വിവിധ മാധ്യമങ്ങളില്‍ വരുന്ന പല വാര്‍ത്തകളും വായിക്കുമ്പോള്‍ മനഃസാക്ഷി മരവിക്കാത്ത, ധാര്‍മികതയെ മുറുകെപ്പിടിക്കുന്ന ഒരു സമൂഹത്തില്‍ നിന്നുയരുന്ന ചോദ്യമിതാണ്: ''ഈ തലമുറയിലെ വിദ്യാര്‍ഥികള്‍ക്കും ചെറുപ്പക്കാര്‍ക്കും എന്തുപറ്റി?'' എന്തെന്നാല്‍, യുവാക്കളുടെയിടയില്‍, മദ്യ-മയക്കുമരുന്നുപയോഗവും കൊലപാതകങ്ങളും മറ്റും മുമ്പെങ്ങുമില്ലാത്തവിധം വര്‍ധിച്ചിരിക്കുന്നു. ഏതുവിധേനയും സമ്പത്തു കൈവശമാക്കാന്‍ എന്തു പ്രവൃത്തിയും ചെയ്യാമെന്ന അവസ്ഥ.
ഏതാനും വര്‍ഷം മുമ്പുവരെ സാമൂഹികതിന്മകളിലും ക്രിമിനല്‍പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും പങ്കാളിത്തം വളരെ കുറവായിരുന്നു; പ്രത്യേകിച്ചും കേരളത്തില്‍. എന്നാല്‍, കുറച്ചുകാലമായി നമ്മുടെ ഇളംതലമുറയില്‍ അത്ര ആശാസ്യമല്ലാത്ത ജീവിതരീതിയും മനോഭാവവും വളര്‍ന്നുകൊണ്ടിരിക്കുന്നു. ഇതിനു കാരണം, നമ്മുടെ പൊതുവിദ്യാഭ്യാസ 'സിലബസിന്റെ' കുഴപ്പമോ അധ്യാപകര്‍ അറിവു പകര്‍ന്നുനല്കുന്നതില്‍ പിറകോട്ടു പോയതോ അല്ല; മറിച്ച്, മൂല്യബോധം പകര്‍ന്നുനല്കുന്ന പ്രക്രിയ വിദ്യാഭ്യാസരംഗത്തു കാര്യക്ഷമമല്ലാതായിരിക്കുന്നു.
സ്വയം തിരിച്ചറിയാനും മറ്റുള്ളവരെ അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍ ഉള്‍ക്കൊള്ളാനും, ഒപ്പം 'സമൂഹം' എന്ന കൂട്ടായ്മയുടെ ധാര്‍മികചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ടു ജീവിക്കാനും ഒരു വിദ്യാര്‍ഥിയെ പ്രാപ്തനാക്കുന്ന പ്രക്രിയയ്ക്കാണ് ധാര്‍മികവിദ്യാഭ്യാസം അഥവാ മൂല്യാധിഷ്ഠിതവിദ്യാഭ്യാസം എന്നു പറയുന്നത്. അത്തരത്തില്‍ താന്‍ അംഗമായിരിക്കുന്ന സമൂഹെത്തയും അതിന്റെ സംസ്‌കാരത്തെയും ഉള്‍ക്കൊണ്ട് വളര്‍ന്നുവരുന്ന ഒരു വിദ്യാര്‍ഥി