നവകാല്പനികതയുടെ വശ്യചിത്രങ്ങള്‍
എസ്. ജോസഫ
സുഗതകുമാരിയുടെ കവിതകളില്‍ ചിലതെല്ലാം എനിക്കു പ്രിയംകരങ്ങളാണ്. ഇപ്പോള്‍ ചില കവിതകള്‍ ഓര്‍മ്മയിലുണ്ട്. മുക്തഛന്ദസില്‍ എഴുതിയ രാത്രിമഴ, കാടാണ്, കൃഷ്ണാ നീയെന്നെ അറിയില്ല എന്നിവ ഇഷ്ടമാണ്. എന്നാല്‍ അമ്പാടിയിലേക്കു വീണ്ടും, കൃഷ്ണ നീയെന്നെ അറിയില്ല, ഗോപികാദണ്ഡകം എന്നിവയില്‍ ആദ്യത്തെ കവിതയാണ് വായനക്കാരന്‍ എന്ന നിലയില്‍ ഏറെ ഇഷ്ടം. പിന്നെ മൂന്നും മൂന്നു തരത്തിലാണല്ലോ.
ഒരു ഇമേജിസ്റ്റ് കവിതയാണ് രാത്രിമഴ. അത് ഒരു കണ്ണാടിയായി, കവിയുടെ സെല്‍ഫ് പോട്രെയിറ്റ് ആയി എനിക്കു തോന്നുന്നു. ഈ കവിത സ്വയം ഒരു കണ്ണാടിയാവുകയാണ്. സ്ത്രീയുടെ ഭ്രാന്തവും രുഗ്ണവുമായ അവസ്ഥയെ ഗംഭീരമായി ഈ കവിത പ്രതിഫലിപ്പിക്കുന്നുണ്ട്.
കവിത എന്ന കല ഏകമാനമോ ദ്വിമാനമോ ത്രിമാനമോ എന്ന് എനിക്കറിയില്ല. എന്നാല്‍ കടമ്പിന്റെ കൊമ്പത്തിരിക്കുന്ന രാധയും അവളുടെ കാലില്‍ നിറമിടുന്ന കൃഷ്ണനും ഉള്ള 'കാടാണ്' എന്ന കവിത ഗംഭീരമായ ഒരു ത്രിമാനത കൈവരിക്കുന്നുണ്ട്. കാടിന്റെ ഉള്‍വശങ്ങള്‍ കാണാനാവുന്നുണ്ട്.
ഇന്ത്യന്‍ ചിത്രകലയില്‍ പഹാരി, കാങ്ക്രാ ചിത്രകലാശൈലികള്‍ ഞാന്‍ പിന്‍തുടര്‍ന്നിട്ടുണ്ട്. കൃഷ്ണനും രാധയും ഗോപികമാരുമുള്ള ദൃശ്യാഖ്യാനങ്ങളാണ് അവ. ശൈലീകൃതമായ ചിത്രപരമ്പരകളാണവ. അവയില്‍ ഈജിപ്ഷ്യന്‍ചിത്രങ്ങള്‍ പോലെ മുഖത്തിന്റെ ഒരു വശം മാത്രമേ ദൃശ്യമാവുന്നുള്ളു. എങ്കിലും നേരേയാണു നോക്കുന്നത് എന്നു മനസിലാക്കണം. കവിതകളില്‍നിന്നും പുരാണങ്ങളില്‍നിന്നുമാണ് ചിത്രങ്ങളിലേക്കു കൃഷ്ണ മിത്തുകള്‍ പകര്‍ത്തപ്പെട്ടത്. സുഗതകുമാരി ഈ ചിത്രങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നു നമുക്കറിയില്ല. എന്നാല്‍, ഇത്തരം ചിത്രാഖ്യാനങ്ങളുമായി ബന്ധപ്പെട്ടാണ് അവരുടെ കൃഷ്ണ - രാധാ മിഥുനകവിതകള്‍ കിടക്കുന്നത് എന്ന് ചിത്രകലാകുതുകിയായ ഒരാള്‍ക്കു തോന്നാം.
