ഡിസംബര്‍ 3
അന്താരാഷ്ട്ര ഭിന്നശേഷിദിനം
ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും ഡിസംബര്‍ 3 അന്താരാഷ്ട്ര ഭിന്നശേഷി ദിനമായി ആചരിക്കുന്നു. ഓരോ വര്‍ഷവും വ്യക്തമായ ആശയങ്ങള്‍ ഭിന്നശേഷിക്കാരുടെ ഉന്നമനവും വളര്‍ച്ചയും സുരക്ഷിതത്വവും ലക്ഷ്യമാക്കി യു.എന്‍ അവതരിപ്പിക്കാറുണ്ട്. ''എല്ലാ വൈകല്യവും ദൃശ്യമല്ല'' എന്ന വിഷയത്തിലധിഷ്ഠിതമായി ഈ വര്‍ഷം ചിന്തിക്കുമ്പോള്‍, ഏതുവിധ വൈകല്യമാണെങ്കിലും മനുഷ്യസമൂഹം ഭിന്നശേഷിക്കാരുടെ ശക്തിയും കഴിവുകളും വളര്‍ത്തി, സമൂഹത്തിന്റെ മുഖ്യധാരയില്‍ അവരെ എത്തിക്കണമെന്നും തുല്യനീതി ഉറപ്പാക്കണമെന്നുമുള്ള മഹത്തായ സന്ദേശമാണ് നല്‍കുന്നത്.
ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടില്‍ ലോകത്തെ 15 ശതമാനം ആളുകള്‍ അഥവാ ഒരു ബില്യണ്‍ മനുഷ്യര്‍ വൈകല്യത്തോടെ ജീവിക്കുന്നു. ഇതില്‍ 450 ദശലക്ഷം പേര്‍ മാനസികമോ അല്ലെങ്കില്‍ ന്യൂറോളജിക്കല്‍ പ്രശ്‌നമോ ഉള്ളവരാണെന്നു കണക്കാക്കപ്പെടുന്നു. ഇവരില്‍ മൂന്നില്‍ രണ്ടു പേര്‍ വൈദ്യസഹായം തേടുന്നില്ല. ഇതിന്റെ പ്രധാന കാരണം സമൂഹത്തിനു മുമ്പിലുള്ള അവഗണന, അപവാദം, വിവേചനം എന്നിവയാണ്.
160 പേരിലൊരാള്‍ ഓട്ടിസം സ്‌പെക്ട്രത്തില്‍ ഉള്‍പ്പെടുന്നു. പ്രത്യക്ഷത്തില്‍ കാണപ്പെടാത്ത വൈകല്യങ്ങളില്‍പ്പെടുന്ന ലക്ഷക്കണക്കിന് ആളുകളുടെ ചില ഉദാഹരണങ്ങളാണിവ. ഇപ്രകാരം ദൃശ്യവും അദൃശ്യവുമായ ഭിന്നശേഷിയില്‍പ്പെടുന്നവരുടെ തടസ്സങ്ങള്‍ നീക്കം ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകതയും ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഭാരതത്തില്‍ 2011 സെന്‍സസ് പ്രകാരം 22.4 % ഭിന്നശേഷിക്കാര്‍, അതായത്, 26.8 ദശലക്ഷം ഭിന്നശേഷിക്കാരാണുള്ളത്. ഇതില്‍ 5.6% ആളുകള്‍ മാനസികവൈകല്യമുള്ളവരാണ്. എന്നാല്‍, ഈ സര്‍വ്വേയില്‍ ചില പോരായ്മകള്‍ ലോകബാങ്ക് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
2011 ലെ അവകാശനിയമത്തിലൂടെ ഭിന്നശേഷി ഗണത്തില്‍പ്പെട്ടവരുടെ എണ്ണം 7 ല്‍ നിന്ന് 21 ആയി വര്‍ദ്ധിപ്പിച്ചു. എന്നാല്‍, സര്‍വ്വേ നടത്തിയവരുടെ പരിചയക്കുറവും അറിവില്ലായ്മയും മറ്റു കാരണങ്ങളും കൊണ്ട് വ്യക്തമായ കണക്കുകള്‍ ഇന്നും ലഭ്യമല്ല.
2006 ലെ ദേശീയനയത്തില്‍ വൈകല്യബാധിതര്‍ രാജ്യത്തിന് വിലപ്പെട്ട മാനവശേഷിയാണെന്നും അവര്‍ക്കു തുല്യ അവസരങ്ങള്‍ നല്‍കണമെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും സമൂഹത്തിന്റെ പൂര്‍ണ്ണപങ്കാളിത്തം ഉണ്ടാകണമെന്നും ഈ ലക്ഷ്യപൂര്‍ത്തീകരണത്തിനായി രാജ്യം വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും പ്രഖ്യാപിച്ചു. ഇതിനായുള്ള യു.എന്‍.ന്റെ കണ്‍വെന്‍ഷന്‍ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യയും 2007 ഒക്ടോബര്‍ ഒന്നിന് അംഗീകരിച്ചു. ഇതുമൂലം 1995 ലെ നിയമം മാറ്റി 2016 ല്‍ ഭിന്നശേഷിക്കാരുടെ അവകാശനിയമം പ്രാബല്യത്തില്‍ വന്നു.