എല്ലാവരാലും ഇഷ്ടപ്പെടുന്ന വ്യക്തിത്വമായി മാറിയിരിക്കും. ഒപ്പം അക്കാദമികമേഖലയിലെ അറിവുകൂടിനേടിയാല്‍, ജോലിസമ്പാദനത്തില്‍ ഒരിക്കലും പിന്നോട്ടുപോകില്ല. കാരണം, മൂല്യബോധവും അറിവും നേടിയ ഒരു വ്യക്തി സ്ഥിരോത്സാഹിയും കഠിനാദ്ധ്വാനിയും ആയിരിക്കുമെന്നുറപ്പ്. അപ്പോള്‍ സാമ്പത്തികഭദ്രത താനേ വന്നുകൊള്ളും. ഇതിനു വ്യക്തമായ ഉദാഹരണമാണ് ജപ്പാന്‍ജനതയുടെ വിദ്യാഭ്യാസരീതി. പ്രൈമറിക്ലാസ്സ്മുതല്‍ പൊതുവിജ്ഞാനവും ശാസ്ത്രീയമായ അറിവും പഠിപ്പിക്കുന്നതിനൊപ്പം മൂല്യബോധവും രാഷ്ട്രബോധവും വളര്‍ത്തിയെടുക്കുന്നതരത്തിലാണ് അവരുടെ സിലബസ് ക്രമീകരിച്ചിട്ടുള്ളത്. ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതിമേഖലകളില്‍ മികച്ച പരിശീലനം നേടിയവരാണെങ്കില്‍ക്കൂടിയും അവിടെ ഓരോ വിദ്യാര്‍ഥിയും പരസ്പരം ബഹുമാനിക്കുന്നവരും മുതിര്‍ന്നവരെ ആദരിക്കുന്നവരും, രാഷ്ട്രപുരോഗതിയില്‍ നിര്‍ണായകപങ്കാളികളാകാന്‍ പ്രാപ്തരുമാണ്.
ഭാരതത്തിലെ വിദ്യാഭ്യാസപ്രക്രിയയില്‍ മൂല്യബോധനത്തിനു വ്യക്തമായ പ്രാധാന്യം നല്കിയിരുന്നതായി ചരിത്രം നമ്മെ പഠിപ്പിക്കുന്നു. അതുകൊണ്ടുതന്നെയാണ് മറ്റു രാജ്യങ്ങളെക്കാള്‍ മാതൃകാപരമായ 'കുടുംബവും സമൂഹവും' എന്ന കാഴ്ചപ്പാട് വളര്‍ത്തി 'നാനാത്വത്തില്‍ ഏകത്വം' എന്ന വിശാലചിന്താഗതിയിലൂടെ എല്ലാവരെയും തുല്യരായി കാണാനും ഉള്‍ക്കൊള്ളാനും കഴിയുന്ന ഒരു സമൂഹമായി ഭാരതീയര്‍ മാറിയത്.
പക്ഷേ, ഇന്ന് സ്ഥിതി അങ്ങനെയല്ലാ എന്നു പറയാതെ വയ്യ. നാനാത്വത്തില്‍ ഏകത്വം എന്ന വിശാലകാഴ്ചപ്പാടിന് വിള്ളല്‍ വീണിരിക്കുന്നു. അതിനു കാരണം ശാസ്ത്ര-സാമ്പത്തിക വിദ്യാഭ്യാസത്തിനു മാത്രം ഊന്നല്‍ നല്‍കി വിദ്യാഭ്യാസപ്രക്രിയയെ ബോധപൂര്‍വം വളര്‍ത്തിയെടുത്തു എന്നതാണ്.
