•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

ആധുനികപാലായുടെ ആത്മീയതേജസ്സ്

പാലായുടെ പ്രഥമ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ ഓര്‍മ്മയായിട്ട് മൂന്നരപ്പതിറ്റാണ്ടാകുന്നു. നവംബര്‍ 21 പിതാവിന്റെ ചരമവാര്‍ഷികദിനമാണ്. അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ പാലായുടെ ആത്മീയാചാര്യനായിരുന്നു വയലില്‍പിതാവ്. പാലാ വലിയ പള്ളി ഇടവകയില്‍പ്പെട്ട കുടുംബങ്ങളായിരുന്നു മൂലയിലും വയലില്‍കളപ്പുരയും. ദത്താവകാശമുറയ്ക്ക് വയലില്‍കളപ്പുര ത്രേസ്യാമ്മയെ മൂലയില്‍ കുഞ്ഞുദേവസ്യാ വിവാഹം ചെയ്ത വകയിലാണ് അവരുടെ മകന്‍ വയലില്‍കളപ്പുര വി.ഡി. മാണി ആയത്. പള്ളിപ്പേര് സെബാസ്റ്റ്യനും. എല്ലാവരും വാത്സല്യത്തോടെ വിളിച്ചത് മാണിക്കുട്ടി എന്നാണ്. വൈദികനായപ്പോള്‍ മാണിക്കുട്ടിയച്ചനായി. ബിഷപ്പായപ്പോള്‍ മാണി സെബാസ്റ്റ്യന്‍ വയലിലും. എല്ലാവരും സ്‌നേഹാദരവോടെ വയലില്‍പിതാവെന്നു വിളിച്ചു. ഔദ്യോഗികരേഖകളിലെല്ലാം ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ എന്നായി.
പ്രാഥമികവിദ്യാഭ്യാസം കുടുംബവീടിനടുത്തുള്ള പാറപ്പള്ളി സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു. തുടര്‍ന്ന് പാലാ സെന്റ് തോമസ് സ്‌കൂളിലും ഹൈസ്‌കൂള്‍ പഠനം മാന്നാനം സെന്റ് എഫ്രേംസിലുമായി. ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നത് തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ് കോളജില്‍ ആയിരുന്നെങ്കിലും 1924 ല്‍ തമിഴ്‌നാട്ടില്‍ ഉണ്ടായ വലിയ പ്രളയവും തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളും കാരണം അന്ന് ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍മീഡിയറ്റു പഠനം മുടങ്ങി. പിന്നീട്  ചങ്ങനാശ്ശേരി എസ്.ബി.കോളജില്‍ ചേര്‍ന്ന് കോഴ്‌സ് പൂര്‍ത്തിയാക്കുകയായിരുന്നു. ഡിഗ്രി തിരുവനന്തപുരം  ആര്‍ട്‌സ് കോളജിലായിരുന്നു.   പ്രൊഫ. രംഗസ്വാമി അയ്യരും ഡോ.സി.വി. ചന്ദ്രശേഖരനുമൊക്കെയായിരുന്നു അധ്യാപകര്‍. 1928 ല്‍ ബി.എ. പാസ്സായി. മാന്നാനത്തും തൃശ്ശിനാപ്പള്ളിയിലും പഠിക്കുന്ന കാലത്തു കത്തോലിക്കാവിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു മദ്യവര്‍ജനരംഗത്തും മലബാര്‍  കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗിലും സജീവമായിരുന്നു. ഏതാനും സതീര്‍ത്ഥ്യരുമൊത്ത് മീനച്ചില്‍ താലൂക്ക് മദ്യവര്‍ജനസമിതി ഉണ്ടാക്കുക മാത്രമല്ല ആ വകയില്‍ അക്കൊല്ലത്തെ താലൂക്ക് അബ്കാരി ലേലം ആളുകളെക്കൊണ്ടു ബഹിഷ്‌കരിപ്പിക്കുകയും ചെയ്തു. റീജന്റ് മഹാറാണിയുടെ ഭരണകാലമായിരുന്നു. അന്നത്തെ ദിവാന്‍ ഡബ്‌ളിയു. എ. വാട്‌സ് തന്നെ നേരിട്ട് പാലായില്‍ വന്നു ക്യാമ്പുചെയ്താണ് രണ്ടാമതു ലേലം ഉറപ്പിച്ചത്. അതോടെ വി.ഡി. മാണി എന്ന വിദ്യാര്‍ത്ഥിനേതാവു നാട്ടിലും താരമായി.
