•  2 Oct 2025
  •  ദീപം 58
  •  നാളം 30
ലേഖനം

പെട്ടെന്നു കുഴഞ്ഞു വീണുള്ള മരണം: സി.പി.ആര്‍. നല്‍കുന്നതിന്റെ പ്രാധാന്യം

    പെട്ടെന്നു കുഴഞ്ഞു വീണുള്ള മരണങ്ങള്‍ ഇപ്പോള്‍ സാധാരണമായി മാറുകയാണ്. വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനിടയിലും ജിംനേഷ്യത്തില്‍ വ്യായാമത്തില്‍ ഏര്‍പ്പെടുമ്പോഴും നൃത്തപരിപാടികളില്‍ പങ്കെടുക്കുന്നതിനിടയിലും മറ്റും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതു നാം കണ്ടു. ചെറുപ്പക്കാരും ഇത്തരത്തില്‍ മരണത്തിനു കീഴ്‌പ്പെടുന്നത് ഏവരിലും ഞെട്ടലുണ്ടാക്കുകയും ചെയ്യുന്നു. കൃത്യസമയത്ത് വേണ്ടരീതിയിലുള്ള രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കാതെ വരുന്നതാണ് പലപ്പോഴും മരണത്തിലേക്കു നയിക്കുന്നതിനു കാരണമാകുന്നത്. ഈ സാഹചര്യത്തിലാണ് ബേസിക് ലൈഫ് സപ്പോര്‍ട്ട് (ബി.എല്‍.എസ്) എന്ന പരിശീലനത്തിന്റെ പ്രാധാന്യം ഏവരും മനസ്സിലാക്കേണ്ടത്. 

    ഒരാള്‍ കുഴഞ്ഞുവീഴുന്നതു കണ്ടാല്‍ എന്താണു പെട്ടെന്നു ചെയ്യാന്‍ സാധിക്കുന്നതെന്നു നോക്കാം. കുഴഞ്ഞുവീണ ആള്‍ അബോധാവസ്ഥയിലാണെന്നു കണ്ടെത്തിയാല്‍ വീണുകിടക്കുന്ന സ്ഥലം സേഫാണോ യെന്ന് ആദ്യം ഉറപ്പാക്കണം. തുടര്‍ന്ന് ആദ്യം ഷോള്‍ഡര്‍ ഭാഗത്തു തട്ടി ഉച്ചത്തില്‍ വിളിച്ചു നോക്കണം. വീണുകിടക്കുന്ന ആള്‍ പ്രതികരിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ കഴുത്തില്‍ പിടിച്ചു കരോട്ടിട് പള്‍സ് 5 മുതല്‍ 10 സെക്കന്റ് വരെ പരിശോധിക്കണം. പള്‍സിന്റെ അഭാവം കണ്ടെത്തിയാല്‍ ഉടന്‍  സി.പി.ആര്‍. (കാര്‍ഡിയോ പള്‍മണറി റിസസിറ്റേഷന്‍) ഉടന്‍ ആരംഭിക്കണം. ഹൃദയസ്തംഭനമുള്ള ഒരാളുടെ ജീവന്‍ രക്ഷിക്കാനുള്ള മാര്‍ഗമാണിത്. കുഴഞ്ഞുവീണു കിടക്കുന്ന ആളുടെ ഹൃദയത്തിന് രക്തം പമ്പു ചെയ്യാന്‍ സാധിക്കാതെ വരുമ്പോള്‍ അവരുടെ ഹൃദയം പുനരാരംഭിക്കാനും അല്ലെങ്കില്‍ അവരുടെ രക്തചംക്രമണം നിലനിര്‍ത്താനുമുള്ള ശ്രമമാണിത്. പരിശീലനം ലഭിച്ചാല്‍ ആര്‍ക്കു വേണമെങ്കിലും നിസാരമായി ചെയ്യാവുന്ന രക്ഷാപ്രവര്‍ത്തനമാര്‍ഗം കൂടിയാണിത്. 
സി.പി.ആര്‍..എങ്ങനെ നല്‍കാം.
    വീണുകിടക്കുന്ന ആളുടെ നെഞ്ചിന്റെ മധ്യഭാഗത്ത് മിനിറ്റില്‍ 100 മുതല്‍ 120 തവണ വരെ സി.പി.ആര്‍. നല്‍കാം. നിങ്ങളുടെ കൈകള്‍ രണ്ടും കൂട്ടിപ്പിടിച്ച് ഉള്ളം കൈകൊണ്ട് വീണുകിടക്കുന്ന ആളുടെ നെഞ്ചില്‍ അമര്‍ത്തിയാണ് സി.പി.ആര്‍. നല്‍കേണ്ടത്. നിങ്ങളുടെ ശരീരഭാരത്തിന്റെ ബലമുപയോഗിച്ച് വേണം കംപ്രഷന്‍ നല്‍കേണ്ടത്. ഓരോ തവണയും രണ്ടിഞ്ചു താഴേക്കു തള്ളുകയും ഉയര്‍ത്തുകയും ചെയ്യുക. അടുത്ത് എവിടെയെങ്കിലും ഓട്ടോമേറ്റഡ് എക്‌സ്റ്റേണല്‍ ഡിഫിബ്രിലേറ്റര്‍ (എഇഡി) ലഭ്യമാകാന്‍ സാധ്യതയുണ്ടെങ്കില്‍ ഇതുപയോഗിച്ചും രക്ഷാപ്രവര്‍ത്തനം നടത്താവുന്നതാണ്. സി.പി.ആര്‍ നല്‍കാന്‍ പരിശീലനം ലഭിച്ചിട്ടുണ്ടെങ്കില്‍ ഓരോ 30 തവണ കംപ്രഷന്‍ നല്‍കിയശേഷം കൃത്രിമശ്വാസോച്ഛാസവും നല്‍കണം. വീണു കിടക്കുന്ന ആളുടെ മൂക്ക് അടച്ചുപിടിച്ചുകൊണ്ട് തല അല്പം പിന്നിലേക്കു ചെരിച്ച് താടി മുകളിലേക്ക് ചരിക്കുക. അവരുടെ വായയുടെ മുകളില്‍ വായടച്ച് സാധാരണരീതിയില്‍ ശ്വാസം ഊതി നല്‍കുകയാണു വേണ്ടത്. വീണുകിടക്കുന്ന ആളുടെ നെഞ്ച് മുകളിലേക്കു വരുന്നുണ്ടോ എന്നു ശ്രദ്ധിക്കുകയും വേണം. നിശ്വാസവായുവില്‍ കൂടി നല്‍കുന്ന ഓക്‌സിജന്‍ മതിയാകും ചിലപ്പോള്‍ വീണുകിടക്കുന്ന ആളുടെ ജീവന്‍ തിരികെ ലഭിക്കാന്‍. രണ്ടുതവണ ഇങ്ങനെ ചെയ്തശേഷം വീണ്ടും സി.പി.ആര്‍. തുടരുക. ആംബുലന്‍സിലേക്കോ മറ്റ് ആശുപത്രി സൗകര്യങ്ങളിലേക്കോ എത്തിക്കുന്നതു വരെയോ സി.പി.ആര്‍. തുടരേണ്ടതാണ്. ബേസിക് ലൈഫ് സപ്പോര്‍ട്ടിന്റെ പ്രാധാന്യം ഓരോ വ്യക്തിയും മനസ്സിലാക്കുകയും പരിശീലിക്കുകയും ചെയ്യേണ്ടതുണ്ട്. 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)