•  2 Oct 2025
  •  ദീപം 58
  •  നാളം 30
ലേഖനം

തൂവെളിച്ചമായി തൂങ്കുഴിപ്പിതാവ് ഇനി ഓര്‍മകളില്‍

  നിഷ്‌കളങ്കമായ പുഞ്ചിരിയും നിഷ്‌കപടമായ പെരുമാറ്റവും മധുരോദാരമായ സമീപനങ്ങളുംകൊണ്ട് ഒരു ജനതയുടെയാകെ ഹൃദയം കവര്‍ന്ന അഭിവന്ദ്യ തൂങ്കുഴിപ്പിതാവ് ഇനി ഓര്‍മകളില്‍. ആയിരങ്ങളെ സാക്ഷിയാക്കി വലിയ പിതാവിന് സ്‌നേഹനിര്‍ഭരമായ യാത്രാമൊഴി. സെപ്റ്റംബര്‍ 17 ബുധനാഴ്ച കാലം ചെയ്ത തൃശൂര്‍ അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ ആര്‍ച്ചുബിഷപ് ഇമെരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ കബറടക്കം 22 തിങ്കളാഴ്ച കോഴിക്കോട് കോട്ടുളിയിലെ ക്രിസ്തുദാസി സന്ന്യാസിനീസമൂഹത്തിലെ ഹോം ഓഫ് ലവ് ജനറലേറ്റിലെ ചാപ്പലില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ നടന്നു.  
   സ്ഥാനികവസ്ത്രമണിയിച്ച ഭൗതികശരീരം തൃശൂരില്‍നിന്ന് തിങ്കളാഴ്ച വൈകിട്ട് 3.45 ന് ദേവഗിരി സെന്റ് ജോസഫ്‌സ് പള്ളിയിലെത്തിച്ചു. ഇവിടെ നടന്ന പ്രാര്‍ഥനയ്ക്കും ശുശ്രൂഷയ്ക്കും ആര്‍ച്ചുബിഷപ്പുമാരായ മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, ബിഷപ്പുമാരായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോസ് പൊരുന്നേടം, മാര്‍ അലക്‌സ് താരാമംഗലം, മാര്‍ ടോണി നീലങ്കാവില്‍, മാര്‍ ബോസ്‌കോ പുത്തൂര്‍, ഡോ. അലക്‌സ് വടക്കുംതല എന്നിവര്‍ നേതൃത്വം നല്‍കി. 
ക്രിസ്തുദാസി സന്ന്യാസിനി സമൂഹം സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ടീന, ഓര്‍ത്തഡോക്‌സ് സഭ മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ്, കണ്ണൂര്‍ രൂപത സഹായമെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി, യാക്കോബായസഭ കോഴിക്കോട് ഭദ്രാസനാധിപന്‍ പൗലോസ് മാര്‍ ഐറേനിയോസ് എന്നിവരും പ്രാര്‍ഥനകളില്‍ പങ്കാളികളായി. രാഷ്ട്രീയനേതാക്കളും പൊതുജനങ്ങളും മാര്‍ ജേക്കബ് തൂങ്കുഴിയുടെ ബന്ധുക്കളും അന്തിമോപചാരമര്‍പ്പിച്ചു. 
   രണ്ടരമണിക്കൂര്‍ നീണ്ട പൊതുദര്‍ശനത്തിനും പ്രാര്‍ഥനകള്‍ക്കുംശേഷം ഭൗതികശരീരം കോട്ടുളിയിലെ ക്രിസ്തുദാസി സന്ന്യാസിനിസമൂഹത്തിന്റെ ഹോം ഓഫ് ലവ് ചാപ്പലിലെത്തിച്ചു. ഇവിടെ പ്രാര്‍ഥനാശുശ്രൂഷകള്‍ക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നേതൃത്വം നല്‍കി. സന്ന്യാസിനിസമൂഹത്തില്‍പ്പെട്ടവരും ബന്ധുക്കളും നാട്ടുകാരും അന്ത്യോപചാരമര്‍പ്പിച്ചശേഷം രാത്രി എട്ടുമണിയോടെ പ്രത്യേക കല്ലറയില്‍ കബറടക്കി.
