•  3 Jul 2025
  •  ദീപം 58
  •  നാളം 17
ലേഖനം

മുറിവേറ്റവരുടെ മനമറിഞ്ഞ് മഹായിടയന്‍

''നിങ്ങളെ ദ്രോഹിച്ചവരോട് ഹൃദയപൂര്‍വം ക്ഷമിക്കുക. ക്ഷമയാണ് ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയുടെ മുഖമുദ്ര. പഴയ കാലത്തിലേക്കുള്ള ഒരു തിരിച്ചുപോക്ക് എളുപ്പമല്ലെന്നറിയാം. എങ്കിലും, നിരാശരാകേണ്ടതില്ല, പ്രത്യാശയോടെ കാത്തിരുന്നാല്‍ മാത്രം മതി. ധൈര്യമായിരിക്കുക, സര്‍വശക്തനായ ദൈവം നിങ്ങളെ സംരക്ഷിക്കും.''
ആഭ്യന്തരകലഹങ്ങളും വൈദേശികാധിനിവേശവും  ന്യൂനപക്ഷവംശഹത്യയും തകര്‍ത്തുകളഞ്ഞ ഇറാക്കിലെ വിവിധ ക്രൈസ്തവവിഭാഗങ്ങള്‍ക്ക് ആഗോളകത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പാ സമാശ്വാസവും ധൈര്യവും പകര്‍ന്നുനല്കുകയായിരുന്നു. രാജ്യത്തിന്റെ തെക്കുള്ള അല്‍നജഫ് മുതല്‍ വടക്കേയറ്റത്തുള്ള നിനവേവരെ സഞ്ചരിക്കുന്നതിനിടയില്‍, ഐ.എസ്. ഭീകരരുടെ ആക്രമണങ്ങള്‍ക്കിരയായ ക്രൈസ്തവസഹോദരങ്ങളുടെ  കദനകഥകള്‍ നേരിട്ടു ശ്രവിക്കുന്നതിനും അവരെ ആശ്വസിപ്പിക്കുന്നതിനും പരിശുദ്ധ ഫ്രാന്‍സിസ് പാപ്പാ സമയം കണ്ടെത്തി.
''സംസ്‌കാരങ്ങളുടെ പിള്ളത്തൊട്ടിലായ ഈ രാജ്യത്ത് കഴിഞ്ഞ നാളുകളില്‍ അരങ്ങേറിയ കാടത്തം അങ്ങേയറ്റം അപലപനീയമാണ്. ക്രൈസ്തവമതം ആദ്യമെത്തിയ രാജ്യങ്ങളിലൊന്നാണിത്. ഇവിടത്തെ പുരാതനദൈവാലയങ്ങളെല്ലാം നശിപ്പിക്കപ്പെട്ടു. മുസ്ലീങ്ങളും യസീദികളും ക്രൈസ്തവരും ക്രൂരമായി പീഡിപ്പിക്കപ്പെടുകയോ വധിക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തു. മറ്റു മതങ്ങളിലുള്ളവരെ വേറിട്ടുകാണുന്നത് സമാധാനത്തിനു വിരുദ്ധമാണ്. മതത്തിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ ഏറ്റവും വലിയ ദൈവനിഷേധമാണ്. ദൈവത്തെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും പൂര്‍ണശക്തിയോടുംകൂടി സ്‌നേഹിക്കുകയും അയല്‍ക്കാരനെ ചേര്‍ത്തുപിടിക്കുകയുമാണ് പ്രധാനം. അബ്രാഹത്തിന്റെ മക്കളായ നാമെല്ലാവരും ലോകസമാധാനത്തിനായി ഐക്യത്തോടെ ഒരുമിച്ചിരുന്നു പ്രാര്‍ത്ഥിക്കാന്‍ കടപ്പെട്ടവരാണ്.'' ഇറാക്ക് സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം, പൂര്‍വപിതാവായ അബ്രാഹത്തിന്റെ ജന്മനാടായ ഊര്‍ പട്ടണത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വമതസമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പാ നല്‍കിയ ആഹ്വാനമാണിത്.