ഡിഗ്രി കഴിഞ്ഞതോടെ പാലാ സെന്റ് തോമസ് ഹൈസ്‌കൂളില്‍ അധ്യാപകനാവാന്‍ സാദ്ധ്യത വന്നിട്ടും അതു വേണ്ടെന്നുവച്ചു വൈദികപഠനത്തിനു കോട്ടയം പെറ്റി സെമിനാരിയിലും തുടര്‍ന്ന് വരാപ്പുഴ പുത്തന്‍പള്ളി സെമിനാരിയിലും ചേരുകയായിരുന്നു. എഴുത്തിലും വായനയിലും എന്നതുപോലെ തന്നെ വാഗ്മിത്വവൈഭവത്തിലും മാണിക്കുട്ടിയച്ചന്‍ സെമിനാരിക്കാലത്തുതന്നെ അധ്യാപകരുടെയും സതീര്‍ത്ഥ്യരുടെയും ശ്രദ്ധ നേടുകയുണ്ടായി. 1935 ഡിസംബര്‍ 21 ന് ബിഷപ് മാര്‍ ജെയിംസ് കാളാശ്ശേരിയില്‍നിന്നു വൈദികപട്ടം സ്വീകരിച്ചു. തുടര്‍ന്ന് പാലാ വലിയ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയും പാലാ സെന്റ് തോമസ് ഹൈസ്‌കൂളില്‍ അധ്യാപകനുമായി. സ്‌കൂളിന്റെ അസിസ്റ്റന്റ് മാനേജരും. ഏതാനും വര്‍ഷങ്ങള്‍ക്കു ശഷം തിരുവനന്തപുരം ഗവ. ട്രെയിനിംഗ് കോളജില്‍നിന്ന് എല്‍.ടി. ബിരുദവുമെടുത്തു. കാത്തലിക് ഹോസ്റ്റലിലായിരുന്നു താമസം. അവിടെ താമസിച്ചു ലോ കോളജില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളില്‍ കെ.പി. ഹോര്‍മീസ്, പി.ടി. ചാക്കോ, കെ.എം. ജോര്‍ജ് തുടങ്ങിയവരൊക്കെ പിതാവിനു സതീര്‍ത്ഥ്യരുമായി.  എല്‍.ടി. ബിരുദം കൂടി എടുത്തു തിരിയെ പാലായില്‍ വന്ന് ഒരു വര്‍ഷത്തിനുളളില്‍ പാലാ സെന്റ് തോമസ് ട്രെയിനിംഗ് സ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന മാത്യു എം. കുഴിവേലി  തിരുവിതാംകൂര്‍ സര്‍വകലാശാലയിലേക്ക് ഉദ്യോഗം മാറിയപ്പോള്‍ ട്രെയിനിംഗ് സ്‌കൂള്‍  ഹെഡ്മാസ്റ്റര്‍പദവിയില്‍ നിയമിതനായത് മാണിക്കുട്ടിയച്ചനായിരുന്നു. വൈദികനായ ശേഷവും മാണിക്കുട്ടിയച്ചന്‍ ദേശീയവാദിയായും ഗാന്ധിഭക്തനായും തുടര്‍ന്നുവെന്നതാണു ശ്രദ്ധേയം.