    നേരത്തേ സംസ്‌കാരശുശ്രൂഷയുടെ രണ്ടും മൂന്നും ഭാഗങ്ങള്‍ തൃശൂരില്‍ നടന്നു. തൃശൂര്‍ ലൂര്‍ദ് കത്തീദ്രലില്‍ നടന്ന രണ്ടാംഘട്ട ശുശ്രൂഷയ്ക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും മൂന്നാംഘട്ട ശുശ്രൂഷയ്ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലും മുഖ്യകാര്‍മികത്വം വഹിച്ചു. ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഓര്‍മകള്‍ പങ്കുവച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് കത്തീദ്രല്‍ അങ്കണത്തിലെ സര്‍ക്കാരിന്റെ ഔദ്യോഗികബഹുമതികള്‍ക്കുശേഷമാണ് ഭൗതികശരീരം കോഴിക്കോട്ടെത്തിച്ചത്. സംസ്‌കാരശുശ്രൂഷയുടെ ആദ്യഭാഗം  ഞായറാഴ്ച തൃശൂര്‍ അതിരൂപതാമന്ദിരത്തില്‍ നടന്നിരുന്നു.
    മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്, താമരശ്ശേരി രൂപത ബിഷപ്, തൃശൂര്‍ അതിരൂപത ആര്‍ച്ചു ബിഷപ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച മാര്‍ ജേക്കബ് തൂങ്കുഴി 2007 ജനുവരി മുതല്‍ കാച്ചേരി സെന്റ് മേരീസ് മൈനര്‍ സെമിനാരിയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.
കോട്ടയം പാലാ വിളക്കുമാടം തൂങ്കുഴിയില്‍ കര്‍ഷകദമ്പതികളായ കുര്യന്റെയും റോസയുടെയും നാലാമത്തെ മകനായി 1930 ഡിസംബര്‍ 13 നായിരുന്നു ജനനം. കുടുംബം പിന്നീട് കോഴിക്കോട് തിരുവമ്പാടിയിലേക്കു കുടിയേറി. 1956 ലാണ് വൈദികപട്ടം സ്വീകരിച്ചത്. 1973 ല്‍ മാനന്തവാടി ബിഷപ്പായി അഭിഷിക്തനായി. 1995 ല്‍ താമരശ്ശേരി ബിഷപ്പും 1997 ല്‍ തൃശൂര്‍ ആര്‍ച്ച് ബിഷപ്പുമായി. 
   ജീവന്‍ ടിവിയുടെ സ്ഥാപകചെയര്‍മാനായ (1999-2007) അദ്ദേഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്യുന്ന ക്രിസ്തുദാസി സന്ന്യാസിനീസമൂഹത്തിന്റെയും പീച്ചി ആസ്ഥാനമായ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് ദ് വര്‍ക്കര്‍ ഭക്തസമൂഹത്തിന്റെയും സ്ഥാപകനാണ്. 2 തവണ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) വൈസ്പ്രസിഡന്റായി. മെത്രാഭിഷേകത്തിന്റെ 50 വര്‍ഷം പൂര്‍ത്തിയാക്കിയശേഷമാണു വിയോഗം. 
    സൗമ്യതയും ദയയും നിറഞ്ഞ പെരുമാറ്റത്തിലൂടെ, പ്രാര്‍ഥനാനിരതമായ ജീവിതത്തിലൂടെ സഭയുടെ ആത്മീയവളര്‍ച്ചയില്‍ അവിസ്മരണീയസംഭാവനകള്‍ നല്കിയ വലിയ ഇടയനായിരുന്നു തൂങ്കുഴിപ്പിതാവെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തന്റെ അനുശോചനക്കുറിപ്പില്‍ അഭിപ്രായപ്പെടുകയുണ്ടായി. ആത്മീയവും സാമൂഹികവുമായ ഇടപെടലുകളിലൂടെ ഉന്നതസഭാനേതാക്കളില്‍ ഒരാളായി മാറാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവെന്ന് ബിഷപ് പറഞ്ഞു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)