ഇന്ത്യയും ഇസ്രയേലും തമ്മില്‍ വളരെ ഊഷ്മളമായ ബന്ധമാണ് ഇന്നു നിലവിലുള്ളത്. എന്നാല്‍, തുടക്കത്തില്‍ അങ്ങനെയായിരുന്നില്ല. 1947 ല്‍ പലസ്തീന്‍ വിഭജിച്ചു രണ്ടു രാഷ്ട്രങ്ങള്‍ സ്ഥാപിക്കാനുള്ള യു.എന്‍. പ്രമേയം വോട്ടിനിട്ടപ്പോള്‍ ഇന്ത്യ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്നു. 1949 ല്‍ ഇസ്രയേലിനു യു.എന്‍. അംഗത്വം നല്കാനുള്ള പ്രമേയം വോട്ടിനിട്ടപ്പോള്‍ ഇന്ത്യ എതിര്‍ത്ത് വോട്ടു ചെയ്തു.
എന്നാല്‍, തൊട്ടടുത്തവര്‍ഷം ഇന്ത്യ ഇസ്രയേലിനെ അംഗീകരിച്ചു അന്നു പ്രധാനമന്ത്രി ജവര്‍ഹലാല്‍നെഹ്‌റു കുറ്റബോധത്തോടെ പറഞ്ഞത്, ഇതു നമ്മള്‍ നേരത്തേ ചെയ്യേണ്ടതായിരുന്നു എന്നാണ്. അങ്ങനെ ചെയ്യാതിരുന്നതിന് അദ്ദേഹം വിശദീകരണവും നല്കി. മധ്യപൂര്‍വദേശത്തെ ഇന്ത്യയുടെ സുഹൃത്തുക്കളായ അറബ് രാഷ്ട്രങ്ങളുടെ വികാരം മാനിച്ചാണത്രേ അങ്ങനെയൊരു നിലപാട് ഇന്ത്യ സ്വീകരിച്ചത്.
1947 ജൂണ്‍ 13 ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന് ഒരു കത്തയയ്ക്കുകയുണ്ടായി. യഹൂദജനതയുടെ വികാരം മാനിക്കണമെന്നും അവരെ അംഗീകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നതായിരുന്നു കത്ത്. എന്നിട്ടും നെഹൃ നിലപാടു മാറ്റിയില്ല.
ഹിന്ദുമഹാസഭയുടെ നേതാവ് വീര്‍ സവര്‍ക്കറും ആര്‍.എസ്.എസ്. ആചാര്യന്‍ എം.എസ്. ഗോള്‍വാക്കറും ഇന്ത്യ യു.എസില്‍ സ്വീകരിച്ച നിലപാടിനെ വിമര്‍ശിക്കുകയുണ്ടായി. പലസ്തീന്‍ഭൂമി യഹൂദര്‍ക്ക് അവകാശപ്പെട്ടതാണ് എന്നായിരുന്നു ഗോള്‍വാക്കറുടെ അഭിപ്രായം.
1950 സെപ്തംബര്‍ 17 നാണ് ഇസ്രയേലിന് അംഗീകാരം നല്കിക്കൊണ്ടുള്ള തീരുമാനം ഇന്ത്യ എടുത്തത്. അതു പക്ഷേ, കേവലമായ ഒരു അംഗീകാരം മാത്രമായിരുന്നു. നയതന്ത്രബന്ധം സ്ഥാപിക്കാനൊന്നും നെഹ്‌റു തയ്യാറായില്ല. 1953 ല്‍ ബോംബെയില്‍ ഒരു കോണ്‍സുലേറ്റ് തുറക്കാന്‍ ഇന്ത്യ ഇസ്രായേലിന് അനുവാദം നല്കിയതായിരുന്നു ഇന്ത്യ-ഇസ്രയേല്‍ ബന്ധത്തിലെ സുപ്രധാന ചുവടുവയ്പ്.
1992 ല്‍ പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ഇന്ത്യ ഇസ്രയേലിനു പൂര്‍ണതോതിലുള്ള അംഗീകാരം നല്കിയത്. അതില്‍പിന്നെയേ നയതന്ത്രബന്ധം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സ്ഥാപിതമായുള്ളൂ. ആ വര്‍ഷം ജനുവരിയിലാണ് ഇന്ത്യ, ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ ഒരു എംബസി തുറന്നത്.
ഇതിനുമുമ്പുതന്നെ, 1971 ലെ ഇന്തോ - പാക് യുദ്ധത്തില്‍ ഇസ്രയേല്‍ ഇന്ത്യയ്ക്കു പിന്തുണ നല്കി. ആയുധങ്ങള്‍കൊണ്ടും ഇന്റലിജന്‍സ്‌റിപ്പോര്‍ട്ടുകള്‍കൊണ്ടും അവര്‍ ഇന്ത്യയെ സഹായിച്ചു. 1999 ലെ കാര്‍ഗില്‍ യുദ്ധത്തിലും ആയുധങ്ങളും വെടിക്കോപ്പുകളുമായി ഇന്ത്യയുടെ സഹായത്തിനെത്താന്‍ ഇസ്രയേല്‍ മടിച്ചില്ല. എങ്കിലും പലസ്തീനായിലെ ഇസ്രയേല്‍ നടപടികളെ വിമര്‍ശിക്കാന്‍ പിന്നെയും ഇന്ത്യ തയ്യാറായി. ഇതിന്റെ പിന്നിലെ പ്രധാന ചേതോവികാരം, ഇസ്രയേലിനെ പിന്തുണച്ചാല്‍ ഇന്ത്യന്‍ മുസ്ലീംകളുടെ വോട്ടു നഷ്ടപ്പെടാനിടയുണ്ടെന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭയമായിരുന്നു.