 സ്റ്റേറ്റ് കോണ്‍ഗ്രസിനെയും സ്വാതന്ത്ര്യസമരത്തെയും രഹസ്യമായും പരസ്യമായും പിന്‍തുണച്ചു. രാഷ്ട്രീയമായി ഗാന്ധി - നെഹ്‌റു സ്‌കൂളിനോടായിരുന്നു ഒരു ദേശീയവാദിയെന്ന നിലയില്‍  മാണിക്കൂട്ടിയച്ചന്റെ ആഭിമുഖ്യം. പാലാ കോളജിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ടു കമ്മിറ്റി രൂപീകരിച്ചപ്പോള്‍ ബിഷപ് മാര്‍  കാളാശ്ശേരി അതിന്റെ പ്രസിഡന്റായി അന്നു നിയോഗിച്ചതും മാണിക്കുട്ടിയച്ചനെയാണ്. കോളജിന്റെ ഉദ്ഘാടനദിവസമായിരുന്ന 1950 ഓഗസ്റ്റ് ഏഴാം തീയതിതന്നെയാണ് ചങ്ങനാശ്ശേരി രൂപത വിഭജിച്ചും പാലാ രൂപത സ്ഥാപിച്ചും ഫാദര്‍ മാണി സെബാസ്റ്റ്യന്‍ വയലിലിനെ ആദ്യബിഷപ്പായി നിയമിച്ചും റോമില്‍നിന്നുള്ള കല്പന എത്തിയതും. വരാപ്പുഴ  സെമിനാരിയില്‍  സതീര്‍ത്ഥ്യനായിരുന്ന മാത്യു കാവുകാട്ടച്ചന്‍ കാലം ചെയ്ത കാളാശ്ശേരിപ്പിതാവിന്റെ പിന്‍ഗാമിയായി ചങ്ങനാശ്ശേരിയിലും ബിഷപ്പായി. ഒരു ഞെട്ടില്‍ വിരിഞ്ഞ രണ്ടു പൂക്കള്‍ എന്നായിരുന്നു പത്രങ്ങളെല്ലാം പുതിയ ബിഷപ്പുമാരെ വിശേഷിപ്പിച്ചത്.
രണ്ടു ബിഷപ്പുമാരുടെയും മെത്രാഭിഷേകച്ചടങ്ങ് നവംബറില്‍ റോമിലായിരുന്നു. നൂറു കാറുകളുടെ അകമ്പടിയോടെയാണ്  റോമില്‍നിന്നു തിരിച്ചെ ത്തിയ വയലില്‍പിതാവിനെ കൊച്ചിയില്‍നിന്ന് പാലായിലേക്ക് ആഘോഷമായി സ്വീകരിച്ചാനയിച്ചത്. 1951 ജനുവരി നാലാം തീയതി പാലാ വലിയ പള്ളിയില്‍ നടന്ന സ്ഥാനാരോഹണച്ചടങ്ങില്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ പാലാ രൂപതയുടെ പ്രഥമ ബിഷപ്പായി ചുമതലയേറ്റു.
പൊതുവേ വയലില്‍ പിതാവ് ഒരു യാഥാസ്ഥിതികനായിട്ടാണ് വിലയിരുത്തപ്പെട്ടതെങ്കിലും ചുമതലയേറ്റശേഷം  പള്ളികളില്‍ വായിക്കുന്നതിനായി പിതാവു പുറപ്പെടുവിച്ച രണ്ടു കല്പനകളും -- ഇടയലേഖനങ്ങള്‍ -- വലിയ വാര്‍ത്താപ്രാധാന്യം നേടിയെന്നു മാത്രമല്ല പൊതുസമൂഹത്തിലും പത്രങ്ങളിലും ചര്‍ച്ചയ്ക്കും വഴിവച്ചു. ആദ്യത്തേത് പള്ളിപ്പെരുന്നാളുകളോ ടനുബന്ധിച്ചു രാത്രി വളരെ വൈകി നടത്തപ്പെട്ടിരുന്ന വെടിക്കെട്ടു മത്സരങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള കല്പനയായിരുന്നു. പള്ളിപ്പെരുന്നാളൂകള്‍ക്കു വെടിക്കെട്ട്  ഒഴിവാക്കാനാവാത്ത ഒരു പതിവായി പരിഗണിക്കപ്പെട്ടിരുന്ന കാലത്താണ് പാലാ രൂപതയിലെ പള്ളികളില്‍ വയലില്‍പിതാവു വെടിക്കെട്ടു