സ്റ്റോക്‌ഹോമില്‍നിന്ന് പോളണ്ടിലെ ക്രാക്കോവില്‍ വിമാനമിറങ്ങുമ്പോള്‍ നേരം പുലരാന്‍ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ.
വിശുദ്ധരായ ഫൗസ്റ്റീനയുടെയും ജോണ്‍പോള്‍ രണ്ടാമന്റെയും ജീവചരിത്രങ്ങള്‍ വായിക്കുംമുമ്പ് ക്രാക്കോവ് എന്ന പട്ടണത്തെക്കുറിച്ച് കേട്ടിരുന്നില്ല. (എ ഡി 1596 ല്‍ വാര്‍സോ തലസ്ഥാനനഗരിയാകുന്നതുവരെ ക്രാക്കോവ് ആയിരുന്നു പോളണ്ടിന്റെ തലസ്ഥാനം).
വിശുദ്ധ ഫൗസ്റ്റീനയെ കൂടാതെ ഒരു ഡസനോളം വിശുദ്ധരുടെ ജന്മഭൂമികൂടിയാണ് പോളണ്ട്.
യൂറോപ്പിലെ ചുരുക്കംചില കത്തോലിക്കാരാജ്യങ്ങളിലൊന്നായ പോളണ്ടിന്റെ രക്ഷാധികാരസ്ഥാനം നല്കപ്പെട്ടിട്ടുള്ള രക്തസാക്ഷികളായ വിശുദ്ധ അഡാല്‍ബെര്‍ട്ടിന്റെയും വിശുദ്ധ സ്റ്റനിസ്ലാവൂസിന്റെയും രക്തം വീണു കുതിര്‍ന്ന മണ്ണിലാണു നില്ക്കുന്നതെന്ന ബോധ്യമുണ്ടായിരുന്നു. രണ്ടാംലോകയുദ്ധകാലത്ത് ഔഷ്‌വിറ്റ്‌സ് തടങ്കല്‍പാളയത്തില്‍ മരണത്തിനു വിധിക്കപ്പെട്ടിരുന്ന മറ്റൊരു തടവുകാരനുവേണ്ടി സ്വന്തം ജീവന്‍ ബലികൊടുത്ത ഫ്രാന്‍സിസ്‌കന്‍ പുരോഹിതനായിരുന്ന വിശുദ്ധ മാക്‌സിമില്യന്‍ കോള്‍ബെയുടെയും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെയും ജന്മസ്ഥലവും പോളണ്ടാണ്.
വിശുദ്ധ ഫൗസ്റ്റീന ദൈവകരുണയുടെ പ്രചാരിക
വിശുദ്ധ ഫൗസ്റ്റീനയുടെ ഭൗതികദേഹം അടക്കം ചെയ്ത ദൈവകരുണയുടെ ചാപ്പലിലെത്തി പ്രാര്‍ഥിക്കാനുള്ള അസുലഭാഗ്യം ക്രാക്കോവിലെ സന്ദര്‍ശനത്തിനിടയിലുണ്ടായി. പുണ്യവതി നിത്യവ്രതവാഗ്ദാനം നടത്തിയതും അവസാന രണ്ടുവര്‍ഷം ചെലവഴിച്ചതും ഇവിടെയായിരുന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ 1997 ജൂണ്‍ 7-നും 2002 ഓഗസ്റ്റ് 17 നും, ബെനഡിക്ട് പതിനാറാമന്‍ പാപ്പ 2006 മേയ് 27 നും ഫ്രാന്‍സീസ് പാപ്പ 2016 ജൂലൈ 30 നും വിശുദ്ധ ഫൗസ്റ്റീനയുടെ കബറിടം സന്ദര്‍ശിച്ചിട്ടുണ്ട്.
ചാപ്പലിന് അടുത്തുതന്നെ പണിതുയര്‍ത്തിയ ബൃഹത്തായ ഡിവൈന്‍ മേഴ്‌സി ബസിലിക്ക വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ 2002 ലെ സന്ദര്‍ശനാവസരത്തിലാണ് വിശ്വാസികള്‍ക്കു തുറന്നുകൊടുത്തത്. ദൈവകരുണയുടെ അദ്ഭുതചിത്രവും വിശുദ്ധ ഫൗസ്റ്റീനയുടെ ഭൗതികാവശിഷ്ടങ്ങളും സൂക്ഷിച്ചിരിക്കുന്ന ബസിലിക്കയില്‍ 5,000 വിശ്വാസികളെ ഉള്‍ക്കൊള്ളാനാകും.