ഈ നിയമപ്രകാരം ജോലിസംവരണം നാലു ശതമാനമായും ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അഡ്മിഷന്‍ അഞ്ചു ശതമാനമായും നിശ്ചയിച്ചു. 2017 ലെ മാനസികാരോഗ്യസംരക്ഷണനിയമവും നടപ്പിലാക്കി. 1992-ല്‍ പുനരധിവാസ കൗണ്‍സില്‍ രൂപീകരിക്കുകയും 1999-ല്‍ ഓട്ടിസം, സെറിബ്രല്‍ പള്‍സി, മെന്റല്‍ റിട്ടാര്‍ഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവയുള്ളവരുടെ ക്ഷേമത്തിന് നാഷണല്‍ ട്രസ്റ്റ് ആക്ട് നിലവില്‍ വരുകയും ചെയ്തു. ഇതിലൂടെ നിയമപരമായ രക്ഷാകര്‍ത്തൃത്വം, ഒരു ലക്ഷം രൂപവരെയുള്ള നിരാമയ ഇന്‍ഷുറന്‍സ് ഇവയും ലഭ്യമാക്കപ്പെട്ടു. ഇത്തരത്തില്‍ നിരവധി നിയമസംരക്ഷണസാഹചര്യങ്ങള്‍ ഇന്ത്യയില്‍ ഭിന്നശേഷിക്കാരുടെ ക്ഷേമവും സംരക്ഷണവും വളര്‍ച്ചയും ലക്ഷ്യമാക്കി നടപ്പിലാക്കിയിട്ടുണ്ട്.
കുഷ്ഠരോഗം, പോളിയോ ഇവ നിയന്ത്രണ വിധേയമാക്കാന്‍ ഒട്ടൊക്കെ സാധിച്ചുവെങ്കിലും ആരോഗ്യമേഖല, വൈകല്യത്തെ പ്രതിരോധിക്കുന്നതില്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്. മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും ശ്രദ്ധയും പരിചരണവും സംരക്ഷണവും നല്‍കുന്നതില്‍ വിവിധ വെല്ലുവിളികള്‍ ആരോഗ്യമേഖലയും നേരിടുന്നുണ്ട്. പൊതുആരോഗ്യമേഖല മെച്ചപ്പെട്ടാല്‍ വൈകല്യം തടയുന്നതില്‍ വലുതായ സംഭാവനകള്‍ നല്കാനുമാകും. എന്നാല്‍, ഈ രംഗത്ത് ആവശ്യമായ പദ്ധതികളോ ശ്രദ്ധയോ ഇന്നില്ലായെന്നതാണ് യാഥാര്‍ഥ്യം. വൈകല്യം തിരിച്ചറിയല്‍, സര്‍ട്ടിഫിക്കറ്റുനല്കല്‍ ഇവ വളരെ ശോചനീയാവസ്ഥയിലാണ്. പൊതുജനത്തിന്റെ അറിവില്ലായ്മ, ആരോഗ്യപ്രവര്‍ത്തകരുടെ നെഗറ്റീവ് മനോഭാവം, അവഗണന എന്നിവയും വെല്ലുവിളിയാണ്. കുട്ടികളുടെ അവകാശമായ വിദ്യാഭ്യാസം ഭിന്നശേഷിക്കാരായ കുട്ടികളില്‍ എത്തുന്നില്ല. ദുര്‍ബലമായ ഏകോപനവും പരിമിതമായ ഫണ്ടുകളും, പരിചയക്കുറവ്, താത്പര്യമില്ലായ്മ എന്നിവയും തടസ്സങ്ങളാണ്. പ്രത്യേകമായി ശ്രദ്ധിക്കപ്പെടേണ്ട ഭിന്നശേഷിക്കുട്ടികളെ കണ്ടെത്തി സഹായിക്കാത്തതും, ശാരീരികന്യൂനത ഉള്ളവര്‍ക്ക് യഥാസമയം സ്‌കൂളില്‍ എത്തിച്ചേരാന്‍ സാധിക്കാത്തതും, ഭിന്നശേഷിസൗഹൃദവും സൗകര്യവുമില്ലാത്ത സ്‌കൂള്‍ സ്ഥലങ്ങളും, സാങ്കേതികവിദ്യയുടെ അപര്യാപ്തതയും ഈ മേഖലയിലെ സുപ്രധാന പോരായ്മകള്‍തന്നെ. നിലവാരമില്ലാത്ത വിദ്യാഭ്യാസ പഠനസാഹചര്യങ്ങളും ഇവര്‍ക്കുള്ള ഉന്നത കോഴ്‌സുകളുടെ അഭാവവും ഇവരുടെ പഠനമേഖലകളെയും പരിശീലനങ്ങളെയും നിരീക്ഷിച്ചു പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള ഫലപ്രദമായ സംവിധാനങ്ങള്‍ ഒരുക്കാത്തതും വലിയ കുറവുകളാണ്.