നിരോധിച്ചത്. വെടിക്കെട്ടുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചു വിശദമായി പ്രതിപാദിച്ചുകൊണ്ടാണ് പിതാവു നിരോധനമേര്‍പ്പെടുത്തിയത്. എന്നിട്ടും അതിനെതിരേ ശക്തമായ എതിര്‍പ്പുണ്ടായി. ഒരു വിഭാഗം വൈദികര്‍പോലും  എതിര്‍പ്പുയര്‍ത്തി. പക്ഷേ, പിതാവ് നിലപാടിലുറച്ചുനിന്നുവെന്നു മാത്രമല്ല, തന്റെ  രണ്ടാമത്തെ കല്പനവഴി പെരുന്നാളുകളോടനുബന്ധിച്ചു പള്ളിമുറ്റത്തു പലപ്പോഴും രാത്രി വെളുക്കുവോളം  നടന്നിരുന്ന നാടക-നൃത്തകലാപരിപാടികളും തടഞ്ഞു. തിരുനാളിന്റെ മറവില്‍ പലപ്പോഴും സാമൂഹികവിരുദ്ധരുടെ സ്വതന്ത്രവിഹാരവും അസാന്മാര്‍ഗികളുടെ അഴിഞ്ഞാട്ടവുമാണ്  അരങ്ങേറുന്നതെന്ന് ബിഷപ് തുറന്നടിച്ചു. ആത്മീയ ഇടയനെന്ന നിലയില്‍ ഇത്തരം തെറ്റായ പ്രവണതകളെ എതിര്‍ക്കേണ്ടതും സാധ്യമായ നിലയിലെല്ലാം  ചെറുക്കേണ്ടതും തന്റെ ധാര്‍മ്മികമായ ചുമതലയും ഉത്തരവാദിത്വവുമാണെന്ന നിലപാടില്‍ ബിഷപ് ഉറച്ചുനിന്നു. 
ആദ്യത്തെ മൂന്നു വര്‍ഷം കൊണ്ടുതന്നെ രൂപതയിലെ എല്ലാ ഇടവകകളിലും നേരില്‍ സന്ദര്‍ശിച്ച് ആത്മീയനിലവാരവും  പള്ളികളുടെ സാമ്പത്തികസാഹചര്യങ്ങളും വിലയിരുത്തി. ആവശ്യമായ പരിഹാര നടപടികളും നടപ്പാക്കി. 1953 ല്‍ കത്തീഡ്രല്‍പള്ളിക്കു കല്ലിട്ടെങ്കിലും പള്ളിപണിയും ബിഷപ്‌സ് ഹൗസ് പണിയും മാറ്റിവച്ചു കൊണ്ടാണ് മുന്‍ഗണനാക്രമം മാറ്റി വയലില്‍പിതാവ് ആദ്യം  വൈദികപരിശീലനത്തിനുവേണ്ടി രൂപതാ സെമിനാരിയും തുടര്‍ന്ന് അധ്യാപകപരിശീലനത്തിന് ബി.എഡ്. കോളജും തുടങ്ങിയത്. പിതാവിന്റെ മനസ്സ് എന്നും ഒരു അധ്യാപകന്റേതായിരുന്നുവെന്നതാണ് സത്യം, യാഥാര്‍ത്ഥ്യവും. പാലാ സെന്റ് തോമസ് കോളജിനു പുറമേ, പെണ്‍കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിനായി പാലായില്‍ അല്‍ഫോന്‍സാ കോളജു തുടങ്ങിയതും പിതാവുതന്നെ. പിന്നീടു കുറവിലങ്ങാട്ട് ദേവമാതാ കോളജിനും  അരുവിത്തുറയില്‍ സെന്റ് ജോര്‍ജ് കോളജിനും തുടക്കംകുറിച്ചു. പിതാവിന്റെ കാലത്തു സ്ഥാപിച്ച സ്‌കൂളുകള്‍ക്കും ഹൈസ്‌കൂളുകള്‍ക്കും ഇതര സാങ്കേതികപരിശീലന കേന്ദ്രങ്ങള്‍ക്കും കണക്കില്ല. പാലായെ കേരളത്തിലെ അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസകേന്ദ്രമാക്കിയതിന്റെ മുഴുവന്‍ ക്രെഡിറ്റും മറ്റാരെക്കാളും വയലില്‍പിതാവിനു മാത്രമുള്ളതാണ്.  