ദാരിദ്ര്യത്തിന്റെ മടിത്തട്ടില്‍ ജനിച്ചുവീഴുകയും, അയല്‍വീടുകളില്‍ കൂലിപ്പണി ചെയ്തു കുടുംബം പോറ്റുകയും ചെയ്ത ഒരു യുവതി വിശുദ്ധിയുടെ ഔന്നത്യത്തിലെത്തിയതിനുള്ള ഉത്തമദൃഷ്ടാന്തമാണ് വിശുദ്ധ ഫൗസ്റ്റീനയുടെ ജീവിതം. കൃഷീവലരായ സ്റ്റനിസ്ലാവൂസ് കോവല്‍സ്‌കിയുടെയും മരിയന്നയുടെയും പത്തുമക്കളില്‍ മൂന്നാമത്തെ സന്താനമായി പോളണ്ടിലെ ഗ്‌ളോ ഗോവിക് എന്ന ഗ്രാമത്തില്‍ 1905 ഓഗസ്റ്റ് 20-ാം തീയതിയായിരുന്നു ഫൗസ്റ്റീനയുടെ ജനനം. ഹെലേന എന്നായിരുന്നു അവളുടെ മാമ്മോദീസാപ്പേര്.
ഏഴാം വയസ്സുമുതല്‍തന്നെ ദൈവസ്വരം ശ്രവിച്ചുതുടങ്ങിയ ഹെലേനയ്ക്ക് 19-ാം വയസ്സിലുണ്ടായ ഒരു ദര്‍ശനമാണ് ജീവിതത്തില്‍ വഴിത്തിരിവായത്. സഹോദരിയായ നതാലിയയോടൊപ്പം നൃത്തം വയ്ക്കുമ്പോഴായിരുന്നു അദ്ഭുതകരമായ ആ ദര്‍ശനം. ശിരസ്സില്‍ മുള്‍മുടി ധരിച്ചും റോമന്‍ പടയാളികളുടെ ചാട്ടവാറടികളേറ്റ ശരീരവുമായി മുന്നില്‍ പ്രത്യക്ഷപ്പെട്ട യേശു അവളോടു ചോദിച്ചു: ''എത്രനാള്‍ നീയെന്ന അവഗണിക്കും? എത്രനാള്‍ നിന്നോടു ഞാന്‍ ക്ഷമിക്കും?''
കൂരമ്പുകള്‍പോലെ ഹൃദയത്തില്‍ തറച്ച യേശുവിന്റെ വാക്കുകള്‍ അവളെ വല്ലാതെ വേദനിപ്പിച്ചു. അവള്‍ യേശുവിനെ സൂക്ഷിച്ചുനോക്കി. പ്രഹരമേല്ക്കാത്ത ഒരിഞ്ചുപോലും അവിടുത്തെ ശരീരത്തിലില്ല, അവള്‍ വാവിട്ടുകരഞ്ഞു. പാപികളുടെ മാനസാന്തരത്തിനുവേണ്ടി യേശുവിന്റെ സഹനങ്ങളോടു പങ്കുചേരാന്‍ അവള്‍ തീരുമാനമെടുത്തു. 1925 ഓഗസ്റ്റ് ഒന്നാം തീയതി ക്രാക്കോവിലുള്ള ദൈവകാരുണ്യത്തിന്റെ സന്ന്യാസിനീസഭയില്‍ അവള്‍ അംഗമായിച്ചേര്‍ന്നു. 'വിശുദ്ധകുര്‍ബാനയുടെ സിസ്റ്റര്‍ മരിയ ഫൗസ്റ്റീന' എന്ന പേരാണ് അവള്‍ സ്വീകരിച്ചത്.
ജീവിതകാലംമുഴുവന്‍, പ്രത്യേകിച്ചും 1931 മുതല്‍ 1938 വരെയുള്ള വര്‍ഷങ്ങളില്‍ കാതുകളില്‍ മുഴങ്ങിക്കേട്ട യേശുവിന്റെ സന്ദേശങ്ങളെല്ലാം സിസ്റ്റര്‍ ഫൗസ്റ്റീന അവളുടെ ഡയറിയില്‍ കുറിച്ചുവച്ചു. മനുഷ്യകുലത്തോട്, പ്രത്യേകിച്ചും പാപികളോടുള്ള അവിടുത്തെ അതിരറ്റ കരുണയും ക്ഷമയും വെളിപ്പെടുത്തുന്നതായിരുന്നു യേശുവിന്റെ ഓരോ സന്ദേശവും. 1931 ഫെബ്രുവരി 22-ാം തീയതി തൂവെള്ളവസ്ത്രമണിഞ്ഞ് ചുവപ്പും വെളുപ്പും പ്രകാശരശ്മികള്‍ ഹൃദയത്തില്‍നിന്നു പുറപ്പെടുവിച്ചുകൊണ്ട് മുറിയില്‍ പ്രത്യക്ഷപ്പെട്ട യേശു ഫൗസ്റ്റീനയോട് ഇപ്രകാരം ആവശ്യപ്പെട്ടു: ''നീ കാണുന്ന മാതൃകയിലുള്ള എന്റെ ഒരു ചിത്രം വരച്ച് ദിവ്യകാരുണ്യഭക്തി ലോകമെങ്ങും പ്രചരിപ്പിക്കണം. 