'നീ നീലചന്ദ്രനായ് നടുവില്‍ നില്‌ക്കേ ചുറ്റു -
മാലോലമാലോലമിളകി
ആടിയുലയും ഗോപസുന്ദരികള്‍'
എന്നൊക്കെ യുള്ള ചിത്രണങ്ങള്‍ നവകാല്പനികതയുടെ വശ്യമനോഹരമായ വരികള്‍ ആകുന്നു.
'കാളിയമര്‍ദ്ദനം' എന്ന കവിത വളരെ ചെറുപ്പത്തിലേതന്നെ എന്നെ ആകര്‍ഷിച്ചിരുന്നു.
'കുനിഞ്ഞതല്ലീ പത്തികള്‍ കണ്ണാ
കുലുങ്ങുകില്ലീ കരളിന്നും
ഓളമടിച്ചു സമുദ്രം പോലീ
കാളിന്ദീനദി പൊങ്ങുമ്പോള്‍'
ചെറുശ്ശേരിയില്‍നിന്നും വള്ളത്തോളില്‍നിന്നുമുള്ള ഭാവുകത്വപരിണാമം ഇവിടെ തെളിഞ്ഞു കാണാം. കവിത സ്വകാര്യജീവിതമാകുന്നു.
വ്യക്തിദുഃഖങ്ങള്‍ക്ക് കവിതയുടെ ഇരുള്‍ച്ചിറകുകള്‍ നല്കിയ കവി എന്ന് ചുള്ളിക്കാട് സുഗതകുമാരിയെ രേഖപ്പെടുത്തിയിട്ടുണ്ട്.
'ഝണല്‍ ഝണല്‍ ഝണല്‍ നാദമുദിര്‍ക്കും
മണിച്ചിലങ്ക കിലുങ്ങുമ്പോള്‍' എന്ന വരികള്‍ ഞാന്‍ എക്കാലത്തും ഓര്‍ത്തു ചൊല്ലിയിരുന്നു.
ശബ്ദബിംബം എന്ന നിലയില്‍ അതെത്ര ശക്തമാണ്! ക്രൂരനക്രൂരനും ഏറെ തണുത്ത കൈവിരലും പാല്‍പുഞ്ചിരിയും ഒന്നും മറക്കാന്‍ ആവുകയില്ല.
സമാനഹൃദയനുവേണ്ടി ഭവഭൂതിയെ പിന്‍തുടര്‍ന്നു പാടുന്ന സുഗതകുമാരി എന്തുകൊണ്ട് സമാനഹൃദയേ എന്നെഴുതിയില്ല എന്നു ചോദിച്ചിട്ടു കാര്യമില്ല. കാലബദ്ധരാണ് കവികള്‍. അതുപോലെ ഇനിയീ മനസില്‍ കവിതയില്ല എന്നെഴുതിയത് താത്കാലിക വികാരപ്രകാശനം ആയതിലും കാര്യമില്ല. കവികര്‍മ്മത്തില്‍നിന്നു വ്യതിചലിച്ച് അപ്പോഴേക്കും കവി കാടുകളുടെ ഉള്‍വിളി കേട്ട് പോയിരുന്നു.
ബ്രോണ്ടി സിസ്റ്റേഴ്‌സിനെപ്പോലെയാണ് സുജാതദേവി, ഹൃദയകുമാരി, സുഗതകുമാരി എന്നിവരെ ഞാന്‍ കാണുന്നത്. മൂന്നു പേരും തങ്ങളുടേതായ മുദ്ര പതിപ്പിച്ച് മടങ്ങിയിരിക്കുന്നു.