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ ആദ്യന്തം പങ്കെടുത്ത ബിഷപ് സെബാസ്റ്റ്യന്‍ വയലില്‍ കൗണ്‍സില്‍ ഡിക്രികളുടെ ചൈതന്യത്തെയും സത്തയെയും പൂര്‍ണമായും ഉള്‍ക്കൊണ്ടു. സഭയിലെ അല്മായപങ്കാളിത്തത്തെ എപ്പോഴും പ്രോത്സാഹിപ്പിച്ചിരുന്നുവെന്നു മാത്രമല്ല, സഭയെ അഭിഷിക്തരും അല്മായരും ചേര്‍ന്നുള്ള ഉത്തരവാദിത്വപൂര്‍ണ്ണമായ ഒരു പങ്കാളിത്തമായി  - അ  ഢലൃ്യ ഞലുെീിശെയഹല ജമൃിേലൃവെശു - കാണാനും പിതാവ് തയ്യാറായി. അന്‍പതു വര്‍ഷം മുന്‍പ് വത്തിക്കാന്‍ കൗണ്‍സില്‍നിശ്ചയങ്ങളുടെ പശ്ചാത്തലത്തില്‍ രൂപതകളിലെല്ലാം പാസ്റ്ററല്‍ കൗണ്‍സിലുകള്‍ രൂപീകരിച്ചപ്പോള്‍ എല്ലായിടത്തും ബിഷപ്പുമാര്‍ തന്നെയായിരുന്നു കൗണ്‍സില്‍ പ്രസിഡന്റുമാര്‍. എന്നാല്‍, പാലായില്‍ മാത്രം പ്രസിഡന്റിനു പുറമേ വയലില്‍പിതാവ് ഒരു അല്മായനെ കൗണ്‍സില്‍ ചെയര്‍മാനായിക്കൂടി നിയമിച്ചുകൊണ്ടാണ്  സഭയിലെ അല്മായപങ്കാളിത്തത്തിന് അടിവരയിട്ടത്. പ്രമുഖസ്വാതന്ത്ര്യസമരസേനാനിയായിരുന്ന അഡ്വ. സി.എം. മാത്യു കുരീക്കാട്ടായിരുന്നു ആദ്യത്തെ ചെയര്‍മാന്‍. പിന്നീടു വന്ന എല്ലാ പിന്‍ഗാമികളും ആദ്യ ബിഷപ്പിന്റെ മാതൃകതന്നെ പിന്‍തുടരാനുള്ള സന്മനസ്സു കാണിച്ചു. റോമന്‍ കത്തോലിക്കാസഭയില്‍ പാലാ  രൂപതയില്‍ മാത്രമായിരിക്കും പാസ്റ്ററല്‍ കൗണ്‍സിലിന് ഒരു അല്മായ ചെയര്‍മാനുള്ളത്...