''വിദ്വേഷം, തീവ്രവാദം, അക്രമം എന്നിവ ഒരു യഥാര്‍ത്ഥവിശ്വാസിയുടെ ഹൃദയത്തില്‍ ജനിക്കുകയില്ല. വിദ്വേഷവും വിഭാഗീയതയും മാറ്റിവച്ച് സമാധാനത്തിനായി നിലകൊള്ളേണ്ട സമയമാണിത്. സഹോദരഹത്യയെക്കാള്‍ സഹോദരസ്‌നേഹവും വിദ്വേഷത്തെക്കാള്‍ പ്രത്യാശയും യുദ്ധത്തെക്കാള്‍ സമാധാനവുമാണ് ശ്രേഷ്ഠവും മഹത്തരവും. ക്രൈസ്തവര്‍ക്കൊപ്പം ഇസ്ലാമികഭീകരരുടെ പിടിയിലകപ്പെട്ട യസീദികള്‍ക്കുവേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.'' മാര്‍പാപ്പാ കൂട്ടിച്ചേര്‍ത്തു. മതാന്തരസംവാദങ്ങള്‍ക്കു തുടക്കമിടുന്നതിനും സഹോദരസ്‌നേഹം ഊട്ടിയുറപ്പിക്കുന്നതിനും മധ്യപൂര്‍വേഷ്യയില്‍ സമാധാനവും ശാന്തിയും കൈവരുത്തുന്നതിനും ഫ്രാന്‍സീസ് മാര്‍പാപ്പായുടെ അപ്പസ്‌തോലികസന്ദര്‍ശനം ഉപകരിക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തിയത്.
സംസ്‌കാരങ്ങളുടെ പിള്ളത്തൊട്ടില്‍.
സഹസ്രാബ്ദങ്ങളുടെ പാരമ്പര്യം പേറുന്ന മണ്ണില്‍നിന്നാണ്  താന്‍ സംസാരിക്കുന്നതെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പായ്ക്കും നല്ല ബോധ്യമുണ്ടായിരുന്നു. മനുഷ്യകുലത്തോളം പഴക്കമുള്ള സാംസ്‌കാരികപൈതൃകം  ഇറാക്കിനു മാത്രം സ്വന്തമാണെന്നതാണ് യാഥാര്‍ത്ഥ്യം. തുര്‍ക്കിയിലെ അറാറത്ത് പര്‍വതത്തില്‍നിന്നുദ്ഭവിച്ച് സിറിയയിലൂടെ ഇറാക്കില്‍ പ്രവേശിക്കുന്ന യൂഫ്രട്ടീസ് നദിയും സിറിയയുടെ അതിര്‍ത്തിയിലൂടെ ഒഴുകിയെത്തുന്ന ടൈഗ്രീസ്  നദിയും ഏതാണ്ടു സമാന്തരമായി തെക്കോട്ടൊഴുകി പേര്‍ഷ്യന്‍ ഉള്‍ക്കടലിലാണു പതിക്കുന്നത്. ഈ മഹാനദികളുടെ ഇടയിലുള്ള ഫലഭുയിഷ്ഠമായ സമതലപ്രദേശത്തു രൂപപ്പെട്ട മെസപ്പൊട്ടോമിയയിലാണ് ആദ്യസംസ്‌കൃതി ഉദയം ചെയ്തത്. 
അബ്രാഹത്തിന്റെ ജന്മനാടായ ഊര്‍ പട്ടണം ആദ്യജനവാസമേഖലയായി കണക്കാക്കപ്പെടുന്നുണ്ട്. ചെടികളുടെ കമ്പുമുറിച്ച് കളിമണ്ണില്‍ ആദ്യാക്ഷരങ്ങള്‍ക്കു രൂപംകൊടുത്തതും  സുമേറിയന്‍ വംശജരാണ്, ബി.സി. 3100 ല്‍. ബി.സി. 2000 ല്‍ ബാബിലോണ്‍സൈന്യം കീഴടക്കുന്നതുവരെ സുമേറിയക്കാര്‍ മെസപ്പൊട്ടോമിയ ഭരിച്ചു. പേര്‍ഷ്യന്‍ ഉള്‍ക്കടല്‍മുതല്‍ പടിഞ്ഞാറ് മെഡിറ്ററേനിയന്‍ കടല്‍വരെയുള്ള  ഭൂപ്രദേശങ്ങള്‍ ബാബിലോണ്‍ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. ചെറിയ ഇടവേളകളൊഴിച്ചാല്‍  ബി.സി. 500 വരെയായിരുന്നു അവരുടെ ഭരണം. ബി.സി. 605 മുതല്‍ 562 വരെ രാജ്യം ഭരിച്ച നെബുക്കദ്‌നാസര്‍ രാജാവ് ബി.സി. 596 ല്‍ യൂദയാരാജ്യം കീഴടക്കിയശേഷം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ യഹൂദരെ അടിമകളായി ബാബിലോണിലേക്കു കൊണ്ടുപോയതും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള സംഭവങ്ങളാണ്.