മൂല്യബോധനം വിദ്യാഭ്യാസപ്രക്രിയയില്‍ ഇപ്പോള്‍ അന്യംനിന്നിരിക്കുന്നു. അതിന്റെ പരിണതഫലമാണ് ഇന്ന് സമൂഹത്തില്‍ ഭയാനകമായ രീതിയില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമസംഭവങ്ങളും കൊലപാതകങ്ങളും. എന്താണ് നമ്മുടെ പുതിയ തലമുറയ്ക്കു സംഭവിക്കുന്നത്? സാമൂഹികതിന്മകളും ക്രൂരതകളും ചെയ്യുന്നവരില്‍ മിക്കവരും ഉയര്‍ന്ന ഡിഗ്രികള്‍ കരസ്ഥമാക്കിയവരോ അല്ലെങ്കില്‍ അത്തരം കോഴ്‌സുകള്‍ പഠിച്ചുകൊണ്ടിരിക്കുന്നവരോ ആണ്. അക്കാദമികകാര്യങ്ങളില്‍ മിടുക്കരായ അധ്യാപകരുള്ള ഒരു നാടാണ് നമ്മുടേത്. ഒരു പക്ഷേ, വിദ്യാര്‍ഥികളുടെ സാങ്കേതികവിദ്യയിലുള്ള അറിവ് ഇന്ന് അധ്യാപകരേക്കാള്‍ കൂടുതലാണ് എന്നതും ഒരു വസ്തുതയാണ്. എന്നിട്ടും നമ്മുടെ പുതിയ തലമുറയ്ക്ക് ശാസ്ത്ര-സാങ്കേതികതലങ്ങള്‍ക്കും അപ്പുറമുള്ള 'കുടുംബവും സമൂഹവും' എന്ന അടിസ്ഥാനകാഴ്ചപ്പാട് ഇല്ലാതാവുന്നുണ്ടെങ്കില്‍ അതിന് ഒരു ഉത്തരമേ ചൂണ്ടിക്കാണിക്കാനുള്ളൂ - മൂല്യബോധം വളര്‍ത്തുന്ന വിദ്യാഭ്യാസത്തിന്റെ കുറവ്. ഈ കുറവ് നികത്താന്‍ ഈ കാലഘട്ടത്തില്‍ അധ്യാപകര്‍ക്കു മാത്രമേ സാധിക്കൂ.
ഒരു കാലത്ത് മൂല്യബോധം മക്കള്‍ക്കു പകര്‍ന്നുനല്‍കാന്‍ മാതാപിതാക്കന്മാര്‍ക്കു സാധിച്ചിരുന്നു. ഇന്ന് ഡിജിറ്റല്‍യുഗത്തില്‍ വളരുന്ന മക്കളെ ഒന്നു ശാസിക്കാന്‍പോലും കഴിയാത്ത ഗതികേടിലാണ് മിക്ക മാതാപിതാക്കളും. ഇക്കാര്യത്തില്‍ അധ്യാപകരുടെ അവസ്ഥയും തഥൈവ! അക്കാദമികവിഷയങ്ങള്‍ക്കുമപ്പുറം മൂല്യബോധവുമായി ബന്ധപ്പെട്ട് ഒരു അധ്യാപകന്‍ കുട്ടിയെ പഠിപ്പിക്കാന്‍ ശ്രമിച്ചാല്‍, അഥവാ കുട്ടിയുടെ തെറ്റു തിരുത്താന്‍ ശ്രമിച്ചാല്‍, നിയമസംവിധാനങ്ങളുടെയോ അല്ലെങ്കില്‍ രാഷ്ട്രീയഇടപെടലുകളുടെയോ കുരുക്കില്‍പ്പെടും എന്നതും ഒരു യാഥാര്‍ഥ്യമാണ്.
താന്‍ പഠിപ്പിക്കുന്ന വിഷയത്തിനപ്പുറം നിന്നുകൊണ്ട് വിദ്യാര്‍ഥികള്‍ക്കു മൂല്യബോധം പകര്‍ന്നുനല്‍കാന്‍ തയ്യാറാകുന്ന പുതിയ തലമുറ അധ്യാപകരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുന്നു. പകരം വിദ്യാര്‍ഥികളുടെ 'വൈബിനനുസരിച്ച്' അവരെ പരമാവധി സന്തോഷിപ്പിക്കാന്‍ മിക്ക അധ്യാപകരും ശ്രമിക്കുമ്പോള്‍, മൂല്യബോധനപ്രക്രിയ തങ്ങളുടെ കടമയാെണന്നത് അത്തരം അധ്യാപകര്‍ മറന്നുപോകുന്നു.