വയലില്‍ പിതാവും എന്റെ പിതാവ് ആര്‍.വി. തോമസുമായി വളരെ ആഴമായ ഒരു ആത്മബന്ധമാണുണ്ടായിരുന്നത്. തൃശ്ശിനാപ്പള്ളി കോളജില്‍ വയലില്‍ പിതാവ് ഇന്റര്‍മീഡിയറ്റുക്ലാസ്സില്‍ ഒന്നാം വര്‍ഷം ചേരുമ്പോള്‍ ആര്‍.വി.  തോമസ്  ബി.എ.ഡിഗ്രിക്ക് അവസാനവര്‍ഷമായിരുന്നു. പ്രഫ. എം.പി. പോളും അലക്‌സാണ്ഡര്‍ പറമ്പിത്തറയും ആര്‍ച്ചുബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയും ആന്ധ്രയിലെ ആദ്യകാലമിഷണറിമാരിലൊരാളായിരുന്ന ഫാദര്‍ സെബാസ്റ്റ്യന്‍ പൂണ്ടിക്കുളവുമൊക്കെ അക്കാലത്ത് അവിടെ വിദ്യാര്‍ത്ഥികളായിരുന്നു. 1955 ല്‍ ളാലം പുത്തന്‍പള്ളിയില്‍ എന്റെ പിതാവിന്റെ സംസ്‌കാരകര്‍മ്മത്തില്‍ മുഖ്യകാര്‍മികത്വം വഹിച്ചു പ്രസംഗിക്കവേ വികാരഭരിതനായി വാക്കുകള്‍ മുറിഞ്ഞു ഗദ്ഗദകണ്ഠനായി ചരമപ്രസംഗം മുഴുമിപ്പിക്കാനാവാതെ പ്രാര്‍ത്ഥനയിലേക്കു മാറിയ ബിഷപ് വയലിലിനെക്കുറിച്ച് അന്നു പത്രങ്ങള്‍ വാര്‍ത്ത എഴുതിയിരുന്നു. അവസാനംവരെ ഞങ്ങളുടെ കുടുംബത്തോടും പിതാവു പ്രത്യേക വാല്‍സല്യവും കരുതലും  കാട്ടി. ഞങ്ങളുടെ വീടിനു മുന്നിലൂടെ കടന്നുപോയിരുന്നപ്പോഴൊക്കെ ഗേറ്റിനു മുന്നില്‍ കാര്‍ നിര്‍ത്തി ഹോണ്‍ അടിക്കും. ഞങ്ങള്‍ക്കും പിതാവിന്റെ കാറിന്റെ ഹോണ്‍കേട്ടാലറിയാമായിരുന്നു. ഞങ്ങളെല്ലാം ഓടിച്ചെല്ലും. കാറിലിരുന്നു ഞങ്ങളെയെല്ലാം കൈ മുത്തിക്കും. അമ്മയോടും വിശേഷങ്ങള്‍ അന്വേഷിക്കും. 1984 ല്‍ ഞാന്‍ ആദ്യമായി ഒരു വീട് വയ്ക്കുന്ന സമയത്ത് ആരോഗ്യപരമായ പരിമിതികള്‍ക്കിടയിലും പിതാവുതന്നെ വന്നു പുതിയ  വീടിനു കല്ലിട്ടു. പിതാവുതന്നെ വീടുവെഞ്ചരിക്കണമെന്നത് പിതാവിന്റെയും എന്റെയും ആഗ്രഹമായിരുന്നു. പണി പൂര്‍ത്തിയാകുന്ന 1986  നവംബറിലെന്നു തീരുമാനിച്ചിരുന്ന ചടങ്ങാണ് പിന്നീട് പിതാവിന്റെ തന്നെ നിര്‍ദ്ദേശപ്രകാരം മുഴുവന്‍ പണിയും പൂര്‍ത്തിയാകുംമുന്‍പേ നേരത്തേയാക്കിയത്. 1986 സെപ്റ്റംബര്‍ 14 ന്  ഓണദിവസം പിതാവുതന്നെ വന്നു വീടിന്റെ ആശീര്‍വാദം നിര്‍വഹിച്ചനുഗ്രഹിച്ചു. വയലില്‍പിതാവ് ആശീര്‍വദിച്ച അവസാനഭവനമെന്ന അനുഗ്രഹപദവിയും  അങ്ങനെ ഞങ്ങളുടെ ഭവനത്തിനായി. നവംബര്‍ 21 ന് പിതാവു കാലം ചെയ്തു. ഇന്നും ഞങ്ങളുടെ സന്ധ്യാപ്രാര്‍ത്ഥനയില്‍ അഭിവന്ദ്യ വയലില്‍ പിതാവിന്റെ പേരു മറക്കാതെ എല്ലാ ദിവസവും ഞങ്ങള്‍ ഓര്‍മ്മിക്കുന്നുമുണ്ട്. 