ഇവരുടെ തൊഴില്‍പരിശീലത്തിനു നിരവധി പദ്ധതികള്‍ ഉണ്ടെങ്കിലും നഗരപ്രദേശത്താണ് അവ കേന്ദ്രീകരിച്ചിരിക്കുന്നത്. ഗ്രാമപ്രദേശം അവഗണിക്കപ്പെടുന്നു. 4% തൊഴില്‍സംവരണത്തില്‍ 10% മാത്രമാണ് ഇവര്‍ക്ക് അനുയോജ്യമായ തസ്തികകള്‍. പുതിയ തസ്തികകള്‍ ഒന്നും സൃഷ്ടിക്കപ്പെടുന്നില്ല. അര്‍ഹിക്കാത്തവര്‍ അന്യായമായ മാര്‍ഗത്തിലൂടെ സര്‍ട്ടിഫിക്കറ്റ് നേടി ജോലി കരസ്ഥമാക്കുന്നുമുണ്ട്.
ഭിന്നശേഷിസംരംഭകര്‍ക്കായി സാമ്പത്തിക സഹായപദ്ധതികള്‍ നിലവിലുണ്ടെങ്കിലും വളരെകുറച്ചു പേര്‍ക്കേ സേവനം ലഭ്യമാകുന്നുള്ളൂ. നാഷണല്‍ ഹാന്‍ഡിക്യാപ് ഫിനാന്‍സ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ((N.H.F.D.C)) 1997 മുതല്‍ ഉണ്ടെങ്കിലും ഗുണഭോക്താക്കള്‍ വളരെ കുറവാണ്. ശരിയായ അവബോധമില്ലായ്മ, വായ്പ ലഭിക്കുന്നതിനുള്ള കാലതാമസം, ചാനലിങ് ഏജന്‍സികളുടെ ഉത്തരവാദിത്വമില്ലായ്മ എന്നിവ കാരണം ശരിയായ ഫലം ഈ മേഖലയില്‍ ഇല്ല. പുനരധിവാസ-തൊഴില്‍ പരിശീലനം നല്കുന്നുണ്ടെങ്കിലും പ്ലേസ്മെന്റില്‍ ശ്രദ്ധയില്ലാത്തതിനാലും നഗരകേന്ദ്രീകൃതമായതിനാലും സാധാരണക്കാരിലും ഇത് എത്തുന്നില്ല.
ഭിന്നശേഷിയുള്ളവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ തീവ്രവൈകല്യങ്ങള്‍ ഉള്ളവരുടെ സമഗ്രമായ ക്ഷേമം അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ടതാണ്. അവകാശങ്ങള്‍ നേടിയെടുക്കാനും ഫലപ്രദമായി പ്രയോജനപ്പെടുത്താനും അവരുടെതന്നെ സംഘടിതമായ പ്രവര്‍ത്തനമാണ് ഏറ്റവും ആവശ്യം. വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഇവരുടെ സംഘടനയുടെ സംസ്ഥാന തല കോര്‍ഡിനേഷനായ കെ.സി.ഡി.എ. (KCDA - Kerala Confederation of Disabled) ഈ രംഗത്ത് ഏവര്‍ക്കും ആശ്രയിക്കാവുന്നതും കാര്യക്ഷമതയോടെ മുന്നേറാന്‍ സഹായിക്കുന്നതുമാണ്. (ഫോണ്‍: 9400930104).
എട്ടു ലക്ഷത്തിലധികം വരുന്ന കേരളത്തിലെ ഭിന്നശേഷിക്കാരുടെ സന്തോഷവും ആനന്ദവും നിറഞ്ഞ ജീവിതത്തിനു വേണ്ടതെല്ലാം സമയത്തു നല്‍കുന്നതില്‍ സാക്ഷരകേരളത്തിന് കഴിയുന്നില്ലായെന്നത് ശോചനീയമാണ്. പൊതുസമൂഹം ഇവരുടെ പ്രശ്‌നങ്ങള്‍ ആത്മാര്‍ഥമായി ഏറ്റെടുക്കുന്നില്ലെങ്കില്‍ ഇവരുടെ തുല്യതയും പങ്കാളിത്തവും ഉറപ്പുവരുത്താനാവില്ല.