മനസ്സില്‍ നിറയും മൗനനൊമ്പരം
മ്യൂസ് മേരി ജോര്‍ജ
സുഗതകുമാരിയുടെ ആദ്യകവിതാസമാഹാരം മുത്തുച്ചിപ്പിയാണ്. ഞാന്‍ വായിക്കുന്ന ടീച്ചറുടെ ആദ്യകവിതാസമാഹാരം അമ്പലമണികളും. പിന്നാലെ നിരവധി കവിതകള്‍, പ്രത്യേകിച്ച് കാളിയമര്‍ദ്ദനം, പലതവണ വായിച്ചിട്ടുണ്ട്. ഓരോ രചനയും ഒരു എഴുത്തുകാരി നമ്മുടെ മനസ്സിലേക്കു കയറി വന്നിരുന്ന് നമ്മോടു നടത്തുന്ന സംഭാഷണമാണ്.
ചില കവികളുടെ കവിതകള്‍ നമ്മോടു സംഭാഷണം ചെയ്യുന്നതായിത്തന്നെ തോന്നും. എവിടെയൊക്കെയോ ഉള്ള നമ്മുടെ നിശ്ശബ്ദതകളെയും മൗനങ്ങളെയും അവ പൂരിപ്പിക്കുന്നതുപോലെ; അഥവാ ഒരു പുതിയ അര്‍ത്ഥം കൊടുക്കുന്നതുപോലെ. അത്തരം കൃതികളും നമ്മളും അടുപ്പക്കാരായി മാറുകയാണ്. അതാണ് ആ കൃതിയിലെ ജീവിതം. അതുകൊണ്ടാണല്ലോ ഡോസ്‌കോവ്‌സ്‌കിയും മാര്‍ക്കേസുമൊക്കെ മലയാളിയുടെ പ്രിയപ്പെട്ടവരായി മാറുന്നത്. ഞാന്‍ വായിച്ചിട്ടുള്ള സുഗതകുമാരിയുടെ കവിതകളില്‍ 'അമ്പലമണി'കളിലാണ് എക്കാലത്തെയും മികച്ച കവിതകള്‍ ഉള്ളത്. ആ പുസ്തകം എന്റെ സന്തതസഹചാരിയായിരുന്നു.
നിരവധി അവാര്‍ഡുകള്‍ നേടിയതാണ് ഈ കൃതി. ജീവിതമാണ് അതില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഒരു കാലഘട്ടത്തില്‍ പ്രിയപ്പെട്ടതായിരുന്ന പല രചനകളും പിന്നീടെനിക്ക് പ്രസക്തിയില്ലായെന്നു തോന്നിയിട്ടുണ്ട്. എന്നാല്‍, 'സമാനഹൃദയാ നിനക്കായ് പാടുന്നേന്‍' എന്ന സുഗതകുമാരിയുടെ കവിത, ഒരു എഴുത്തുകാരിയെന്ന നിലയില്‍ മുന്നോട്ടു പോകുമ്പോള്‍ എന്റെ എഴുത്തിന്റെ ഒരു പ്രമാണംപോലെ എന്തൊക്കെയോ ഓര്‍മിപ്പിച്ചുകൊണ്ട് കണ്‍മുന്നില്‍ വരാറുണ്ട്. അതുപോലെ തന്നെയുള്ള മറ്റൊരു കവിതയാണ് 'കൃഷ്ണാ നീയെന്നെ അറിയില്ല' എന്നതും. ചിലര്‍ ആ കവിതയിലെ അതികാല്പനികതയെ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും, എനിക്ക് ആ കവിതയും വളരെ പ്രിയപ്പെട്ടതാണ്.
'ജെസി' എന്ന കവിത എന്റെ സമപ്രായക്കാരായ പലരെയും ഓര്‍മിപ്പിക്കുന്നു. വീട്ടിലെ മോശം സാഹചര്യങ്ങളും ദാരിദ്ര്യവും മൂലം അന്യദിക്കുകളിലേക്കു ജോലി തേടിപ്പോകുന്ന അന്തര്‍മുഖരും ദരിദ്രരുമായ പല പെണ്‍കുട്ടികളെയും ആ കവിതയോടു ചേര്‍ത്തുവച്ച് വായിച്ചിരുന്നു ആ കാലഘട്ടത്തില്‍.