ഇസ്ലാമിന്റെയും ജൂതമതത്തിന്റെയും ക്രിസ്തുമതത്തിന്റെയും ഉദ്ഭവസ്ഥാനമെന്ന നിലയിലുള്ള പ്രാധാന്യം കണക്കിലെടുത്താണ് സര്‍വമതസമ്മേളനത്തിനുള്ള  വേദിയായി ഊര്‍ നഗരത്തെ തിരഞ്ഞെടുത്തത്.
ഇസ്ലാംമതത്തിലെ ഷിയാവിഭാഗത്തിന്റെ പരമോന്നത ആധ്യാത്മികനേതാവായ അയത്തൊള്ള അലി അല്‍ സിസ്താനിയുമായി ഫ്രാന്‍സീസ് മാര്‍പാപ്പാ നടത്തിയ കൂടിക്കാഴ്ചയും ചരിത്രമായി. മെക്കയും മദീനയും കഴിഞ്ഞാല്‍ ഷിയാ മുസ്ലീംകളുടെ മൂന്നാമത്തെ വിശുദ്ധനഗരമായ അല്‍നജഫിലെ വാടകവീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന 90 കാരനായ സിസ്താനി ക്രൈസ്തവര്‍ക്കുനേരേയുള്ള അക്രമങ്ങള്‍ക്കെതിരേ  ശബ്ദമുയര്‍ത്തിയ വ്യക്തിയാണ്. പ്രവാചകന്‍ മുഹമ്മദിന്റെ അര്‍ദ്ധസഹോദരനും മരുമകനും ഷിയാകളുടെ ആദ്യഇമാമുമായ അലിയുടെ കബറിടത്തിനടുത്താണ് സിസ്താനിയുടെ വസതി. അദ്ദേഹത്തിന്റെ വീട്ടിലെത്തി മുക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ യുദ്ധവും ഭീകരതയും നാശം വിതച്ച ഇറാക്കിലെ ക്രൈസ്തവരുടെ സുരക്ഷയിലുള്ള ആശങ്ക ഫ്രാന്‍സീസ് മാര്‍പാപ്പാ പങ്കുവച്ചു. ക്രൈസ്തവരെ സംരക്ഷിക്കുന്നതില്‍ തന്റെ രാജ്യത്തെ മതനേതാക്കള്‍ക്ക് പ്രധാന പങ്കുണ്ടെന്നും മറ്റെല്ലാ പൗരന്മാരെയുംപോലെ സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കാനുള്ള അവകാശം ക്രൈസ്തവര്‍ക്കുണ്ടെന്നും സിസ്താനി അഭിപ്രായപ്പെട്ടു. ദരിദ്രര്‍ക്കും പീഡിതര്‍ക്കുംവേണ്ടി ശബ്ദമുയര്‍ത്തുന്ന സിസ്താനിയുടെ സന്ദേശം മനുഷ്യജീവന്റെ വിശുദ്ധിയും ഇറാക്കിജനതയുടെ ഐക്യത്തിന്റെ പ്രാധാന്യവും വ്യക്തമാക്കുന്നതാണെന്നും ഫ്രാന്‍സീസ് മാര്‍പാപ്പാ പറഞ്ഞു.