'യേശുവേ! നിന്നില്‍ ഞാന്‍ ശരണപ്പെടുന്നു' എന്ന് ചിത്രത്തിന്റെ അടിയില്‍ ആലേഖനം ചെയ്യണം. കുന്തമുനയേറ്റ് ഹൃദയത്തില്‍നിന്നും ഒഴുകിയിറങ്ങിയ എന്റെ രക്തം ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടിയാണ് ഞാന്‍ ചൊരിഞ്ഞത്. നെഞ്ചില്‍നിന്നും പുറത്തേക്കൊഴുകിയ വെള്ളം അനുരഞ്ജനത്തിന്റെ കൂദാശയായ മാമ്മോദീസയാണ്. എല്ലാ ദിവസവും ഉച്ചയ്ക്കുശേഷം മൂന്നു മണിക്ക് കരുണക്കൊന്ത ചൊല്ലി നീ പ്രാര്‍ഥിക്കണം. ദൈവകരുണ ഭൂമിയില്‍ ചൊരിയപ്പെടുന്ന വലിയ മണിക്കൂറാണത്. എല്ലാവരാലും തിരസ്‌കരിക്കപ്പെടുകയും പീഡാസഹനങ്ങളേറ്റെടുക്കുകയും ചെയ്ത എന്റെ നൊമ്പരങ്ങളെക്കുറിച്ച് നീ ധ്യാനിക്കണം. ഉയിര്‍പ്പുഞായറിനുശേഷമുള്ള ആദ്യഞായറാഴ്ച ദൈവകരുണയുടെ തിരുനാളായി ആചരിക്കുകയും വേണം. ദൈവകരുണയ്‌ക്കെതിരായി ചെയ്തുപോയ പാപങ്ങളെയോര്‍ത്തു പശ്ചാത്തപിക്കുകയും തിരുനാള്‍ദിവസം നല്ല കുമ്പസാരം നടത്തി പരിശുദ്ധകുര്‍ബാന സ്വീകരിക്കുകയും ചെയ്യുന്ന ഓരോ വ്യക്തിക്കും പൂര്‍ണദണ്ഡവിമോചനവും വാഗ്ദാനം ചെയ്യുന്നു.''
1933 മുതല്‍ 1936 വരെയുള്ള മൂന്നുവര്‍ഷം ലിത്വാനിയയുടെ തലസ്ഥാനമായ വില്‍നിയസിലെ മഠത്തിലായിരുന്നപ്പോള്‍ സിസ്റ്റര്‍ ഫൗസ്റ്റീനയ്ക്ക് പരിശുദ്ധ കന്യാമറിയത്തിന്റെയും മാലാഖമാരുടെയും ദര്‍ശനങ്ങളുണ്ടായി. തന്റെ മകന്‍ ആവശ്യപ്പെട്ടതിന്‍പ്രകാരം പ്രാര്‍ഥനകള്‍ തയ്യാറാക്കാനും ദൈവകരുണയുടെ ചിത്രം വരച്ചു പ്രചരിപ്പിക്കാനും അമ്മ ആവശ്യപ്പെട്ടു. വില്‍നിയസിലെ ആധ്യാത്മികപിതാവായിരുന്ന ഫാ മിഖായേല്‍ സൊപോകോയുടെ സഹായത്തോടെ യുജീനിയസ് കാസിമിറോവ്‌സ്‌കി എന്ന ചിത്രകാരനെ കണ്ടെത്തുകയും, ഫൗസ്റ്റീന നിര്‍ദേശിച്ചപ്രകാരം ചിത്രം പൂര്‍ത്തിയാക്കുകയുമായിരുന്നു. വില്‍നിയസിലായിരിക്കുമ്പോള്‍ ക്ഷയരോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിനാല്‍ ക്രാക്കോവിലേക്കു മടങ്ങിയ ഫൗസ്റ്റീനയുടെ അന്ത്യം 1938 ഒക്‌ടോബര്‍ 5-ാം തീയതിയായിരുന്നു. 'എന്നെ സ്വീകരിക്കാന്‍ അതാ യേശു എത്തിയിരിക്കുന്നു; ഞാന്‍ അവിടുത്തോടൊപ്പം പോകുന്നു' എന്നിവയായിരുന്നു അവളുടെ അവസാനവാക്കുകള്‍. 2000 ഏപ്രില്‍ 30 ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സിസ്റ്റര്‍ ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിച്ചു. വിശുദ്ധയുടെ തിരുനാള്‍ ഒക്‌ടോബര്‍ 5-ാം തീയതിയാണ് തിരുസ്സഭ ആചരിക്കുന്നത്.
ലേഖനം
വിശുദ്ധ ഫൗസ്റ്റീനയുടെ നാട്ടില്‍
