക്കളാണ്. തിമിംഗലങ്ങള്‍ക്കു പൊതുവെ ഈ പ്രത്യേകതയുണ്ടെങ്കിലും ഡോള്‍ഫിനുകളാണ് ഇക്കാര്യത്തില്‍  തികഞ്ഞ മികവു  കാണിക്കുന്നത്. പരിക്കുപറ്റിയവരോ പ്രായംകൊണ്ട് അവശനിലയിലായവരോ ആയ സഹജീവികളെ മറ്റു ഡോള്‍ഫിനുകള്‍ കണ്ടില്ലെന്നു നടിക്കുകയോ ഉപേക്ഷിച്ചു കടന്നുകളയുകയോ ചെയ്യാറില്ല.
കൂര്‍ത്തുമൂര്‍ത്ത പല്ലുകളുള്ള കൊലയാളിത്തിമിംഗലങ്ങള്‍ മറ്റു തിമിംഗലങ്ങള്‍ക്കു പേടിസ്വപ്നമാണ്. തിടുക്കത്തില്‍ ശരംവേഗത്തില്‍ കൂട്ടമായി നീന്തിച്ചെന്ന് മറ്റു തിമിംഗലങ്ങളെ  ഇവ ആക്രമിക്കുന്ന കാഴ്ചയുണ്ട്. എന്നാല്‍, കൊലയാളിത്തിമിംഗലത്തെയും തറപറ്റിക്കുന്ന വീരപരാക്രമികള്‍ കടലിലുണ്ട്. അവ വമ്പന്സ്രാവുകള്തന്നെ. സ്രാവുകളുമായുള്ള പൊരിഞ്ഞ പോരാട്ടത്തില്‍ കൊലയാളിത്തിമിംഗലങ്ങളുടെ ജീവനെടുക്കാറുമുണ്ട്. അത്രയ്ക്ക് പരാക്രമവീരന്മാരാണ് സ്രാവുകള്‍. അതേ സ്രാവുകളും കൊലയാളിത്തിമിംഗലങ്ങളുമൊക്കെ പൊതുവേ ശാന്തരായ ഡോള്‍ഫിനുകളുടെ നമ്പര്‍വണ്‍ ശത്രുക്കള്‍തന്നെ.
							
 മാത്യൂസ് ആർപ്പൂക്കര
                    
									
									
									
									
									
									
									
									
									
									
                    