ഇറാക്കിന്റെ വടക്കന്‍പ്രദേശങ്ങളും സിറിയയുടെ തെക്കുഭാഗങ്ങളും പിടിച്ചെടുത്ത് ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികള്‍ സ്ഥാപിച്ചെടുത്ത  ഇസ്ലാമികസാമ്രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്ന മൊസൂള്‍ നഗരത്തിലെത്തിയ വലിയ ഇടയന്‍ അവിടത്തെ തകര്‍ക്കപ്പെട്ട ദൈവാലയങ്ങളെ നോക്കി പ്രാര്‍ത്ഥനാനിരതനായി നിന്നു. നഗരചത്വരത്തിനു ചുറ്റുമുള്ള സിറിയന്‍ കത്തോലിക്കാ, സിറിയന്‍ ഓര്‍ത്തഡോക്‌സ്,  അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ്, കല്‍ദായ ദൈവാലയങ്ങള്‍ പാടേ നശിപ്പിക്കപ്പെട്ടുകഴിഞ്ഞിരുന്നു. 2014 ല്‍ ഐ.എസ്. ഭീകരര്‍ പിടിച്ചെടുത്ത ചത്വരത്തില്‍ തടിച്ചുകൂടിയ ആയിരങ്ങളുടെ കദനകഥകള്‍ കേട്ട് മാര്‍പാപ്പാ വികാരാധീനനായി. തങ്ങളുടെ ആത്മീയാചാര്യന്‍ തങ്ങളെ മറന്നുകളഞ്ഞില്ലല്ലോയെന്ന വികാരം ഓരോ വിശ്വാസിയുടെയും മുഖത്തുനിന്നു വായിച്ചെടുക്കാനാകുമായിരുന്നു. അവരെ ആശ്വസിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു:
''നിങ്ങളോടുള്ള അതിരറ്റ സ്‌നേഹവും അനുകമ്പയുമാണ്  എന്നെ ഇവിടെയെത്തിച്ചത്. നിങ്ങളുടെ നൊമ്പരങ്ങളില്‍ ഞാന്‍ ആത്മാര്‍ത്ഥമായി പങ്കുചേരുന്നു. നോക്കൂ, തീവ്രവാദം ഒന്നിന്റെയും  അവസാനവാക്കല്ല. ദൈവാലയങ്ങളും ഭവനങ്ങളും പുനര്‍നിര്‍മിക്കുമ്പോള്‍ സമൂഹങ്ങളും പുനരുദ്ധരിക്കപ്പെടേണ്ടതുണ്ട്.'' മാര്‍പാപ്പായുടെ വരവറിയിച്ചുകൊണ്ട് ചത്വരത്തിനു ചുറ്റുമുള്ള എല്ലാ ദൈവാലയങ്ങളില്‍നിന്നും പള്ളി മണികള്‍ നിറുത്താതെ മുഴക്കിക്കൊണ്ടിരുന്നതും നവ്യാനുഭവമായി.
മൊസൂളില്‍നിന്ന് അധികം അകലെയല്ലാത്ത ഖറാക്കൂഷ് പട്ടണത്തിലെത്തിയ മാര്‍പാപ്പാ പുനരുദ്ധരിക്കപ്പെട്ട അമലോദ്ഭവമാതാവിന്റെ ദൈവാലയത്തിലെത്തി ദിവ്യബലിയര്‍പ്പിക്കുകയും വിശ്വാസികളുമായി സംവദിക്കുകയും ചെയ്തു. മൊസൂളിനൊപ്പം ഖറാക്കുഷിലുമെത്തിയ തീവ്രവാദികള്‍ ഈ ദൈവാലയം തകര്‍ക്കുകയും ചുറ്റുമുള്ള പരിസരം വിശ്വാസികളെ വെടിവച്ചും തലവെട്ടിയും കൊന്നുകളയുന്നതിനുള്ള പൊതുസ്ഥലമായി ഉപയോഗിക്കുകയുമായിരുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷമേഖലയായിരുന്ന ഇവിടെനിന്നു പലായനം ചെയ്തവര്‍ തിരികെ വന്നുതുടങ്ങിയെന്നത്  ആശ്വാസവാര്‍ത്തയാണ്. ഖറാക്കൂഷില്‍നിന്ന്  എര്‍ബിലില്‍ എത്തിയ മാര്‍പാപ്പാ അവിടത്തെ ഫ്രാന്‍സോ ഹരീരി ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ പതിനായിരക്കണക്കിനു വിശ്വാസികളെ സാക്ഷിനിര്‍ത്തിയാണ് ദിവ്യബലിയര്‍പ്പിച്ചത്.