2014 ല്‍ മോദിഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം ഇസ്രയേലുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ സജീവമായി. എങ്കിലും 2014 ലെ ഇസ്രയേല്‍ - ഗാസയുദ്ധത്തില്‍ ഇരുകൂട്ടരെയും വിമര്‍ശിക്കുന്ന സ്വതന്ത്രനയമാണ് ഇന്ത്യ സ്വീകരിച്ചത്. ഇസ്രയേലുമായുള്ള ബന്ധം ദൃഢതരമാക്കുമ്പോഴും അന്നത്തെ വിദേശകാര്യമന്ത്രി സുഷമാസ്വരാജ്, പലസ്തീന്‍കാരോടുള്ള ഇന്ത്യയുടെ മനോഭാവത്തില്‍, അവരുടെ സ്വതന്ത്രപ്രസ്ഥാനത്തോട് അനുഭാവം പുലര്‍ത്തുന്നതില്‍ ഒരു മാറ്റവുമില്ലെന്ന് ഇടയ്ക്കിടെ വിശദീകരിക്കുമായിരുന്നു.
2016 ല്‍ ഇതിനൊരു മാറ്റമുണ്ടായി. 1967 നു ശേഷം പലസ്തീന്‍പ്രദേശങ്ങളില്‍ ഇസ്രയേല്‍ വ്യാപകമായി മനുഷ്യാവകാശലംഘനങ്ങള്‍ നടത്തിയെന്നു കുറ്റപ്പെടുത്തുന്ന ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സിലിന്റെ ഒരു റിപ്പോര്‍ട്ട് ആ വര്‍ഷം മാര്‍ച്ചില്‍ ഐക്യരാഷ്ട്രസഭയില്‍ അംഗീകാരത്തിനു സമര്‍പ്പിക്കപ്പെട്ടു. അതിന്മേല്‍ നടന്ന വോട്ടെടുപ്പില്‍ ഇന്ത്യ വിട്ടുനിന്നില്ലെന്നുമാത്രമല്ല, ഇസ്രയേലിനനുകൂലമായി വോട്ടു രേഖപ്പെടുത്തുകയും ചെയ്തു.
2017 ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേല്‍ സന്ദര്‍ശിച്ചു. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യഇസ്രയേല്‍ സന്ദര്‍ശനമായിരുന്നു അത്. അതുകൊണ്ടുതന്നെ ജൂലൈ നാലുമുതല്‍ ഏഴുവരെ നടത്തിയ ആ ചതുര്‍ദിനസന്ദര്‍ശനം ചരിത്രപരമായി മാറുന്നു. അതിനുമുമ്പ് ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്ന ഇന്ത്യന്‍ നേതാക്കള്‍ ഇസ്രയേലിനൊപ്പം പലസ്തീനായും സന്ദര്‍ശിക്കുന്നതായിരുന്നു പതിവ്. ഇത് ഇസ്രയേല്‍ക്കാര്‍ക്ക് ഇഷ്ടമായിരുന്നില്ല. ഇതറിയാമായിരുന്നതുകൊണ്ടായിരിക്കണം, നരേന്ദ്രമോദി ഇസ്രയേല്‍സന്ദര്‍ശനത്തോടൊപ്പം പലസ്തീന്‍ സന്ദര്‍ശനം ഒഴിവാക്കി.
ഇതുവഴി മോദി പലസ്തീന്‍ അനുഭാവം ഉപേക്ഷിച്ചു എന്നു പറയാനാവില്ല. രണ്ടുവര്‍ഷം മുമ്പ് 2015 ഒക്‌ടോബര്‍ 13 ന് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയെ നരേന്ദ്രമോദി പലസ്തീന്‍ സന്ദര്‍ശനത്തിനു നിയോഗിച്ചിരുന്നു. പകരം 2017 മേയ് 16 ന് പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് ഇന്ത്യയിലെത്തുകയും ഇന്ത്യ അദ്ദേഹത്തിനു ഗംഭീരമായ വരവേല്പു നല്കുകയും ചെയ്തു. ഇസ്രയേലിനോട് ഇന്ത്യ പാലിച്ചിരുന്ന അകലം ഇല്ലാതാകുകയും പലസ്തീനോടുള്ള മമത തുടരുകയും ചെയ്യുന്നുവെന്ന് ഇരുരാജ്യങ്ങളെയും ബോധ്യപ്പെടുത്താന്‍ ഈ നടപടികളിലൂടെ നരേന്ദ്രമോദിക്കു കഴിഞ്ഞു. ഇന്ത്യന്‍ മുസ്ലീംകളെ പ്രീണിപ്പിക്കാനുള്ള ഒരു അവസരവാദപരമായ നീക്കം മാത്രമാണ് പലസ്തീന്‍സൗഹൃദമെങ്കിലും അതു നഷ്ടപ്പെടുത്തേണ്ട എന്ന തന്ത്രജ്ഞതയാണു മോദി ഇതുവഴി പ്രകടിപ്പിച്ചത്.