ഈ അടുത്തകാലത്തായി അധ്യാപകരുടെ റോള്‍ വീണ്ടും പൊതുസമൂഹം ചര്‍ച്ചചെയ്യാന്‍ തുടങ്ങിയിരിക്കുന്നു എന്നത് ആശ്വാസകരമാണ്. അതിന് ഒടുവിലത്തെ ഉദാഹരണമാണ് കോടതിയുടെ ചില നിരീക്ഷണങ്ങള്‍. എന്തിനും ഏതിനും അധ്യാപകര്‍ക്കെതിരേ കേസെടുക്കാന്‍ പാടില്ലായെന്നും, പരാതിയുടെ നിജസ്ഥിതി മനസ്സിലാക്കിയും ഒപ്പം അധ്യാപകന്റെ വിശദീകരണം കേട്ടു മാത്രമേ പൊലീസ് നിയമനടപടികളുമായി മുന്നോട്ടു പോകാവൂ എന്നുമുള്ള കോടതിയുടെ നിരീക്ഷണം അധ്യാപകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ഒന്നാണ്. അതുപോലെ അധ്യാപകരുടെ കൈയില്‍ 'ഒരു വടി കരുതുന്നതില്‍ തെറ്റില്ല' എന്ന മറ്റൊരു കോടതിയുടെ നിരീക്ഷണവും ഏറെ ശ്രദ്ധേയമാണ്.
അധ്യാപകരുടെ പ്രവര്‍ത്തനങ്ങളില്‍, പിന്തിരിപ്പന്‍ ഇടപെടലുകള്‍ സമൂഹത്തിന്റെയും വിവിധ സംഘടനകളുടെയും ഭാഗത്തുനിന്നുമുണ്ടായതിന്റെ പരിണതഫലമാണ് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും മറ്റു സാമൂഹികതിന്മകളുടെയും വര്‍ധിച്ച വ്യാപനം. അതിന്റെ പരിണതഫലമനുഭവിക്കുന്നതാകട്ടെ, കുടുംബങ്ങളും ഒപ്പം പൊതുസമൂഹവും!
അധ്യാപകരിലൂടെ മാത്രമേ വിദ്യാര്‍ഥികള്‍ക്ക് മൂല്യങ്ങള്‍ പകര്‍ന്നുനല്കാന്‍ സാധിക്കൂ എന്ന വസ്തുത കണ്ടില്ലെന്നു നടിക്കരുത്. കുട്ടികള്‍ക്കു മൂല്യബോധം നല്‍കുന്ന കാര്യത്തില്‍ അധ്യാപകര്‍ ദുര്‍ബലരായി മാറിയിരിക്കുന്നുവെന്നത് ഒരു പരിധിവരെ ശരിയാണെങ്കിലും, കോടതിയുടെ പുതിയ നിരീക്ഷണങ്ങള്‍ ധാരാളം അധ്യാപകര്‍ക്ക് ആത്മവിശ്വാസവും ധൈര്യവും നല്‍കിയിട്ടുണ്ട് എന്നത് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.
മൂല്യബോധമുള്ള ഒരു സമൂഹം ഉണ്ടെങ്കിലേ 'അധ്യാപനം' എന്ന പ്രഫഷന്‍ ആത്മാഭിമാനത്തോടെ നിര്‍വഹിക്കാനാകൂ എന്ന് ഇനിയും അധ്യാപകസമൂഹം മറന്നുകൂടാ. ഒപ്പം ഈ കാലഘട്ടത്തില്‍ തങ്ങളുടെ മക്കളുടെ സ്വഭാവരൂപവത്കരണത്തില്‍ കാതലായ ഇടപെടലുകള്‍ നടത്താന്‍ മറ്റാരെക്കാളും അധ്യാപകര്‍ക്കേ സാധിക്കൂ എന്ന് മാതാപിതാക്കന്മാരും സമൂഹവും തിരിച്ചറിയണം. അധ്യാപകരില്‍ കൂടുതല്‍ വിശ്വാസമര്‍പ്പിക്കേണ്ടത് ഈ നാടിന്റെ ആവശ്യമായി മാറിയിരിക്കുന്നു.
(ലേഖകന്‍ എടത്വാ സെന്റ് അലോഷ്യസ് കോളജ്, അസോസിയേറ്റ് പ്രഫസറും സുവോളജിവകുപ്പ് തലവനുമാണ്)