ഫ്രാന്‍സീസ് മാര്‍പാപ്പായുടെ ഇറാക്ക് സന്ദര്‍ശനത്തിന്റെ തലേന്ന് സിറിയന്‍ അതിര്‍ത്തിയിലുള്ള ഒരു ഭീകരതാവളത്തില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങളില്‍നിന്നുള്ള മിസൈല്‍ ആക്രമണത്തില്‍ 22 ഭീകരര്‍ വധിക്കപ്പെട്ടിരുന്നു. മാരകായുധങ്ങളുമായി പോയിരുന്ന മൂന്ന് ഇറാനിയന്‍ ട്രക്കുകളാണ് ആക്രമണത്തില്‍ തകര്‍ന്നത്. ഈ സംഭവങ്ങളെപ്പറ്റി സൂചിപ്പിച്ചപ്പോള്‍ മാര്‍പാപ്പായുടെ പ്രതികരണം ഇങ്ങനെയായിരുന്നു:
'മുറിവേറ്റ ഒരു ജനതയുടെ വേദനയില്‍ പങ്കുചേരാനാണ് എന്റെ യാത്ര. മാസങ്ങളായി എനിക്കുവേണ്ടി കാത്തിരിക്കുന്ന ജനങ്ങളെ നിരാശരാക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. അക്രമത്തിനും ഭീകരവാദത്തിനും അന്ത്യംകുറിക്കാന്‍ ഈ യാത്ര ഉപകരിക്കട്ടെയെന്നാണ് എന്റെ പ്രാര്‍ത്ഥന. എനിക്കുവേണ്ടിയും ഇറാക്കിനുവേണ്ടിയും നിങ്ങള്‍ പ്രാര്‍ത്ഥിക്കണം.''
1988 ല്‍ ഇറാക്ക് സന്ദര്‍ശനത്തിനു പദ്ധതിയിട്ടിരുന്ന വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയുടെ സ്വപ്നസാക്ഷാത്കാരം കൂടിയായി ഇറാക്ക് സന്ദര്‍ശനത്തെ താന്‍ കാണുന്നതായും ഫ്രാന്‍സീസ് മാര്‍പാപ്പാ പറഞ്ഞു. 2013 ല്‍ മാര്‍പാപ്പായായി സ്ഥാനമേറ്റശേഷമുള്ള ഏറ്റവും അപകടകരമായ വിദേശയാത്രയായിരുന്നു ഇറാക്കിലേക്കു നടത്തിയതെന്നു നിസംശയം പറയാം. മാര്‍പാപ്പായുടെ സുരക്ഷയ്ക്കായി 10,000 സുരക്ഷാഭടന്മാരെയാണ് അധികമായി നിയോഗിച്ചിരുന്നത്.
''തന്റെ കുഞ്ഞാടുകളെ അന്വേഷിച്ചെത്തിയ ഒരു യഥാര്‍ത്ഥ ആട്ടിടയനാണ് പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പാ. സ്വജീവന്‍ പണയപ്പെടുത്തിയാണ് 84-ാം വയസ്സിലും അദ്ദേഹം ഞങ്ങളെ തേടിയെത്തിയത്. അദ്ദേഹം ഞങ്ങളോടൊപ്പം ചെലവഴിച്ച നാലു ദിനങ്ങള്‍ അവിസ്മരണീയങ്ങളായ അനുഭവങ്ങളാണ് ഞങ്ങള്‍ക്കു സമ്മാനിച്ചത്. ഒരുമയോടെ ജീവിക്കാനും വിശ്വാസത്തില്‍ അടിയുറച്ചു നില്ക്കാനുമുള്ള ആത്മധൈര്യം പകര്‍ന്നുനല്കിയിട്ടാണ് അദ്ദേഹം മടങ്ങിപ്പോയത്.'' ബാഗ്ദാദ് യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍. അനന്‍ അലക്കാസ് യൂസിഫ് ഫ്രാന്‍സീസ് മാര്‍പാപ്പായുടെ അപ്പസ്‌തോലികസന്ദര്‍ശനത്തെ വിലയിരുത്തിയതങ്ങനെയാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)