ഒരുപക്ഷേ, വയലില്‍പിതാവിനൊടൊപ്പം പിതാവിന്റെ കാറില്‍ ഏറ്റവും കൂടുതല്‍ ഒന്നിച്ചു സഞ്ചരിച്ചതിന്റെ ബഹുമതിയും എനിക്കാവണം! പലപ്പോഴും മദ്യവര്‍ജനസമ്മേളനങ്ങള്‍ക്കും  സ്‌കൂള്‍ വാര്‍ഷികയോഗങ്ങള്‍ക്കും പിതാവുതന്നെ ചെയര്‍മാനായിരുന്ന, എല്ലാ സഭകളും ചേര്‍ന്നുണ്ടായിരുന്ന സംയുക്ത ക്രൈസ്തവ മദ്യവര്‍ജനസമിതിയോഗങ്ങള്‍ക്കും പിതാവിനോട് ഒന്നിച്ചായിരുന്നു യാത്ര. അത് എനിക്കു ജീവിതത്തിലെ അവിസ്മരണീയമായ ഒരു അനുഭവവും പാഠവുമായിരുന്നുവെന്നതാണ് സത്യം. പാലായുടെ പഴയകാലകഥകള്‍ പലതും പിതാവിനു മനഃപാഠമായിരുന്നു!
പാലായെയും പാലായിലെ ജനങ്ങളെയും സ്വന്തം ഹൃദയത്തോടു ചേര്‍ത്തുവച്ച ആത്മീയാചാര്യനായിരുന്നു അഭിവന്ദ്യ വയലില്‍ പിതാവ്. മീനച്ചില്‍ കര്‍ത്താക്കന്മാരോടും പിതാവ്  എന്നും പരിഗണന കാട്ടി. പാലാ വലിയപള്ളി പുതുക്കിപ്പണിതപ്പോള്‍ അത് കൂദാശ ചെയ്യുന്ന ദിവസം രാവിലെ വയലില്‍ പിതാവ് ഒരു വലിയ നിലവിളക്കുമായിച്ചെന്നു കണ്ട് മീനച്ചില്‍ കര്‍ത്താവിനെ  അതു സമ്മാനിക്കുകയും ആയിരം വര്‍ഷംമുന്‍പ് അദ്ദേഹത്തിന്റെ പൂര്‍വികര്‍ തന്റെ പൂര്‍വികര്‍ക്കു പള്ളി വച്ചുതന്നതിലുള്ള നന്ദിയും സ്‌നേഹവും കടപ്പാടും അറിയിക്കുകയും ചെയ്തു. നിറകണ്ണുകളോടെയാണ് മീനച്ചില്‍ കര്‍ത്താവ് നിലവിളക്ക്  ഏറ്റുവാങ്ങിയത്.  സര്‍വ്വസമുദായങ്ങള്‍ക്കും എക്കാലത്തും ആദരണീയനായിരുന്നു ബിഷപ് വയലില്‍. എല്ലാ സഭകള്‍ക്കും സ്വീകാര്യനും. കക്ഷിഭേദം കൂടാതെ രാഷ്ട്രീയനേതാക്കളും പാലാ അരമനയില്‍ വന്നു വയലില്‍ പിതാവിനെ കാണുന്നതായിരുന്നു പതിവ്. പക്ഷേ, രാഷ്ട്രീയകാര്യങ്ങളില്‍ എന്നും വയലില്‍ പിതാവിനു സുവ്യക്തനിലപാടുകള്‍ ഉണ്ടായിരുന്നു. നയതന്ത്രങ്ങളൊന്നും പിതാവിന്റെ രീതിയായിരുന്നുമില്ല.