ശാസ്ത്രസാങ്കേതികവിദ്യ, ബഹിരാകാശഗവേഷണം, വ്യാവസായികവികസനം, വിദ്യാഭ്യാസം, കാര്‍ഷികവികസനം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനുദ്ദേശിച്ചുള്ള അമ്പതിലധികം കരാറുകളില്‍ ഇന്ത്യയും ഇസ്രയേലും ഒപ്പുവച്ചിട്ടുണ്ട്. ഇതുവഴി ഇന്ത്യയ്ക്കു വലിയ തോതിലുള്ള വികസനക്കുതിപ്പു നേടാന്‍ കഴിയുന്നുണ്ട്.ഇസ്രയേലുമായി കോടിക്കണക്കിനു രൂപയുടെ വ്യാപാരബന്ധവും ഇന്ത്യയ്ക്കുണ്ട്. റഷ്യ കഴിഞ്ഞാല്‍, ഇന്ത്യയ്ക്ക് ഏറ്റവുമധികം ആയുധങ്ങള്‍ സപ്ലൈ ചെയ്യുന്നതും ഇസ്രയേലാണ്.
ഏറ്റവും പുതിയ സംഭവം - ഈ വര്‍ഷം ഏപ്രില്‍ 22 ന് കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ ഉടന്‍തന്നെ അപലപിക്കുക മാത്രമല്ല, തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിലേക്ക് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ അഭിനന്ദിക്കുകയും ചെയ്തു ഇസ്രയേല്‍. ഇന്ത്യയുടെ പഴയ സുഹൃത് രാജ്യങ്ങളൊന്നുംതന്നെ ഇങ്ങനെയൊരു സംഭവം അറിഞ്ഞതായിപ്പോലും ഭാവിച്ചില്ല എന്നുകൂടി ഓര്‍ക്കുക. ഭാവിയില്‍ ഇന്ത്യയ്ക്കു വലിയ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയുന്ന സൗഹൃദമാണ് ഇസ്രയേലുമായുള്ളത്.
2025 ജൂണ്‍ 13 ന് യു.എന്‍. ജനറല്‍ അസംബ്‌ളിയില്‍, ഗാസയില്‍ വെടിനിര്‍ത്തണമെന്നാവശ്യപ്പെടുന്ന ഒരു പ്രമേയം സ്‌പെയിന്‍ അവതരിപ്പിക്കുകയുണ്ടായി. ഇതിന്റെ വോട്ടെടുപ്പില്‍നിന്ന് ഇന്ത്യ വിട്ടുനിന്നു. ഏകപക്ഷീയമായി ഇസ്രയേലിനെ കുറ്റപ്പെടുത്തുന്നതായിരുന്നു പ്രമേയം.
ഇവിടെ അവിശ്വസനീയമെന്നു തോന്നാവുന്ന ഒരു സംഭവംകൂടി കൂട്ടിച്ചേര്‍ക്കട്ടെ. 1948 ല്‍ അമേരിക്കയാണ് ആദ്യം ഇസ്രയേലിനെ അംഗീകരിച്ചതെന്നാണല്ലോ പരാമര്‍ശിക്കപ്പെടുന്നത്. ഇതു ശരിയല്ല. അമേരിക്ക ഇസ്രയേല്‍രാഷ്ട്രത്തെയല്ല, ആദ്യത്തെ ഇസ്രയേല്‍ഗവണ്‍മെന്റിനെ മാത്രമാണംഗീകരിച്ചത്. ഒരു രാഷ്ട്രമെന്നനിലയില്‍ ഇസ്രയേലിനെ ആദ്യം അംഗീകരിച്ചതു സോവ്യറ്റു യൂണിയനാണ്. തൊട്ടുപിന്നാലെ ഇറാനും ഇസ്രയേലിനെ സ്വതന്ത്രരാഷ്ട്രമായംഗീകരിച്ചു. അന്ന്, പുരോഗമനവാദിയും അമേരിക്കന്‍ അനുകൂലിയുമായ മുഹമ്മദ് റെസാഷാ, ആയിരുന്നു ഇറാന്‍ അധികാരി. ഇന്ന് ഇറാനും ഇസ്രയേലും കീരിയും പാമ്പുമാണ്. 1979 ലെ ഇറാന്‍ വിപ്ലവത്തിനും 1991 ലെ ഗള്‍ഫ് യുദ്ധത്തിനും ശേഷമുണ്ടായ മാറ്റമാണിത്.
ലേഖനം
ഇന്ത്യയും ഇസ്രയേലും