'മരത്തിനു സ്തുതി' എന്ന കവിതയില്‍, വൈദികമായ ഒരു ആത്മീയതയുടെ അംശം തെളിഞ്ഞു നില്‍ക്കുന്നു. പരിസ്ഥിതിയുടെ രാഷ്ട്രീയം നമ്മെ വ്യക്തമായി ഓര്‍മിപ്പിച്ച ഒരു കവിതയാണിത്.
മലയാള കവിതാചരിത്രത്തില്‍ സ്ത്രീജീവിതത്തെ നാടകീയകാവ്യരൂപത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്ന ഒരു രചനയാണ് 'സ്ത്രീപര്‍വം.' മുഷിഞ്ഞ വസ്ത്രങ്ങളും പാത്രങ്ങളും കഴുകിവെളുപ്പിച്ച് കുട്ടികളെ വളര്‍ത്തി ജീവിച്ച ഒരു സ്ത്രീയെയാണ് ലോകത്തിനു പരിചയം. എന്നാല്‍, അതിനുമുമ്പ്, അമ്മമാര്‍ വളര്‍ത്തിയ ഒരു പെണ്‍കുട്ടിയുണ്ട്. വളരെ ചുരുങ്ങിയ ചുറ്റുപാടില്‍ ജീവിച്ച ഒരു പെണ്‍കുട്ടി. പിന്നീട് സ്‌നേഹത്തില്‍ വിശ്വസിച്ച് വിവാഹിതയാവുന്നു. ഭര്‍ത്തൃവീട്ടിലെ ജോലികളിലേര്‍പ്പെടുന്നു. കുട്ടികള്‍ വളര്‍ന്നു കഴിയുമ്പോള്‍ അവര്‍ അമ്മയെ മറക്കുന്നു. തേഞ്ഞുപോയൊരു പാത്രംപോലെയോ മറ്റോ ആണ് ആ സ്ത്രീ തന്റെ ജീവിതത്തെ നോക്കിക്കാണുന്നത്. ഫെമിനിസം എന്ന ആശയം ഇത്രയേറെ വ്യാപകമാവുന്നതിനു മുമ്പുവന്ന ആ കവിത, സ്ത്രീകളുടെ അധ്വാനത്തെയും അതിന്റെ ചില വ്യര്‍ത്ഥതകളെയും അടയാളപ്പെടുത്തുന്നു.
പരിസ്ഥിതിയുടെ നൈതികതയെ മലയാളകവിതയില്‍ വളരെയേറെ വിളക്കിച്ചേര്‍ത്ത കവിയാണു സുഗതകുമാരി. ഇടശ്ശേരിക്കുശേഷം പരിസ്ഥിതിയെക്കുറിച്ച് കൂടുതല്‍ എഴുതിയതും സുഗതകുമാരിതന്നെ. അതുപോലെതന്നെ വളരെ ആഴത്തിലും സൂക്ഷ്മസ്വഭാവത്തിലുമുള്ള പ്രണയമാണ് ജീവിതത്തിന്റെ ആധാരമെന്നു പറഞ്ഞ ഒരു കവയിത്രിയാണ് സുഗതകുമാരി. അതിനുവേണ്ടി അവര്‍ ഉപയോഗിച്ച ഒരു പ്രധാന ഇമേജാണ് ശ്രീകൃഷ്ണന്‍ - കാമുകനായ കൃഷ്ണന്‍. കൃഷ്ണന്റെ കാമുകത്വത്തിനുള്ള ഒരു പ്രത്യേകത, അസാധാരണമാം വിധമുള്ള പാരസ്പര്യതയിലാണ് അവരുടെ പ്രണയം നിലനില്‍ക്കുന്നത് എന്നതാണ്. ഒന്ന് ഒന്നിനെ കീഴ്‌പ്പെടുത്താനോ അനുശാസനം ചെയ്യാനോ ഒന്നും ശ്രമിക്കാതെ പരസ്പരമുള്ള ലയം.
അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രണയമാണത്. കണ്ടെത്തലിലൂടെ പരസ്പരം ലയിച്ചു ചേരുന്ന പ്രണയം. ശരീരവും മനസ്സും സന്നിഹിതമായിരിക്കുന്ന ഒരു പ്രണയത്തെയാണ് സുഗതകുമാരി ഇവിടെ നിര്‍വചിക്കുന്നത്.
'പാവം മാനവഹൃദയം' എന്ന സമാഹാരത്തിലെ 'അത്രമേല്‍ സ്‌നേഹിക്കയാല്‍' എന്ന കവിതയില്‍ ഒരു നല്ല ദാമ്പത്യം എങ്ങനെ ആയിരിക്കണമെന്ന് വിചിന്തനം ചെയ്യുന്നു. തന്റെ എല്ലാ മോശം സാഹചര്യത്തിലും തന്നെ സ്‌നേഹിച്ചുകൊണ്ട് ഒപ്പം നില്‍ക്കുന്ന ജീവിതപങ്കാളിക്കു കൊടുക്കുന്ന ഒരു നമസ്‌കാരം പോലെ നമുക്കിതു വായിക്കാം.
പാവം മാനവഹൃദയം എന്ന കവിതയില്‍,
ഒരു താരകയെ കാണുമ്പോളത് രാവുമറക്കും
പുതുമഴ കാണ്‍കെ വരള്‍ച്ച മറക്കും
പാല്‍ച്ചിരി കാണ്‍കെ മൃതിയെ മറന്നു-
സുഖിച്ചേപോവും, പാവം മാനവ ഹൃദയം
എന്ന് മനുഷ്യന്റെ ചപലഹൃദയത്തെക്കുറിച്ച് സുഗതകുമാരി സഹതപിക്കുന്നു.
ഉന്മാദിനിയായ സ്ത്രീയും രാത്രിമഴയും ഒരുപോലെ തന്നെയാണ് എന്നു പറയുമ്പോള്‍ കവിയുടെ സര്‍ഗാത്മകതയാണ് കവിതയിലൂടെ വെളിവാകുന്നത്.
ചങ്ങലയ്ക്കിട്ടാലും ചിതറിപ്പോകുന്ന സ്‌ത്രൈണസ്വപ്നങ്ങളെക്കുറിച്ചുള്ള വിവരണമാണ്, ക്രിയേറ്റിവിറ്റിയുടെ പ്രതിഫലനമാണ് രാത്രിമഴ എന്ന കവിത.
പെണ്‍കുഞ്ഞുങ്ങള്‍ സുഗതകുമാരിയുടെ കവിതകളില്‍ ആവര്‍ത്തിച്ചു വരുന്നുണ്ട്. കൊല്ലേണ്ടതെങ്ങനെ എന്ന കവിതയില്‍, താന്‍ ഈ കുഞ്ഞിനെ കൊല്ലാതെ വിട്ടാല്‍ തന്റെ കാലശേഷം ഈ കുഞ്ഞിന് ആരുണ്ട് എന്ന വ്യഥയില്‍ നീറുന്ന ഒരു അമ്മയെ കാണാം.
മണലെഴുത്ത്, കുടത്തിലെ കടല്‍ തുടങ്ങിയവയാണ് അവസാനകാലസമാഹാരങ്ങള്‍. ഈ കവിതകളില്‍ ആത്മീയതയും വിഷാദവും ഏകാന്തതയുമൊക്കെ നിറഞ്ഞുനില്‍ക്കുന്നു.