മുപ്പത്തിയൊന്നു വര്‍ഷത്തെ മേല്പട്ടദൗത്യം പൂര്‍ത്തിയാക്കി ചുമതലയൊഴിഞ്ഞുകൊണ്ട് വയലില്‍പ്പിതാവെഴുതിയ യാത്രാവന്ദന ഇടയലേഖനവും വികാരസാന്ദ്രമായിരുന്നു. പള്ളികളില്‍  കുര്‍ബ്ബാനമധ്യേ അതു വായിച്ച അച്ചന്മാരും വായിച്ചുകേട്ട വിശ്വാസികളും ഒരുപോലെ വിതുമ്പി. തന്റെ വാക്കുകളോ പ്രവൃത്തികളോ അറിഞ്ഞോ അറിയാതെയോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുെണ്ടങ്കില്‍ അതിനു പരസ്യമായിത്തന്നെ സ്വന്തം വിശ്വാസികളോടു പിതാവ്  മാപ്പപേക്ഷിച്ചു. തന്റെ ബലഹീനതകള്‍ക്കും വീഴ്ചകള്‍ക്കും അയോഗ്യതകള്‍ക്കും താഴ്മയോടെ ദൈവമുന്‍പാകെയും താന്‍ ക്ഷമ ചോദിക്കുകയാണെന്ന് പിതാവ് അവസാനത്തെ ഇടയലേഖനത്തില്‍ എഴുതി.....
വിശ്രമജീവിതത്തില്‍ പ്രവേശിച്ച പിതാവ് പിന്നീടു പൊതുച്ചടങ്ങുകളില്‍നിന്നു മിക്കവാറൂം വിട്ടുനില്‍ക്കുകയാണുണ്ടായത്. ഹൃദയസംബന്ധമായ ചില ആരോഗ്യപ്രശ്‌നങ്ങളും ഇടയ്ക്ക് പ്രയാസങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും കാരണമായി.
എങ്കിലും വയലില്‍പിതാവ് തികഞ്ഞ പ്രസാദാത്മകതയോടെയാണ് പ്രാര്‍ത്ഥനാപൂര്‍വം തന്റെ അവസാനനാളുകള്‍ കഴിച്ചുകൂട്ടിയത്. ഒന്നിലും പരാതിയുണ്ടായിരുന്നില്ല. സന്ദര്‍ശകരെ എല്ലാം സന്തോഷത്തോടെ സ്വീകരിച്ചു. ഭക്തിയോടെ തന്റെ കൈമുത്തിയവരെയും തനിക്കു മുന്നില്‍ അനുഗ്രഹത്തിനായി മുട്ടുകുത്തിയവരെയും സ്‌നേഹസ്മിതത്തോടെ ആശീര്‍വദിച്ചു. അവര്‍ക്കു കൊന്തയും മെഡലുകളും സമ്മാനിച്ചു. ഒരവസരത്തില്‍ എനിക്കും പിതാവ്, അദ്ദേഹം മാണിക്കുട്ടിയച്ചനായിരുന്ന കാലംമുതല്‍ ഉപയോഗിച്ചിരുന്ന  50 വര്‍ഷമെങ്കിലും പഴക്കമുള്ള ഒരു കുരിശുരൂപം സമ്മാനിച്ചത് ഇന്നും ഞാന്‍ ഒരു തിരുശ്ശേഷിപ്പായി സൂക്ഷിക്കുന്നു.
1986 നവംബര്‍ 21 നാണ് വയലില്‍പിതാവ്  കാലത്തെ കടന്നുപോയത്. അന്നുവരെ മറ്റാര്‍ക്കും നല്‍കാത്തത്ര ഭക്തിപൂര്‍വ്വകവും വികാരനിര്‍ഭരവുമായ ഒരു യാത്രാവന്ദനമായിരുന്നു പാലായിലെ ജനങ്ങള്‍ തങ്ങളുടെ ആദ്യത്തെ ആത്മീയാചാര്യനു നല്‍കിയത്. അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ഭാഗ്യസ്മരണാര്‍ഹന്‍ എന്നു പറയുവാന്‍ വയലില്‍പിതാവിനെപ്പോലെ വയലില്‍ പിതാവു മാത്രം!

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)